തിരുവനന്തപുരം:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലേതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ അടിത്തറ കൂടുതല്‍ ബലപ്പെടുകയും എല്‍ഡിഎഫിന്റെ അടിത്തറ ദുര്‍ബലമാവുകയും ചെയ്യും. ബിജെപിക്ക് മൂന്നാംസ്ഥാനം മാത്രമേ കൈവരിക്കാൻ കഴിയുകയുള്ളൂവെന്നും ആൻറണി പറഞ്ഞു.രാവിലെ 10.15 ഓടെ ജഗതിയില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തേതിനാക്കാള്‍ വലിയ ആരോപണങ്ങളുടെ കൂമ്പാരമായിരുന്നു അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. എന്നിട്ട് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. ജനങ്ങളുടെ മനസ്സില്‍ യു.ഡി.എഫ് അല്ലാതെ മറ്റാരുമില്ല. മറ്റ് ബദലുകള്‍ ജനങ്ങള്‍ക്ക് പേടിസ്വപ്‌നമാണ്. ഒറ്റപ്പെട്ട ചില ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരിനോടുള്ള ജനങ്ങളുടെ താത്പര്യം വര്‍ധിച്ചിട്ടേയുള്ളൂ. ഈ തിരഞ്ഞെടുപ്പോടെ യു.ഡി.എഫിന്റെ അടിത്തറ കൂടുതല്‍ ബലപ്പെടുകയും എല്‍.ഡി.എഫിന്റെ അടിത്തറ ദുര്‍ബലമാവുകയും ചെയ്യും. വടക്കേ ഇന്ത്യയിലെ ഭയാനകമായ സംഭവവികാസങ്ങള്‍ കാരണം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കുവേണ്ടി വോട്ട് ചെയ്തവര്‍ പോലും ഇത്തവണ മാറി വോട്ട് ചെയ്യും-ആന്റണി പറഞ്ഞു. ഭാര്യ എലിസബത്തിനും കോണ്‍ഗ്രസ് വക്താവ് എം.എം. ഹസ്സനുമൊപ്പമാണ് ആന്റണി വോട്ട് ചെയ്യാനെത്തിയത്.