കൊച്ചി :ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ടെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കോൺഗ്രസ് വിമതർ എ കെ ഷാനിബ്.കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് എകെ ബാലന്‍
ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും കെ. കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ട ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് പാലക്കാട് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എ കെ ഷാനിബ്.
പി വി അന്‍വറിനെയും എ കെ ഷാനിബ് വെല്ലുവിളിച്ചു. വി.ഡി സതീശനുമായുള്ള കരാറിന് പിന്നില്‍ എന്തെന്ന് പി വി അന്‍വര്‍ പറയണം. പാലക്കാട്ടെ ജനങ്ങള്‍ അഹങ്കാരത്തേയും നാടകത്തേയും അംഗീകരിച്ച് കൊടുക്കില്ലെന്നും എ കെ ഷാനിബ് പറഞ്ഞു.
അതേസമയം കെ കരുണാകരന്റെ കുടുംബത്തെ അപമാനിച്ച ആളാണ് പാലക്കാട് യു ഡി എഫ് സ്ഥാനാർഥിയെന്ന് എ കെ ബാലൻ പറഞ്ഞു. കരുണാകരന്‍റെ സ്മൃതി മണ്ഡപം സന്ദർശിക്കാൻ രാഹുൽ തയായറായിട്ടില്ല. സരിൻ സ്വതന്ത്ര സ്ഥാനാർഥി എന്ന നിലയിലാണ് സ്മൃതി മണ്ഡപം സന്ദർശിച്ചത്. അദ്ദേഹം താല്പര്യം പറഞ്ഞപ്പോൾ പാർട്ടി എതിർത്തില്ല.
കരുണാകരനെ വേട്ടയാടിയവരാണ് കോൺഗ്രസുകാർ. കോൺഗ്രസിൽ പൊട്ടിത്തെറി ഇനിയും ഉണ്ടാകും.സതീശനെതിരായ അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് അൻവർ വ്യക്തമാക്കണം. സതീശൻ മീൻവണ്ടിയിൽ 150കോടി കടത്തിയെന്ന് അൻവർ പറഞ്ഞപ്പോൾ അത്രയും പ്രതിപക്ഷ നേതാവ് താങ്ങില്ല എന്ന് പറഞ്ഞവരാണ് ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു
നേരത്തെ രാഹുൽ മാങ്കൂട്ടത്തെ കടന്നാക്രമിച്ച് കെ കരുണാകരന്റെ മകളും ബിജെപി നേതാവുമായ പദ്മജ വേണുഗോപാൽ രംഗത്ത് വന്നിരുന്നു . പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമെന്ന വാർത്തയ്‌ക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അവർ.
യുഡിഎഫിന് പാലക്കാട് മത്സരിപ്പിക്കാൻ ഒരു ആൺകുട്ടി പോലുമില്ലെന്ന് വേണം മനസിലാക്കാൻ. രാഹുൽ മാങ്കൂട്ടത്തിൽ കെ. കരുണാകരന്റെ കുടുംബത്തെ അപമാനിച്ച വ്യക്തിയാണ്. ഞങ്ങളുടെ അമ്മയെ കരിവാരി തേച്ച ഇയാളെ മാത്രമേ യുഡിഎഫിന് മത്സരിപ്പിക്കാനായി കിട്ടിയുള്ളോയെന്നും പദ്മജ ചോദിച്ചു. കെ. മുരളീധരന് പാലക്കാട് സീറ്റ് നൽകുമെന്ന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ കെ. കരുണാകരന്റെ മകന് സീറ്റ് നൽകില്ലെന്ന് ഞാൻ അന്നേ വ്യക്തമാക്കിയിരുന്നു. താൻ പറഞ്ഞത് ശരിയായിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പദ്മജ പറഞ്ഞു.