എയര്‍ഇന്ത്യ വിമാനത്തില്‍ ഗവര്‍ണറെ കയറ്റിയില്ല; വിമാനത്താവളത്തില്‍ ഗവര്‍ണര്‍ക്കു കാത്തു നില്‍ക്കേണ്ടി വന്നത് ഒരു മണിക്കൂറിലേറെ

കൊച്ചി: കേരള ഗവര്‍ണര്‍ പി സദാശിവത്തെ എയര്‍ഇന്ത്യ വിമാനത്തില്‍ കയറ്റിയില്ല. വിമാനത്തില്‍ യാത്രക്കാര്‍ പ്രവേശിക്കേണ്ട സമയം കഴിഞ്ഞു എന്ന് ആരോപിച്ച് പൈലറ്റാണ് ഗവര്‍ണറെ വിമാനത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതിരുന്നത്. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു സംഭവം.
അതേസമയം ഗവര്‍ണര്‍ എത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തി തിരുവനന്തപുരത്തേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ എ.എല്‍ 048 വിമാനത്തിലാണ് സംഭവം.
രാത്രി പത്തേമുക്കാലോടെയാണ് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ പത്ത് നാല്‍പതിന് തലസ്ഥാനത്തേക്ക് പോകുന്നതിനായി നെടുമ്പാശേരിയിലെത്തിയ ഗവര്‍ണര്‍ പി സദാശിവത്തെ വിമാനത്തില്‍ കയറ്റാന്‍ പെലറ്റ് അനുവദിച്ചില്ല. സമയം കഴിഞ്ഞതിനാല്‍ കാത്തിരിക്കാനാകില്ലെന്നും പുറപ്പെടുകയാണെന്നും അറിയിച്ച് പൈലറ്റ് വാതിലടയ്ക്കാന്‍ നിര്‍ദേശിച്ചു.
9.10ന് ഡല്‍ഹിയില്‍നിന്നെത്തി 9.50 ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനം ഇന്നലെ വൈകിയാണ് എത്തിയത്. വിമാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഗവര്‍ണര്‍ ഏറെ നേരം കാത്തുനിന്നു. ഒടുവില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ അടക്കമുളളവര്‍ ഇടപെട്ട് രാത്രി 12.30 യോടെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍ക്ക് മുറി തരപ്പെടുത്തി.

Top