ന്യൂഡല്‍ഹി: പരാജയ സാധ്യത ചൂണ്ടികാട്ടുന്ന കെസി ജോസഫുള്‍പ്പെടെ നാല് പേര്‍ മാറിനില്‍ക്കണമെന്ന കര്‍ശന നിലപാടില്‍ വിഎം സുധീരന്‍. വിജയമാനദണ്ഡം മാത്രമാകണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രധാനമാക്കേണ്ടതെന്നും മറ്റുള്ള കാര്യങ്ങള്‍ മുഖവിലക്കെടുക്കേണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെയും മറ്റ് ഗ്രൂപ്പുകാരുടെയും നിലപാടിനെതിരെ ശക്തമായ നിലപാടാണ് സുധീരന്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തര്‍ അടക്കമുള്ള അഞ്ച് സിറ്റിങ് എംഎല്‍എമാരെ മാറ്റണമെന്ന ആവശ്യത്തില്‍ സുധീരന്‍ ഉറച്ചു നിന്നതോടെ ഉമ്മന്‍ ചാണ്ടി എതിര്‍ അഭിപ്രായവുമായി രംഗത്തെത്തി. യാതൊരു കാരണവശാലും സിറ്റിങ് എംഎല്‍എമാരെ മാറ്റാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. തുടര്‍ന്ന് എഐസിസി സ്‌ക്രീനിങ് കമ്മിറ്റിയില്‍ അഞ്ച് സീറ്റുകളെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തൃപ്പൂണിത്തുറ, തൃക്കാക്കര, ഇരിക്കൂര്‍, കോന്നി, പാറശ്ശാല സീറ്റുകളിലാണ് തര്‍ക്കം തുടരുന്നത്. അഞ്ചിടത്തും പുതിയ സ്ഥാനാര്‍ത്ഥികളെ വി എം സുധീരന്‍ നിര്‍ദേശിച്ചു. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനു പകരം എന്‍.വേണുഗോപാലും തൃക്കാക്കരയില്‍ ബെന്നി ബെഹന്നാനുപകരം പി.ടി.തോമസും കോന്നിയില്‍ അടൂര്‍ പ്രകാശിനുപകരം പി.മോഹന്‍രാജും ഇരിക്കൂറില്‍ കെ.സി.ജോസഫിനുപകരം സതീശന്‍ പാച്ചേനിയേയുമാണ് സുധീരന്‍ നിര്‍ദേശിച്ചത്. പാറശ്ശാലയില്‍ മര്യാപുരം ശ്രീകുമാറും നെയ്യാറ്റിന്‍കര സനലുമാണ് പരിഗണനയില്‍ ഉണ്ടായിരിക്കുന്നത്.
എന്നാല്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു നേതാക്കളും ഹൈക്കമാന്‍ഡിനെ അറിയിച്ചു. തുടര്‍ന്ന് എ,ഐ ഗ്രൂപ്പുകള്‍ ഡല്‍ഹിയില്‍ പ്രത്യേകം യോഗം ചേര്‍ന്നു. സുധീരന്റെ നിലപാടിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും ഹൈക്കമാന്‍ഡില്‍ കൂടുതല്‍ പരാതി ഉന്നയിക്കാനുമാണ് ഇവരുടെ നീക്കം. തര്‍ക്കമുള്ള സീറ്റുകളിലെ തീരുമാനം ഇനി ഹൈക്കമാന്‍ഡ് കൈക്കൊള്ളും. അതിനിടെ ഇന്നത്തെ ഹൈക്കമാന്‍ഡുമായി സംസ്ഥാന നേതാക്കള്‍ നടത്തിയ സ്‌ക്രീനിങ് കമ്മിറ്റിയില്‍ 40 സീറ്റുകളില്‍ തീരുമാനമായിട്ടുണ്ട്. മുപ്പത് സിറ്റിങ് സീറ്റുകളിലടക്കമാണ് തീരുമാനമായത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരമാനദണ്ഡം വേണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദ്ദേശം കേരളത്തിലെ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ തള്ളിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കാന്‍ പൊതുമാനദണ്ഡം വേണ്ടെന്ന് ധാരണയായി. വിജയസാധ്യത മാത്രമായിരിക്കും പരിഗണിക്കുക. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാമുഖ്യം നല്‍കണമെന്ന എഐസിസി മാനദണ്ഡം പരിഗണിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.
കോണ്‍ഗ്രസ് സാധ്യതാപ്പട്ടിക: ഉമ്മന്‍ ചാണ്ടി (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), കെ.സുധാകരന്‍ (ഉദുമ), മമ്പറം ദിവാകരന്‍ (ധര്‍മടം), ഐ.സി.ബാലകൃഷ്ണന്‍ (ബത്തേരി), കെ.സി.അബു, ടി.സിദ്ദിഖ് (കുന്നമംഗലം), എ.അച്യുതന്‍, സുമേഷ് അച്യുതന്‍ (ചിറ്റൂര്‍), കെ.പി.ധനപാലന്‍, ടി.എന്‍.പ്രതാപന്‍ (കൊടുങ്ങല്ലൂര്‍), എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രന്‍ (കണ്ണൂര്‍), കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), എം.എ വാഹിദ് (കഴക്കൂട്ടം), സി.പി മുഹമ്മദ് (പട്ടാമ്പി), കെ.ശിവദാസന്‍ നായര്‍ (ആറന്മുള), ഹൈബി ഈഡന്‍ (എറണാകുളം), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), അന്‍വര്‍ സാദത്ത് (ആലുവ), ഷാഫി പറമ്പില്‍ (പാലക്കാട്), വി.ടി ബല്‍റാം (തൃത്താല), ജഗദീഷ് (പത്തനാപുരം)
തൃശൂരില്‍ പത്മജ വേണുഗോപാലടക്കം മൂന്നുപേരെയാണ് പരിഗണിക്കുന്നത്. അതേസമയം, നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദ് മല്‍സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. തര്‍ക്കമുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയ്യാറാക്കി അത് കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിടും. ഇത് വെള്ളിയാഴ്ച സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നും പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കണമെന്നും എഐസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.