തിരുവനന്തപുരം: ലോ അക്കാദമി സമരത്തെത്തുടര്‍ന്ന് തലസ്ഥാനത്ത് വീണ്ടും ഭൂമി കയ്യേറ്റത്തിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ലോ അക്കാദമി ഭൂമിയാണ് ഇത്തരത്തില്‍ ആദ്യം പുറത്ത് വന്നതെങ്കില്‍ പിന്നാലെ സിപിഎം പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിന്റെ കള്ളത്തരങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ എകെജി സെന്റെറിലെ തിരിമറികളെക്കുറിച്ച് കൂടുതല്‍ രേഖകള്‍ പുറത്ത് വരികയാണ്.
1977 ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എകെജി പഠനകേന്ദ്രം തുടങ്ങാന്‍ അനുവദിച്ച 28 സെന്റ് ഭൂമിയിലാണ് ചട്ടം ലംഘിച്ച് എകെജി സെന്റര്‍ എന്ന സിപിഐ(എം) പാര്‍ട്ടി ഓഫീസ് പടുത്തുയര്‍ത്തിയത്. ഇതിനൊപ്പം സിപിഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് ലഭിച്ച വഴിവിട്ട ആനൂകൂല്യങ്ങളുടെ കണക്കും ഞെട്ടിക്കുന്നതാണ്. എന്നാല്‍ ലോ അക്കാദമി വിഷയം ചര്‍ച്ചയാക്കുന്ന കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പോലും ഇതേ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇതോടെ അനധികൃത നേട്ടങ്ങള്‍ സിപിഎമ്മിന് പ്രശ്നവുമാകുന്നില്ല. ലോ അക്കാദമി വിഷയത്തില്‍ സിപിഐ-എം പാലിക്കുന്ന അര്‍ഥഗര്‍ഭമായ മൗനം വെറുതേയല്ലെന്നും അക്കാദമി ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ ഇതിനൊപ്പം എകെജി സെന്ററും ഇടിച്ചു നിരത്തേണ്ടി വരും. ഇതിന് പിന്നാലെയാണ് കൂടുതല്‍ രേഖകള്‍ പുറത്തുവരുന്നത്.
പൊതു ആവശ്യങ്ങള്‍ക്കും, വിദ്യാഭ്യാസ-ആതുരസേവന പ്രവര്‍ത്തനങ്ങള്‍ക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ സൗജന്യങ്ങള്‍ കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവരുന്നത്. 1979-80 രണ്ടാം അര്‍ദ്ധ വര്‍ഷം മുതല്‍ 1987-88 ഒന്നാം അര്‍ദ്ധ വര്‍ഷം വരെ 2,20,896 രൂപയാണ് എകെജി സ്മാരക കമ്മിറ്റിക്ക് നായനാര്‍ സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയത്. പൊതു ആവശ്യങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ആതുരസേവനം, ലൈബ്രറികള്‍ എന്നിവയ്ക്ക് സൗജന്യമനുവദിക്കുന്ന 103-ാം വകുപ്പ് പ്രകാരമായിരുന്നു ഇത്. സിപിഐ(എം) നിയന്ത്രണത്തിലുള്ള കെട്ടിടത്തിന് നികുതിയിളവ് നല്‍കിയ നടപടി ചോദ്യം ചെയ്യപ്പെട്ടെങ്കിലും എകെജി സ്മാരക കമ്മിറ്റിക്കാണ് ഇളവ് അനുവദിച്ചതെന്നായിരുന്നു അന്ന് വി.ജെ.തങ്കപ്പന്‍ സഭയില്‍ മറുപടി നല്‍കിയത്.
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ അപേക്ഷയെ തുടര്‍ന്നായിരുന്നു ഇതെന്നും വി.ജെ തങ്കപ്പന്‍ മറുപടി നല്‍കിയതായി 1988 മാര്‍ച്ച് 29ലെ നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം ഗവേഷണ കേന്ദ്രമെന്ന നിലയിലോ വിദ്യാഭ്യാസ, ആതുരസേവന സംവിധാനമെന്ന നിലയിലോ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലമല്ല എകെജി സെന്ററും സ്മാരക കമ്മിറ്റിയും. എല്ലാ സംഘടനകളില്‍പെട്ടവരെയും പൊതുജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാകണം സ്മാരക സമിതിയെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല. സ്മാരക കമ്മിറ്റി തന്നെ നിലവിലുണ്ടോയെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയും കെട്ടിടവും അനധികൃതമായി കൈവശം വച്ചിരിക്കുന്നതിന് പുറമെയാണ് ഈ നിയമലംഘനവും.
എകെജി സെന്ററിനെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ വസ്തുനികുതിയില്‍ നിന്ന് ഒഴിവാക്കിയതും നിയമസഭയില്‍ കെ.പി നൂറുദ്ദീന്‍ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയില്‍ എകെജി സെന്ററിന്റെ ഒരു ഭാഗത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു വി.ജെ തങ്കപ്പന്റെ മറുപടി. ഇക്കാരണത്താല്‍ പൂര്‍ണമായും സിപിഎമ്മിന്റെ മാത്രം നിയന്ത്രണത്തില്‍ പാര്‍ട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് 103-ാം വകുപ്പനുസരിച്ചുള്ള സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നത് ചട്ടലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.
