സാഹസികതയുടെ ആള്‍രൂപമായി ഒരു മനുഷ്യന്‍. 4000 മണിക്കൂര്‍ യുദ്ധവിമാനം പറത്തിയ, ഗ്‌ളൈഡറില്‍ ഒമ്പത് കരണം മറിച്ചില്‍ നടത്തി റെക്കാഡ് കുറിച്ച, മിഗ് വിമാനം തകര്‍ന്നിട്ടും രക്ഷപ്പെട്ട, സാഹസികതയുടെ ആകാശഗംഗ തീര്‍ത്ത വിംഗ് കമാന്‍ഡര്‍ (റിട്ട.) എസ്.കെ. ജനാര്‍ദ്ദനന്‍ നായര്‍ 73ാം വയസിലും പുത്തനതിരുകള്‍ തേടുകയാണ്.
സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തില്‍ അരുണാചലിലെ മഞ്ചുകയില്‍ അടുത്തിടെ ഗ്‌ളൈഡറിറക്കി വീണ്ടും എസ്.കെ.ജെ ഹീറോ ആയി. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിന് മഞ്ചുകയില്‍ ചെറുവിമാനങ്ങളിറക്കാനാവുമോ എന്നറിയാന്‍ അരുണാചല്‍ സര്‍ക്കാര്‍ കൊണ്ടുപോയതായിരുന്നു അദ്ദേഹത്തെ.
ബാലരാമപുരം റസല്‍പുരത്തുകാരനായ എസ്.കെ.ജെ. നായര്‍ 1966 ഒക്ടോബറിലാണ് പൈലറ്റ് ഓഫീസറായത്. 1971 ഡിസംബറിലെ ബംഗ്‌ളാദേശ് യുദ്ധത്തില്‍ ഹണ്ടര്‍, മിഗ് 21 ഫൈറ്ററുകളില്‍ 26 തവണയാണ് ശത്രുകേന്ദ്രങ്ങളിലേക്ക് പറന്നത്. 16 തവണ ആക്രമണത്തിന് നേതൃത്വമേകി. രണ്ടുതവണ ഢാക്കയ്ക്ക് പറന്നു. ഏരിയല്‍ ഫോട്ടോ എടുക്കാന്‍ ഡിസംബര്‍ 4ന് രാവിലെ 8. 05 നായിരുന്നു ആദ്യം. സ്‌ക്വാഡ്രണ്‍ ലീഡര്‍ സാമന്ത മറ്റൊരു ഹണ്ടറില്‍. എന്നാല്‍, ഉച്ചയ്ക്ക് ഒരു റെയ്ഡിനിടെ പീരങ്കി വെടിയേറ്റ് സാമന്ത വീരമൃത്യു വരിച്ചു. പാക് പട്ടാളം ക്യാമ്പാക്കിയിരുന്ന ഢാക്ക യൂണിവേഴ്‌സിറ്റി കെട്ടിടം വിംഗ് കമാന്‍ഡര്‍ എസ്.കെ. കൗളും എസ്.കെ.ജെയും ചേര്‍ന്ന് പിന്നീട് മിസൈലുപയോഗിച്ച് തകര്‍ത്തു.
1986 88 വരെ എസ്.കെ.ജെ ഇറാക്കി പൈലറ്റുമാരുടെ പരിശീലകനായിരുന്നു. മിഗായിരുന്നു അവിടെയും ഇഷ്ടം. മിഗും അതിന്റെ വേരിയന്റുകളും 2200 മണിക്കൂര്‍ പറത്തി. ഒരിക്കലേ മിഗ് 21 ചതിച്ചിട്ടുള്ളൂ. 1978 മാര്‍ച്ച് 9ന് അസാമിലെ തെസ്പൂരില്‍ വച്ചായിരുന്നു. ഒരു ഫോര്‍മേഷന്‍ ലീഡു ചെയ്യവേ എന്‍ജിന്‍ നിലച്ചു. പാരച്യൂട്ടില്‍ ചാടി രക്ഷപ്പെട്ടു. ഹണ്ടര്‍, മിറാഷ് 200, ജാഗ്വാര്‍, വാമ്പയര്‍ ജെറ്റുകളും പറത്തി. 300 മണിക്കൂര്‍ ഹെലികോപ്ടര്‍ പറത്തി.
ഏതു കാലാവസ്ഥയിലും പറത്താനുള്ള അനുവാദമായ മാസ്റ്റര്‍ ഗ്രീന്‍ റേറ്റിംഗ്, സുരക്ഷിതമായി ഏറ്റവും കൂടുതല്‍ നേരം വിമാനം പറത്തിയതിനുള്ള സൂപ്പര്‍ലേറ്റിവ് ഫ്‌ളൈയിംഗ് എഫിഷ്യന്‍സി ബാഡ്ജ് എന്നിവ നേടി. പൈലറ്റുമാരെ ആക്രമണം പഠിപ്പിക്കാനുള്ള ഫൈറ്റര്‍ കോംബാറ്റ് കോഴ്‌സും പാസായി. 1984ല്‍ ശംഖുംമുഖത്ത് നടന്ന എയര്‍ ഷോയിലാണ് ഗ്‌ളൈഡറില്‍ 9 തവണ കുട്ടിക്കരണം മറിച്ചത്. സേനപോലും തുടര്‍ച്ചയായി മൂന്ന് സമര്‍സോള്‍ട്ടേ അനുവദിക്കൂ. 1994 ഏപ്രിലില്‍ എസ്.കെ.ജെ വിരമിച്ചു.