സ്വന്തം ലേഖകൻ
മുംബൈ: ഏഴ്, ഒമ്പത് ക്ലാസുകളിലെ ചരിത്ര പാഠപുസ്തകത്തിൽ മാറ്റങ്ങളുമായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ്. മുഗൾ ചക്രവർത്തിമാരുടെ ഭരണത്തെക്കുറിച്ചുള്ള ഭാഗം ഇല്ലാതെയാണ് സ്‌കൂളിൽ പുസ്തകങ്ങൾ വിതരണത്തിനെത്തുക.
ശിവാജിയുടെ ഭരണകാലത്തെ നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ പാഠപുസ്തകം. മാത്രമല്ല അക്ബർ ചക്രവർത്തിയെ ഇന്ത്യയെ കേന്ദ്ര അധികാരത്തിനു കീഴിൽ കൊണ്ടുവരാൻ ശ്രമിച്ച ഭരണാധികാരിയെന്നായിരിക്കും അടയാളപ്പെടുത്തുക.
ഇന്ത്യൻ ചരിത്രത്തിൽ ശിവാജിയുടെ പങ്ക് വ്യക്തമായി ഉൾപ്പെടുത്തുകയും ചെയ്യും. മുഗൾ ഭരണകാലത്തെ നേട്ടങ്ങളെല്ലാം മറച്ചുവെച്ചു കൊണ്ടാണ് പുസ്തകത്തിൽ എഡിറ്റിംഗ് നടത്തിയിരിക്കുന്നത്.
അഫ്ഗാൻ വംശജരായ ഭരണാധികാരികൾ അവതരിപ്പിച്ച രൂപയാ എന്ന നാണയത്തെപ്പറ്റിയും ചരിത്ര പുസ്തകത്തിൽ പരാമർശമില്ല. എന്നാൽ ബോഫേഴ്സ് കുംഭകോണവും അടിയന്തിരാവസ്ഥയും പുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്.
നേരത്തെ ശിവാജിയുടെയും മഹാറാണാ പ്രതാപിന്റെയും ജീവിതം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ആർ.എസ്.എസും അനുബന്ധ സംഘടനകളും രംഗത്ത് വന്നിരുന്നു. ഏഴാം ക്ലാസിലെ പാഠപുസ്തകത്തിന്റെ പുറം ചട്ടയിൽ ഇന്ത്യൻ ഭൂപടത്തിനു മുകളിലായി കാവിക്കൊടിയുമുണ്ട്.
നേരത്തെ മഹാറാണാ പ്രതാപ് അക്ബർ ചക്രവർത്തിയെ തോൽപ്പിച്ചു എന്ന് രാജസ്ഥാൻ യൂണിവേഴ്സിറ്റിയിലെ ചരിത്ര വകുപ്പ് പാഠപുസ്തകത്തിൽ എഴുതി ചേർത്തിരുന്നു.