1977-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ് കേരള സര്‍വകാലാശാലയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം എകെജി മെമോറിയല്‍ കമ്മിറ്റിക്ക് സൗജന്യമായി വിട്ടുനല്‍കിയത്. എകെജി പഠനകേന്ദ്രത്തിനായി നല്‍കിയ ഭൂമിയില്‍ രാഷ്ട്രീയ ഭേദമന്യെ പൊതുജനങ്ങള്‍ക്കായി ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവ നിര്‍മ്മിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ആന്റണിയുടെ നടപടിക്കെതിരെ അന്ന് കോണ്‍ഗ്രസില്‍ എതിര്‍പ്പുയര്‍ന്നെങ്കിലും അതൊക്കെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. വൈകാതെ, യൂണിവേഴ്സിറ്റി കോളജിന്റെ കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റ് ഒരിക്കല്‍ സ്ഥിതി ചെയ്തിരുന്ന ഭൂമിയില്‍ എകെജി സ്റ്റഡി സെന്ററിന്റെ പേരില്‍ അഞ്ചുനില കെട്ടിടം ഉയര്‍ന്നു. 1980-ല്‍ ഇകെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ സിപിഐ-എം ആസ്ഥാനം എകെജി സെന്ററിലേക്ക് മാറ്റി. അതോടെ എകെജി സ്റ്റഡി സെന്റര്‍ എന്ന സങ്കല്‍പ്പം ഇല്ലാതായി. 1987-ല്‍ ഇടത് സര്‍ക്കാര്‍ നിയമിച്ച കേരളാ സര്‍വകലാശാല വൈസ് ചാന്‍സിലറുടെ നിര്‍ദ്ദേശപ്രകാരം എകെജി സെന്ററിനെയും സര്‍വകലാശാലയേയും വേര്‍തിരിച്ചു കൊണ്ട് മതില്‍ ഉയര്‍ന്നു. സര്‍വകലാശാലയുടെ പക്കല്‍ ഉണ്ടായിരുന്ന ഏഴര സെന്റ് ഭൂമി കൂടി എകെജി സെന്ററിന് അനധികൃതമായി വിട്ടുകൊടുത്തു കൊണ്ടായിരുന്നു മതില്‍ നിര്‍മ്മാണം.
അന്നത്തെ കാലത്ത് ഈ ഭൂമിക്ക് സെന്റിന് അഞ്ചുലക്ഷം രൂപയിലധികം വിലയുണ്ടായിരുന്നു. ഇക്കാര്യം അന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച എല്ലാ ഫയലുകളും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. 1977 ഓഗസ്റ്റ് 20 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഭൂമി എ കെ ജി സ്മാരക കമ്മിറ്റിക്ക് നല്‍കിയത് . അതേ വര്‍ഷം മെയ് 25 ന് സ്മാരക കമ്മിറ്റി സെക്രട്ടറി നല്‍കിയ അപേക്ഷയിന്മേലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത് .പിന്നീട് സ്മാരക ട്രസ്റ്റുണ്ടാക്കി അതിന്റെ പേരില്‍ കുറച്ചു ഭൂമി കൂടി സര്‍വകലാശാലയില്‍ നിന്ന് കൈവശപ്പെടുത്തി. പിന്നീട് 1987-91 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഭൂമിക്കും കെട്ടിടത്തിനും നികുതിയിളവും നല്‍കി . എട്ടുവര്‍ഷത്തെ മുന്‍ കാല പ്രാബല്യത്തോടെയാണ് നികുതിയിളവ് നല്‍കിയത് .
പാര്‍ട്ടി നേതാക്കളുടെ താമസസ്ഥലമായും പാര്‍ട്ടി ആസ്ഥാനമായും ഉപയോഗിക്കുന്ന സ്ഥാപനം നില്‍ക്കുന്ന സ്ഥലത്തിനാണ് നികുതിയിളവ് നല്‍കിയിരിക്കുന്നത്. നിലവില്‍ സ്മാരക കമ്മിറ്റിയുടെ പേരിലാണോ ട്രസ്റ്റിന്റെ പേരിലാണോ ഭൂമിയെന്നത് ഇപ്പോഴും വ്യക്തമല്ല . ഇതിനെച്ചൊല്ലി നിരവധി വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒന്നും എങ്ങുമെത്തിയില്ല. സര്‍വകലാശാല ചാന്‍സിലറും കേരളാ ഗവര്‍ണറുമായിരുന്ന പി. രാമചന്ദ്രനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ഇതുസംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി അധികൃതരില്‍ നിന്നും ഗവര്‍ണര്‍ വിശദീകരണം ചേദിച്ചിരുന്നു. എന്നാല്‍ യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും അന്നത്തെ വൈസ് ചാന്‍സിലര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതുസംബന്ധിച്ച് ഉയര്‍ന്ന വിവാദം അന്നത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി വി എസ്.അച്യുതാനന്ദന്‍ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. എകെജിയുടെ സ്മരണയ്ക്കായി സ്റ്റഡി സെന്റര്‍ നിര്‍മ്മിക്കുന്നതിന് കൈമാറിയ ഭൂമി എങ്ങനെ സിപിഐ-എം ആസ്ഥാനമായി മാറി എന്നതാണ് പ്രധാന ചോദ്യം. ഇതിനോട് സമാനമായ സംഭവമാണ് ലോ അക്കാദമി വിഷയത്തിലും നടന്നിട്ടുള്ളത്.