തിരുവനന്തപുരം :കേരളത്തിലെ പാർട്ടി പുനഃസംഘടനയിൽ ഹൈക്കമാൻഡ് പിടിമുറുക്കുന്നു.ഗ്രൂപ്പ് വീതം വെപ്പിലൂടെ മാത്രം പുനഃസംഘടന നടത്താണ് രാഹുൽ ഗാന്ധി തയ്യാറാവില്ല .കഴിവും പ്രവർത്തനമികവും മാത്രമായിരിക്കും മാനദണ്ഡം .ഓരോ ഗ്രൂപ്പ് നേതാവിനും നാലുപേരെ നിർദേശിക്കാം എന്നുള്ള നിർദേശം മാത്രം കൊടുക്കും .ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കാനും കേരളത്തിൽ ഗ്രൂപ്പ് ഇല്ലാതാക്കാനുമുള്ള ശക്തമായ നീക്കമാണ് രാഹുൽ ഗാന്ധി നടപ്പിൽ വരുത്തുവാൻ പോകുന്നത് .ഗ്രൂപ്പ് നേതാവ് നിർദേശിക്കുന്ന ആളിന്റെ പേര് ഹൈക്കമാൻഡ് വിലയിരുത്തിയതിനുശേഷം സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യും .40 അംഗ കമ്മറ്റിയാണ് ഫലത്തിൽ നടപ്പിൽ വരുത്താൻ പോകുന്നത് .രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ മുല്ലപ്പള്ളി രാമചന്ദ്രന് പൂർണ്ണ പിന്തുണയും ഹൈക്കമാൻഡ് നൽകും. കോൺഗ്രസിന്റെ ദുർബലമായ സംഘടനാ സംവിധാനം പരിശോധിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിനു സജ്ജമാക്കാൻ ഹൈക്കമാൻഡ് ശക്തമായ ഇടപെതാൾ നടത്തും. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് 14 ജില്ലകളിലുമെത്തും. കെപിസിസി അഴിച്ചുപണിയുമായി മുന്നോട്ടുപോകാനും പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു ഹൈക്കമാൻഡ് അനുമതി നൽകി.
ജനുവരി അവസാനം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പങ്കെടുക്കുന്ന കൊച്ചി റാലിക്കു മുന്നോടിയായിട്ടായിരിക്കും വാസ്നിക്കിന്റെ പര്യടനം. ഓരോ ജില്ലയിലും ഓരോ ദിവസം ചെലവഴിച്ചു സ്ഥിതി നേരിട്ടു മനസ്സിലാക്കണമെന്ന നിർദേശമാണു സംസ്ഥാന നേതൃത്വം സമർപ്പിച്ചത്. മുല്ലപ്പള്ളിയും വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും വാസ്നിക് ഉൾപ്പെടെക്കമുള്ള കേന്ദ്രനേതാക്കളുമായി ഇക്കഴിഞ്ഞദിവസങ്ങളിൽ ചർച്ച നടത്തി.
എല്ലാ ജില്ലകളിലും താരതമ്യനേ യുവനേതൃത്വമാണു ഡിസിസി തലപ്പത്തുള്ളതെങ്കിലും ഭാരവാഹിപ്പട്ടികയെക്കുറിച്ച് ആർക്കും മതിപ്പില്ല. ജംബോ പട്ടികയായതിനാൽ ഉത്തരവാദിത്വമേറ്റെടുത്തു പ്രവർത്തിക്കാൻ പലരും താൽപര്യം കാട്ടുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ഇതിൽ എന്തുമാറ്റം വരുത്താൻ കഴിയുമെന്ന അവലോകനത്തിനായാണ് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെത്തുന്നത്. തിരഞ്ഞെടുപ്പു മേൽനോട്ടത്തിനായി മാത്രം ജില്ലാ ഉപസമിതിയെന്ന നിർദേശം പരിഗണനയിലുണ്ട്.
കെപിസിസിക്കു പൂർണമായി പുതിയ ടീമെന്ന ആശയമാണു പുതിയ നേതൃത്വത്തിന്റേത്. ഒതുക്കമുള്ള, കാര്യക്ഷമമായ ഭാരവാഹിപ്പട്ടികയെന്ന നിർദേശവും അവർ കേന്ദ്രനേതൃത്വത്തിനു മുന്നിൽ വച്ചു. നിലവിലുളള ഭാരവാഹികളിൽ സജീവമായി പ്രവർത്തിക്കുന്നവരെ നിലനിർത്തണമെന്ന അഭിപ്രായമുണ്ടെങ്കിലും അതാരൊക്കെയെന്നതു തർക്കത്തിനു വഴിവയ്ക്കുമെന്ന ശങ്കയുണ്ട്. 20 ൽ താഴെ ജനറൽസെക്രട്ടറിമാരും 25–30 സെക്രട്ടറിമാരുമെന്ന നിർദേശമാണു പരിഗണനയിൽ. ഇതിൽ ഭൂരിപക്ഷം എ–ഐ വിഭാഗങ്ങൾ തുല്യമായി പങ്കുവയ്ക്കുക, അവശേഷിക്കുന്നതിൽ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം എന്ന ഫോർമുലയാണുള്ളത്.നിലവിലുള്ളവരെ മാറ്റുന്നതിന്റെ എതിർപ്പും പുതുതായി പത്തിൽ താഴെപേരെ നിർദ്ദേശിക്കേണ്ടിവരുന്നതുണ്ടാക്കുന്ന പ്രതിസന്ധിയുമാണ് ഗ്രൂപ്പുകളെ അലട്ടുന്നത്. എന്നാൽ നിലവിലുള്ള ടീമിനെ വച്ചു തിരഞ്ഞെടുപ്പിനു ഫലപ്രദമായി തയാറെടുക്കാൻ കഴിയില്ലെന്ന യാഥാർഥ്യം ഇരുവിഭാഗവും ഉൾക്കൊള്ളുന്നു.