പാലക്കാട്: പ്രതിപക്ഷ നേതാവായ വിഡി സതീശൻ വന്നതിന് ശേഷം കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്ന തരത്തിൽ കോക്കസ് പ്രവർത്തിക്കുകയാണ്. ഒരു പ്രശ്നമുണ്ടായാൽ അത് പരിഹരിക്കാൻ വേണ്ട നിലപാട് അദ്ദേഹം സ്വീകരിച്ചാൽ നമുക്കും പരാതിയില്ല. മനസിലാക്കാൻ പറ്റാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ നിഗൂഢമായ രാഷ്ട്രീയ പ്രവർത്തനം എന്ന് എ കെ ഷാനിബ് ആരോപിച്ചു
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറണമെന്ന പി സരിന്റെ ആവശ്യം തള്ളി എ കെ ഷാനിബ്. മത്സരിക്കുമെന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ്. എല്ലാ പാർട്ടിയിലും അസംതൃപ്തരായ പ്രവർത്തകരുണ്ട്. അവർക്ക് വോട്ട് ചെയ്യാനുള്ള പ്ലാറ്റ്ഫോമായാണ് തന്റെ നാമനിർദ്ദേശ പത്രികയെ കണക്കാക്കുന്നത്. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും എ കെ ഷാനിബ് പറഞ്ഞു.
മത്സരിക്കണമെന്ന് നേരത്തെ മുൻകൂട്ടി തീരുമാനിച്ചതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലുമായോ രാഹുൽ മാങ്കൂട്ടത്തിലുമായോ വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കോഫി വിത്ത് സുജയയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്മാറാനുള്ള കാര്യം തത്ക്കാലം ആലോചിച്ചിട്ടില്ല. സരിൻ എന്റെ അടുത്ത സുഹൃത്താണ്. യൂത്ത് കോൺഗ്രസിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. യൂത്ത് കോൺഗ്രസിന്റെ പല തീരുമാനങ്ങൾക്കെതിരെ ഞങ്ങൾ ഒരുമിച്ച് നിന്നിട്ടുണ്ട്. മത്സരിക്കുമെന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ്. കോൺഗ്രസ് പാളയത്തിൽ മാത്രമല്ല, എല്ലാ പാർട്ടിയിലും അസംതൃപ്തരായ ആളുകളുണ്ട്. അവർക്കെല്ലാം വോട്ട് ചെയ്യാനുള്ള പ്ലാറ്റ്ഫോമായാണ് എൻ്റെ നാമനിർദ്ദേശപത്രിക കണക്കാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്.
ലക്ഷങ്ങൾ ലഭിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് നിന്നതെന്ന് പറയുന്നവരുണ്ട്. ബിജെപിയെ പിന്തുണച്ചാണ് മത്സരിക്കുന്നതെന്ന് പറയുന്നവരുണ്ട്. ലക്ഷങ്ങൾ വാങ്ങി അതെവിടെ വയ്ക്കണം എന്ന് അറിയാത്ത അവസ്ഥയാണ്. ഞാൻ പോകാൻ തീരുമാനിച്ചിരുന്നില്ല, എന്നോട് പോയ്ക്കോളാൻ പറഞ്ഞതാണ്. തിരിച്ചുവിളിച്ചില്ല ഇതുവരെ. പ്രാണി എന്ന പരാമർശത്തിന് അപ്പോൾ തന്നെ മറുപടി കൊടുത്തതാണ്. അത് വീണ്ടും ആവർത്തിക്കാൻ തത്ക്കാലം ആഗ്രഹിക്കുന്നില്ല. ഞാൻ മത്സരിക്കാമെന്ന് എടുത്ത തീരുമാനമല്ല. പല നേതാക്കളും അവരുടെ സ്നേഹം കൊണ്ട് വിളിച്ച് മത്സരിക്കണം എന്ന് പറഞ്ഞപ്പോഴാണ് മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.’
രാഹുലുമായി വ്യക്തിപരമായി യാതൊരു ദേഷ്യവുമില്ല. ഷാഫി പറമ്പിലിനും വ്യക്തിപരമായി എന്തെങ്കിലും പ്രയാസമുണ്ടോ എന്ന് അദ്ദേഹം തന്നെ പറയണം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കാര്യം മാത്രമല്ല, പല കാര്യങ്ങളും ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട്. അഹങ്കാരവും ധാർഷ്ട്യവും പാലക്കാട്ടുകാർ മനസിലാക്കട്ടെയെന്നേയുള്ളൂ.