സിനിമാ ഡെസ്‌ക്
ന്യൂഡൽഹി: പരീക്ഷയിൽ പരാജയപ്പെട്ട് ആത്മഹത്യയ്‌ക്കൊരുങ്ങുന്നവർ്ക്കു ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി ദേശീയ അവാർഡ് ജേതാവ് അക്ഷയ്കുമാർ. താരം ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുകൊണ്ട് ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇന്ന് രാഷ്ട്രപതിയിൽ നിന്നും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാൻ സാധിക്കുന്നതിൽ ഞാൻ അതീവ സന്തോഷവാനാണ്. അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഞാൻ പഴയൊരു കാര്യം ഓർത്തുപോയി. സ്‌കൂൾ പരീക്ഷയിൽ ഞാൻ പരാജയപ്പെട്ട കാര്യം. അന്ന് അത് വലിയൊരു സംഭവമായിരുന്നു. എന്റെ മാതാപിതാക്കളുടെ പ്രതികരണം എന്തായിരിക്കും എന്ന് ഭയപ്പെട്ടു. എന്റെ പ്രോഗ്രസ് കാർഡ് അച്ഛനെ കാണിച്ചപ്പോൾ നീ എന്താണ് ഇനി ചെയ്യാൻ പോകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എനിക്ക് സ്‌പോർട്‌സിലായിരുന്നു താൽപര്യം. എന്റെ താൽപര്യം കണ്ടറിഞ്ഞ് അവർ എനിക്ക് പിന്തുണ നൽകി. സ്‌പോർട്‌സ് കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് മാർഷ്യൽ ആർട്‌സ് പഠിച്ചു, മോഡലിംഗ് ചെയ്തു, അങ്ങിനെ സിനിമയിലെത്തുകയായിരുന്നു. എന്റെ കഴിവുകൾ എന്റെ മാതാപിതാക്കൾ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ ഒരിക്കലും ദേശീയ പുരസ്‌കാരം നേടാൻ എനിക്ക് സാധിക്കുമായിരുന്നില്ല.
ഇത് നിങ്ങളോട് പറയാൻ ഒരു കാരണമുണ്ട്. ആത്മഹത്യാ കേസുകൾ വർദ്ധിവരുന്ന ഒരു പ്രവണതയാണ് ഇന്നുള്ളത്. ഭൂരിഭാഗവും യുവാക്കൾ, പരീക്ഷയിൽ തോറ്റതിന്റെയോ, പ്രണയം പരാജയപ്പെട്ടതിന്റെയോ പേരിലായിരിക്കും പലരും ആത്മഹത്യ ചെയ്യുന്നത്. എന്തിനാണ് നിങ്ങൾ ആത്മഹത്യ ചെയ്യുന്നത്, നിങ്ങളുടെ ജീവന് ഒരു വിലയുമില്ലേ…അക്ഷയ് കുമാർ ചോദിക്കുന്നു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്നും വീഡിയോയിൽ പറയുന്നു.