പേരാമ്പ്ര: കൈവശഭൂമിയുടെ നികുതി അടയ്ക്കാന്‍ കഴിയാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാന്‍ ജനകീയ പ്രതിഷേധം മൂലം ഏറെ നേരം പോലീസിന് കഴിഞ്ഞില്ല. അതേസമയം വില്ലേജ് ഓഫിസർക്കും സസ്പെൻഷൻ. ചെമ്പനോട വില്ലേജ് ഓഫീസർ സണ്ണിക്കാണ് സസ്പെൻഷൻ. ആത്മഹത്യ ചെയ്ത ജോയിയുടെ കരം എടുക്കാത്തതിനാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റന്‍റ് സിലീഷിനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് ജില്ലാ കളക്ടർ യു.വി.ജോസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വില്ലേജ് ഓഫിസറോട് കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വില്ലേജ് ഓഫസർ നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഉച്ചയോടെ വില്ലേജ് ഓഫിസറേയും സസ്പെൻഡ് ചെയ്തത്.
പ്രക്ഷുബ്ധമായ രംഗങ്ങളാണ് ഇന്നലെ ചെമ്പനോട് വില്ലേജ് ഓഫീസ് പരിസരത്ത് അരങ്ങേറിയത്.ചെമ്പനോട വില്ലേജ് ഓഫീസിലെ ഗ്രില്ലിലാണ് കാവില്‍പുരയിടത്തില്‍ ജോയി എന്ന തോമസ് തൂങ്ങിമരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെയെങ്കിലും ജഡം അഴിക്കുവാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. വീട്ടില്‍ നിന്ന് ബൈക്കിലെത്തിയാണ് ഇദ്ദേഹം ആത്മഹത്യചെയ്തതെന്നാണ് നിഗമനം. ബൈക്ക് വില്ലേജ് ഓഫീസിന് പുറത്ത് കിടപ്പുണ്ടായിരുന്നു. ഇന്നലെ രാവിലെ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തിയിട്ടും മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. മൃതദേഹം കയര്‍പൊട്ടി നിലത്ത് വീണ നിലയിലായിരുന്നു.
ജില്ലാകലക്ടര്‍ യു.വി. ജോസ്, തഹസില്‍ദാര്‍ റംല എന്നിവര്‍ സ്ഥലത്തെത്തി. നാട്ടുകാര്‍ ഉന്നയിച്ച നാല് ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിന് ശേഷമാണ് പ്രതിഷേധം അടങ്ങിയത്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണം, കുടുംബത്തിന്റെ കടബാധ്യത എഴുതിതള്ളണം, ആശ്രിതര്‍ക്ക് ജോലി നല്‍കണം, നികുതി സ്വീകരിക്കണം എന്നിവയായിരുന്നു നാട്ടുകാരുടെ ആവശ്യം. ജില്ലാ കലക്ടര്‍ യു.വി. ജോസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന് ഉത്തരവിടുകയും നികുതി സ്വീകരിക്കാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
സസ്‌പെന്റ് ചെയ്യപ്പെട്ട സിലീഷ് തോമസ് കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ചെമ്പനോട വില്ലേജ് ഓഫീസില്‍ ചാര്‍ജ്ജെടുത്തത്. ജോയിയുടെ നികുതി അടക്കാന്‍ പറ്റാത്ത പ്രശ്‌നം മുന്‍ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ജില്ലാകലക്ടറുടെയും മുന്നില്‍ ഉന്നയിച്ചിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണന്റെ മണ്ഡലത്തിലാണ് കര്‍ഷകര്‍ ആത്മഹത്യചെയ്യേണ്ടിവന്നത്. നേരത്തെ ഈ പ്രശ്‌നം ജോയി ഉന്നയിച്ചിരുന്നതും തഹസില്‍ദാര്‍ ഇടപെട്ട് നികുതി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
റീസര്‍വെയുമായി ബന്ധപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി സമ്മതിക്കുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. മാസങ്ങള്‍ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയതിന് ശേഷമാണ് മനംമടുത്ത കര്‍ഷകന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതും ശ്രദ്ധിക്കപ്പെടാതെ പോയപ്പോഴാണ് കര്‍ഷകന്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്.പെരുവണ്ണാമൂഴി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചു. വീടിന് സമീപത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം രാത്രി 7.30 ഓടെ ചെമ്പനോട സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. പരേതനോടുള്ള ആദരസൂചകമായി ചക്കിട്ടപ്പാറയില്‍ ആചരിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഭൂനികുതി സ്വീകരിക്കാന്‍ വില്ലേജ് അസിസ്റ്റന്റ് ജോയിയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ജോയിയുടെ സഹോദരന്റെ പരാതിയിലാണ് സസ്‌പെന്‍ഷന്‍.ജോയിയുടെ കുടംബത്തിന് നികുതി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാക്കി. നഷ്ടപരിഹാരം അടക്കമുളള ജോയിയുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും കലക്ടര്‍ അറിയിച്ചു.