മുംബൈ: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍. പീഡനത്തിന് കാരണം സ്ത്രീകളുടെ വേഷമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോട് പോയി പണി നോക്കാന്‍ പറയൂ എന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബെംഗളൂരു സംഭവത്തില്‍ ഇരയായവര്‍ക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അക്ഷയ് കുമാര്‍ ഇങ്ങനെ പറഞ്ഞത്. മനുഷ്യന്റെ പരിണാമം പിന്നോട്ടാണോ എന്ന ചോദ്യവുമായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൃഗങ്ങളാണ് മനുഷ്യരിലും ഭേദമെന്നും അക്ഷയ് കുമാര്‍ പറയുന്നു. വൈറലായി മാറിയ വീഡിയോ 35 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
മനുഷ്യനെന്ന നിലയില്‍ ലജ്ജ തോന്നുന്നു. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു. കുടുംബവുമൊത്ത് ഒരു യാത്രയ്ക്കു ശേഷം തിരികെ വരുമ്പോള്‍ വിമാനത്താവളത്തില്‍വച്ചാണ് ബെംഗളൂരു സംഭവത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടത്. പൊതു വഴിയില്‍ വച്ച് ചില അക്രമികള്‍ അഴിഞ്ഞാടി. നിങ്ങള്‍ക്ക് അത് എങ്ങനെ തോന്നി എന്ന് അറിയില്ല. ഒരു പെണ്‍കുട്ടിയുടെ പിതാവ് എന്ന നിലയില്‍ എന്നെ അത് വല്ലാതെ ഉലച്ചു. അല്ലെങ്കിലും ഇപ്രകാരമല്ലാതെ എനിക്ക് പറയാന്‍ കഴിയില്ല. സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കാത്ത സമൂഹം മനുഷ്യരുടേതാണ് എന്ന് പറയാനാവില്ല.
പെണ്‍കുട്ടികളെ അപമാനിക്കുകയും കയറിപ്പിടിക്കുകയും ചെയ്തതിനെ ന്യായീകരിക്കാനും ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ എന്തിനാണ് ധരിച്ചത്, രാത്രിയില്‍ എന്തിന് പുറത്തിറങ്ങി എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. നിങ്ങള്‍ ലജ്ജിക്കൂ, പെണ്‍കുട്ടികളുടെ വസ്ത്രങ്ങളല്ല നിങ്ങളുടെ ചിന്തയാണ് ചെറുതാകുന്നത്. ബെംഗളൂരുവില്‍ സംഭവിച്ചത് നിങ്ങളുടെ മകള്‍ക്കോ സഹോദരിക്കോ സംഭവിക്കാതിരിക്കട്ടെ. പീഡിപ്പിക്കാന്‍ എത്തിയവര്‍ മറ്റു ഗ്രഹങ്ങളില്‍ നിന്നൊന്നുമല്ല, നമുക്കൊപ്പമുള്ളവര്‍തന്നെയാണ്.
പെണ്‍കുട്ടികള്‍ പുരുഷന്മാരേക്കാള്‍ ഒട്ടും പിന്നില്‍ നില്‍ക്കുന്നവരല്ലെന്ന് മനസിലാക്കണം. സ്വന്തം സുരക്ഷയ്ക്കായി സ്വയം തയ്യാറാവണം. ശല്യം ചെയ്യാനെത്തുന്നവരെ നിലക്കുനിര്‍ത്താനുള്ള ചെറിയ പൊടിക്കൈകളുണ്ട്. നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെ സ്പര്‍ളശിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാവരുത്. ആരെയും നിങ്ങള്‍ ഭയക്കേണ്ടതില്ല. പകരം ജാഗ്രതയോടെ ഇരിക്കുക. ഇനി നിങ്ങളുടെ വസ്ത്രത്തേക്കുറിച്ച് ആരെങ്കിലും ഉപദേശവുമായി വന്നാല്‍ ആ ഉപദേശം കയ്യില്‍ വെക്കാനും സ്വന്തം ജോലി നോക്കാനും പറയണമെന്നും അക്ഷയ് കുമാര്‍ പെണ്‍കുട്ടികളോട് പറയുന്നു.