തിരുവനന്തപുരം: താന്‍ ആവശ്യപ്പെട്ട വനിതാ പൈലറ്റിനെ സഹായിയായി കിട്ടാത്തതിന്റെ പേരില്‍ എയര്‍ ഇന്ത്യ പൈലറ്റ് 110 യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ചത് രണ്ടരമണിക്കൂര്‍. തിരുവനന്തപുരത്തുനിന്ന് ചെന്നൈ വഴി മാലെദ്വീപിലേക്ക് പുറപ്പെടേണ്ട യാത്രക്കാരാണ് പൈലറ്റിന് ഉദ്ദേശിച്ച കൂട്ടുകാരിയെ കിട്ടാത്തതിനാല്‍ വിമാനത്തിനുള്ളില്‍ കുത്തിയിരിക്കേണ്ടിവന്നത്.
ബുധനാഴ്ചയാണ് സംഭവം. കോപൈലറ്റ് താന്‍ ഉദ്ദേശിച്ച യുവതിയല്ലെന്ന് മനസ്സിലാക്കിയ പൈലറ്റ് തനിക്ക് രക്തസമ്മര്‍ദം ഉയര്‍ന്നുവെന്ന് പരാതിപ്പെടുകയായിരുന്നു. ചൊവ്വാഴ്ച തന്നെ തനിക്കൊപ്പം താന്‍ നിര്‍ദ്ദേശിക്കുന്ന വനിതാ പൈലറ്റുതന്നെ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലഭിച്ചിരിക്കുന്നത് വേറെ കോപൈലറ്റ് ആണെന്ന് കണ്ടതോടെയാണ് പൈലറ്റ് ഉടക്കിയ്.
പൈലറ്റ് ഉദ്ദേശിച്ച വനിതാ പൈലറ്റിനെ ഡല്‍ഹി യാത്രയ്ക്ക് നിയോഗിച്ചതായി അറിയിച്ചെങ്കിലും പൈലറ്റ് വഴങ്ങിയില്ല. ആ വനിതയെ കിട്ടിയില്ലെങ്കില്‍ താന്‍ സിക്ക് ലീവില്‍ പ്രവേശിക്കുമെന്നും ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച ലീവ് എടുത്തെങ്കിലും ബുധനാഴ്ച രാവിലെ ജോലിയില്‍ പ്രവേശിച്ച ഇയാള്‍ വീണ്ടും അതേ വനിതാ പൈലറ്റിനെത്തന്നെ സഹായിയായി ആവശ്യപ്പെട്ടു.
രാവിലെ ഏഴുമണിക്ക് പോകേണ്ട വിമാനം ഇതിനകം ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി യാത്രക്കാരെ കയറ്റിയിരുന്നു. ഒടുവില്‍ തനിക്കിഷ്ടപ്പെട്ട വനിതാ പൈലറ്റിനെ കൂടെയിരിക്കാന്‍ കിട്ടിയതോടെയാണ് ഇയാള്‍ വിമാനം പറത്താന്‍ തയ്യാറായത്. അപ്പോഴേക്കും സമയം ഒമ്പതുമണി പിന്നിട്ടിരുന്നു.