ന്യൂഡല്‍ഹി:കുറഞ്ഞ നിരക്കില്‍ കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ നയം.അതിനാല്‍ തന്നെ യുപിഎ സര്‍ക്കാരിന്‍റെ മാതൃകയില്‍ ദേശീയതലത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് പറഞ്ഞു. പകരം കാര്‍ഷികവായ്പയ്ക്കു പലിശ കുറയ്ക്കാന്‍ ശ്രമിക്കും. ജനിതകമാറ്റംവരുത്തിയ (ജിഎം) കടുകു കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ജിഎം വിളകളെപ്പറ്റി ആശങ്കയില്ലെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. വരള്‍ച്ചാദുരി തത്തിന് എന്‍ഡിആര്‍എഫ് ഫണ്ടില്‍ നിന്നു കേരളത്തിനുള്ള സഹായം കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയില്‍ ആണെന്നും അദ്ദേഹം അറിയിച്ചു. ഉത്തര്‍പ്രദേശിലെ പുതിയ സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആ മാതൃക പരിഗണിക്കുന്നില്ല.
യുപിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന്‍റെ ഭീമമായ തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്. അത്തരം നിര്‍ദേശങ്ങളൊന്നും കേന്ദ്രസര്‍ക്കാരിനില്ല: മന്ത്രി വിശദീകരിച്ചു.. കാര്‍ഷികോത്പാദനം കൂട്ടാന്‍ കര്‍ഷകരെ സഹായിക്കുകയാണു പരിപാടി. ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലേക്കു കൂടി കാര്‍ഷിക വായ്പ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നു. വെയര്‍ഹൗസുകളില്‍ ധാന്യം സൂക്ഷിക്കുന്നവര്‍ക്കു പ്രതിവര്‍ഷം രണ്ടു ശതമാനം പലിശയിളവു നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ചെറുകിട, ഇടത്തരം കര്‍ഷകരുടെ പ്രതിസന്ധിയെക്കുറിച്ചു മന്ത്രി വിശദീകരിച്ചില്ല.