ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് 777300 വിമാനം വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്. ക്യാപ്റ്റന്‍ രസ്തം പാലിയയുടെ മനസാന്നിധ്യം ഒന്നു കൊണ്ടു മാത്രമാണ് വിമാനം അപകടാവസ്ഥ തരണം ചെയ്തത്. വിമാനത്തില്‍ 370 യാത്രക്കാരാണുണ്ടായിരുന്നത് സെപ്റ്റംബര്‍ 11 നാണ് സംഭവം നടന്നത്. വിമാനം പ്രതികൂല കാലാവസ്ഥയില്‍ പെട്ട് ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങള്‍ തകരാറിലായതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഇറങ്ങാന്‍ സാധിക്കാതെ വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി.
ലാന്‍ഡിങ്ങിന് കഴിയാതെ 38 മിനിറ്റാണ് വിമാനം വിമാനത്താവളത്തിന് മുകളില്‍ പറന്നത്. വിമാനത്തില്‍ ഇന്ധനം കുറവായതിനാല്‍ അധികനേരം ഇത്തരത്തില്‍ തുടരാനും കഴിയുമായിരുന്നില്ല. തുടര്‍ന്ന് വിമാനത്തിലെ ക്യാപ്റ്റന്‍ രസ്തം പാലിയ ന്യൂയോര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലാന്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചു. അല്‍ബാനി, ബോസ്റ്റന്‍, ബ്രാഡ്‌ലി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കു പറക്കാനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നില്ല.
ഒടുവില്‍ നെവാര്‍ക്കില്‍ ഇറക്കാനായി ശ്രമം. ആകാശം മേഘാവൃതമായിരുന്നതിനാല്‍ റണ്‍വേ കാണാന്‍ 400 അടിയിലേക്കു വിമാനം താഴ്ത്തി പറപ്പിക്കേണ്ടിവന്നു. ബോയിങ് വിമാനം ഇത്തരത്തില്‍ താഴ്ത്തി പറപ്പിക്കാറില്ല. എന്നാല്‍ മനുഷ്യസാധ്യമായ കണക്കുകൂട്ടലുകളുടെയും കൃത്യമായ മനസാന്നിധ്യത്തിന്റെയും പിന്‍ബലത്തില്‍ തകരാറുണ്ടായി 38 മിനിറ്റിനു ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ ക്യാപ്റ്റനു സാധിച്ചു. എയര്‍ ഇന്ത്യ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചില്ല.