അവന്‍ എന്നെ പറ്റിച്ചുകടന്നുകളഞ്ഞു, ഇപ്പോള്‍ നഷ്ടം തോന്നുന്നുണ്ടായിരിക്കാം; പഴയ പ്രണയത്തിന്റെ ഓര്‍മകള്‍ പുതുക്കി ഐശ്വര്യ

ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളത്തിലും തിളങ്ങിയ ഐശ്വര്യ രാജേഷ് തമിഴിലെ തിരക്കുള്ള താരമാണ്. ധ്രുവനച്ചിത്തിരവും സെക്ക സിവന്ത വാനവും പോലെ കൈ നിറയെ വമ്പന്‍ ചിത്രങ്ങളുണ്ട് ഇപ്പോള്‍ ഐശ്വര്യയ്ക്ക്. സ്വാഭാവികമായും ഐശ്വര്യയെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്ക് ജീവന്‍വയ്ക്കാനുള്ള സമയവും കഴിഞ്ഞു. എന്നാല്‍, ഒന്നല്ല തനിക്ക് രണ്ട് പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രണ്ട് വര്‍ഷം മുന്‍പ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഐശ്വര്യ. കഥകള്‍ പഴയതാണ്. അതൊരു പ്രണയകഥ അല്ലതാനും. പ്രണയനഷ്ടത്തിന്റെ കഥയാണ്. തേപ്പുകാരികള്‍ എന്ന പഴി പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ ഐശ്വര്യയുടെ കഥയില്‍ ഒരു തേപ്പുകാരനാണുള്ളത്. ഒരു വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം പറയുന്നത്. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, അവന്‍ എന്നെ വഞ്ചിച്ച് കടന്നുകളഞ്ഞു. ഇപ്പോള്‍ അയാള്‍ക്ക് അതില്‍ നഷ്ടം തോന്നുന്നുണ്ടാവും. പിന്നീട് കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ അയാളെ വീണ്ടും കണ്ടു. അത് അഞ്ചാറു വര്‍ഷം നീണ്ടുനിന്ന ഒരു ബന്ധമായിരുന്നു. എന്നാല്‍, പ്രായോഗികമായി ഞങ്ങള്‍ തമ്മില്‍ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം നീണ്ടുനിന്നില്ല. ഞാന്‍ സിനിമാമേഖലയിലാണല്ലോ ജോലി ചെയ്യുന്നത്. ഇവിടെ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു. ഇതു മാത്രമാണ് എനിക്ക് ഇപ്പോള്‍ ഓര്‍മ വരുന്നത്. ഇതല്ലാതെ ഓര്‍ത്തെടുക്കാന്‍ ഒരു പ്രണയബന്ധമോ വേര്‍പിരിയലോ ഒന്നുമുണ്ടായിട്ടില്ല. എന്തായാലും എന്റെ അടുത്ത പ്രണയം സ്ഥായിയായിരിക്കും. എക്കാലത്തും നിലനില്‍ക്കും ഐശ്വര്യ പറഞ്ഞു.

Top