തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇനി മുതല്‍ പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസ്ുമായി നടക്കുന്നവരെ വേണ്ടെന്ന് എ.കെ.ആന്റണി. കെപിസിസി വിശാല എക്‌സിക്യൂട്ടീവിലാണ് ആന്റണിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് വോട്ട് ചോര്‍ന്നു എന്ന ആരോപണം ശക്തമായി നില്‍ക്കുമ്പോഴാണ് ആന്റണിയുടെ ആ പരാമര്‍ശം. നേമം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത് കോണ്‍ഗ്രസ്സ് വോട്ടു കൊണ്ടാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഉറച്ച മതേതര മുഖമുള്ളവരെയാണ് പാര്‍ട്ടിക്ക് വേണ്ടത്. കാലിന്നടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണ്. അതിനെ നേരിടാനുള്ള ആര്‍ജവം കാട്ടണമെന്നും ആന്റണി ആവശ്യപ്പെട്ടു. നേതാക്കള്‍ തമ്മില്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും. പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്നും പാര്‍ട്ടിക്ക് പുറത്തേക്ക് പോയാല്‍ നമ്മള്‍ ആരുമല്ലെന്നും ആന്റണി ഓര്‍മിപ്പിച്ചു. ഉമ്മന്‍ ചാണ്ടി കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു ആന്റണിയുടെ പരാമര്‍ശം. യുവജന വിദ്യാര്‍ഥി നേതാക്കള്‍ പ്രസ്താവനയില്‍ ജീവിക്കുകയാണ്. തെറ്റിനെ നേരിടാനുള്ള ആര്‍ജവം യുവാക്കള്‍ കാട്ടണമെന്നും ആന്റണി ആവശ്യപ്പെട്ടു.