തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണത്തിലെ പ്രതി യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. യൂത്ത്കണ്‍ഗ്രസ് ആറ്റിപ്രം മണ്ഡലം പ്രസിഡന്റായ ജിതിന് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ട്. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് കണ്ടെത്താന്‍ പ്രതി കസ്റ്റഡിയില്‍ തുടരേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതെല്ലാം കോടതി അംഗീകരിക്കുകയായിരുന്നു.
തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ വി കുളത്തൂപ്പുഴയെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘം വ്യാഴാഴ്‌ച രാവിലെയാണ് അറസ്റ്റ് ചെയ്‌തത്. രണ്ടരമാസം നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടക വസ്‌തുവെറിഞ്ഞ് മടങ്ങുന്ന ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തതക്കുറവ് മൂലം ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്‌ക്കൽ, സ്ഫോടനം നടത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.