സ്വന്തം ലേഖകൻ
കൊച്ചി: വിദേശ രാജ്യങ്ങളിൽ ചോര നീരാക്കി സമ്പാദിച്ചുകൊണ്ടു വരുന്ന പ്രവാസികളുടെ പണം എയർപോർട്ടിൽ നിന്നു തന്നെ ബാങ്കുകൾ കൊള്ളയടിക്കുന്നു. മണി എക്‌സ്‌ചേഞ്ചിന്റെ പേരിലാണ് രാജ്യത്തെ ഏറ്റവും വലിയ പണക്കൊള്ള ഇപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം എത്തിയ പ്രവാസികളോട് എല്ലാ വിദേശ നാണ്യത്തിനും 100 മുതൽ 150 കറൻസി വരെയുണ്ടെങ്കിൽ മാത്രമേ എക്‌സ്‌ചേഞ്ച് നടത്തൂ എന്നായിരുന്നു ഫെഡറൽ ബാങ്കിന്റെയും, എസ്ബിഐയുടെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ നിർദേശം. മാർക്കറ്റ് നിരക്കിൽ നിന്നും അഞ്ചു മുതൽ പത്തു രൂപ വരെ കുറഞ്ഞാണ് ഇവർ പണം കൈമാറ്റം ചെയ്തിരുന്നതും.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രവാസിയായ മലയാളികൾക്കെല്ലാം അധികൃതരുടെ കൊള്ളയടിയ്ക്ക് ഇരയാകേണ്ടി വന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ ദിർഹം മാറാൻ എത്തിയവരോടെയാിരുന്നു ഏറ്റവും ക്രൂരത കാട്ടിയത്. 100 ദിർഹവുമായി ഫെഡറൽ ബാങ്കിന്റെ കൗണ്ടറിൽ എത്തിയവരോടു 150 ദിർഹമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പണം മാറി നൽകൂ എന്നായിരുന്നു അധികൃതരുടെ നിലപാട്. നാൽപ്പതു മിനിറ്റോളം കൗണ്ടറിനു മുന്നിൽ ക്യൂ നിന്ന ശേഷം എത്തിയപ്പോഴാണ് 150 ദിർഹമെങ്കിലും മിനിമം ഉണ്ടെങ്കിലേ പണം നൽകാനാവൂ എന്ന നിലപാട് അധികൃതർ എടുത്തത്. വിപണിയിൽ 18.47 രൂപയുണ്ടായിരുന്ന ദിർഹത്തിനു 16 രൂപ മാത്രം നൽകൂ എന്നും അധികൃതർ നിലപാട് എടുത്തു. മറ്റു മാർഗങ്ങളൊന്നുമില്ലാതെ വ്ന്നതോടെ പ്രവാസികൾക്കു കിട്ടുന്ന തുക സ്വീകരിക്കേണ്ട അവസ്ഥ എത്തി.
67 രൂപയുണ്ടായിരുന്ന യുഎസ് ഡോളറിനു 60 രൂപ മാത്രമാണ് എയർപോർട്ടിൽ നിന്നും അനുവദിച്ചത്. ഇത്തരത്തിൽ വൻ തോതിൽ പ്രവാസികളെ കൊള്ളയടിക്കുന്ന സമീപമായിരുന്നു അധികൃതർ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ പലർക്കും സാധിച്ചില്ല. കയ്യിൽ പണമില്ലാത്തതിനാൽ എയർപോർട്ടിൽ നിന്നു ഇന്ത്യൻ രൂപ സ്വന്തമാക്കാൻ മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് ഇവർ ഇത്തരം കമ്പനികളുടെ കൊള്ളയ്ക്കു വിധേയരാവേണ്ടി വന്നത്. രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് പരിഷ്‌കാരത്തിന്റെ പേരിലാണ് ഇപ്പോൾ നടപടികൾ ബാങ്ക് അധികൃതരും സ്വീകരിക്കുന്നത്.