തിരുവനന്തപുരം: കിംസ് ആശുപത്രി മുതലാളിയുടെ ട്രാവന്‍ഏജന്‍സി ലക്ഷങ്ങള്‍ കുടിശ്ശിക വരുത്തിയാലും പിരിച്ചെടുക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും താല്‍പ്പര്യമില്ല. കിംസ് ഡയറക്ടര്‍ ഇഎം നജീബിന്റെ ഉടമസ്ഥതയിലുള്ള
എയര്‍ട്രാവല്‍സ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനമാണ് 25 ലക്ഷത്തോളം രൂപ തിരുവനന്തപുരം നഗരസഭയ്ക്ക് നല്‍കാനുള്ളത്. ഈ രുപ പിരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇടതുപക്ഷവും ബിജെപിയും ഒക്ക ഒറ്റക്കെട്ടാണെന്നതാണ് രസകരം.
പാളയത്ത് നഗരസഭയുടെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന് 2010 മാര്‍ച്ച് 31ന് കൈവശ കാലാവധി അവസാനിച്ചിരുന്നു. നഗരസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലപരിധി അനുഭവപ്പെട്ടതിനാല്‍ 2010 ജൂണ്‍ 29ന് ചേര്‍ന്ന വകുപ്പുമേധാവികളുടെ യോഗത്തില്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കിംസ് ഗ്രൂപ്പിന്റെ സ്ഥാപനത്തിനുമാത്രം ഒരു കുലുക്കവുമുണ്ടായില്ല. ഈ കെട്ടിടത്തില്‍തന്നെ തുടരുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ എം നജീബ് നല്‍കിയ അപേക്ഷ നിരസിക്കാന്‍ നഗരസഭ ഭരിക്കുന്ന എല്‍ഡിഎഫിന് കഴിഞ്ഞില്ല. ആറുമാസംകൂടി കാലാവധി നീട്ടി നല്‍കി.
എന്നിട്ടും മറ്റ് കമ്പനികളേയും കൂട്ടി ഇ എം നജീബ് മുന്‍സിഫ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2012 സെപ്റ്റംബര്‍ 20ന് മേയര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍നിന്ന് മാറാമെന്ന് കമ്പനി ഉറപ്പ് നല്‍കുകയും, പകരം തുറമുഖ വകുപ്പിന് നഗരസഭ നല്‍കിയിരിക്കുന്ന സ്ഥലം ഒഴിയുമ്പോള്‍ തങ്ങള്‍ക്ക് അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടതോടെ ‘ഉദാരമനസ്‌കരായ’ ഭരണാധികാരികള്‍ കേസ് പിന്‍വലിക്കുകയും പിഡബ്ല്യുഡി നിരക്കില്‍ രണ്ടുവര്‍ഷത്തേയ്ക്ക് പുതിയ കെട്ടിടത്തില്‍ ഇടം അനുവദിക്കുകയും ചെയ്തു.
രണ്ടുവര്‍ഷം ചോദിച്ച കമ്പനിക്ക് നാലുവര്‍ഷം അനുവദിച്ച് വീണ്ടും നഗരസഭാ ഭരണാധികാരികള്‍ ‘വലിയ മനസ്’ കാണിച്ചു. 2016 മാര്‍ച്ച് 31വരെ പിഡബ്ല്യുഡി നിരക്കില്‍ കമ്പനിക്ക് കെട്ടിടത്തില്‍ തുടരാന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലെ അജണ്ടയില്‍ സൂചിപ്പിക്കുന്നുണ്ട്. പഴയനിരക്കിലുള്ള വാടക കുടിശിക 25 ലക്ഷത്തോളം രൂപ ഉടന്‍ നല്‍കണമെന്ന് നഗരസഭ പലതവണ ആവശ്യപ്പെട്ടിട്ടും കമ്പനി നല്‍കിയിട്ടില്ല.
കമ്പനി ആവശ്യപ്പെട്ടതുകൊണ്ടാണ് പിഡബ്ല്യുഡി നിരക്കില്‍ വാടക പരിഷ്‌കരിച്ച് നല്‍കിയത്. എന്നാല്‍ പിഡബ്ല്യുഡി നിരക്ക് കൂടുതലാണെന്ന വാദവുമായി നഗരസഭയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് കമ്പനിയിപ്പോള്‍ ചെയ്തിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെ വാടക ഈടാക്കുന്നത് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ സ്വീകരിച്ച ഉദാരമനസ്‌കത ഇക്കാര്യത്തിലും നഗരസഭ സ്വീകരിക്കുമെന്നുതന്നെയാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ.
നഗരസഭയുടെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റുസ്ഥാപനങ്ങള്‍ പിഡബ്ല്യുഡി നിരക്കിലുള്ള വാടക നല്‍കുമ്പോള്‍ വന്‍കിട കമ്പനിയായ എയര്‍ കേരള എന്റര്‍പ്രൈസസിനുമാത്രം പ്രത്യേക ഇളവ് നല്‍കി ഇത്രയുംകാലം സഹായിച്ചതിലൂടെ ഇടത്, വലത് പാര്‍ട്ടികളുടെ ഒത്തുകളിയാണ് തെളിയിക്കുന്നത്. വാടക കുടിശിക വരുത്തുന്ന പെട്ടിക്കടകളെപ്പോലും നോട്ടീസ് നല്‍കി ഒഴിപ്പിക്കുമ്പോഴാണ് കിംസ് മുതലാളിയുടെ സ്ഥാപനത്തിന് മാത്രം ഇളവ് നല്‍കുന്നതെന്നാണ് ആക്ഷേപം