തിരുവനന്തപുരം: സംസ്ഥാന അവര്‍ഡ് വേദിയില്‍ മോഹന്‍ലാലിനെ മുഖ്യ അതിഥിയായി ക്ഷണിച്ചത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. പല തരം പ്രതിഷേധങ്ങളും ഈ സംഭവത്തെത്തുടര്‍ന്ന് ഉണ്ടായി. അത്തരത്തില്‍ അവാര്‍ഡ് നിശയിലും ഒരു പ്രതിഷേധം അരങ്ങേറി. നടന്‍ അലന്‍സിയറുടെ വകയായിരുന്നു ആ പ്രതിഷേധം.
മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു നടന്‍ ചെയ്തത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് തുടക്കത്തില്‍ പലര്‍ക്കും പിടികിട്ടിയില്ല. എന്നാല്‍, അലന്‍സിയറിന്റെ സ്വഭാവം വെച്ച് ഇത് പ്രതിഷേധമായി വിലയിരുത്തുകയും ചെയ്തു. മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവൃത്തി. പ്രസംഗിച്ചു കൊണ്ടിരിക്കുന്ന ലാലിനെ ഇത് അലോസരപ്പെടുത്തിയെങ്കിലും ഇര്‍ഷ്യ പുറത്തുകാണിക്കാതെ അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു.
കൈ തോക്കാക്കി ലാലിനെതിരെ വെടിയുതിര്‍ത്ത ശേഷം സ്റ്റേജിലേക്ക് കയറാനും അലന്‍സിയര്‍ ശ്രമം നടത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കവേയായിരുന്നു അലന്‍സിയറുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു ശ്രമം ഉണ്ടായത്. മോഹന്‍ലാല്‍ പ്രസംഗിക്കുന്ന ഭാഗത്തേക്ക് എത്താനുള്ള ശ്രമം ലാലിനെയു അലോസരപ്പെടുത്തി. മോഹന്‍ലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേര്‍ന്നു തടയുകയായിരുന്നു. തുടര്‍ന്ന് അലന്‍സിയറിനെ സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയില്‍ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം. വിരലുകള്‍ തോക്കുപോലെയാക്കി അലന്‍സിയര്‍ വെടിവയ്ക്കുന്നതു ബാലന്‍ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. ചെന്നിത്തലയും മുരളിയുമൊക്കെ എന്താണ് അലന്‍സിയര്‍ ചെയ്യുന്നതെന്ന് അറിയാതെ ചിരിക്കുകയും ചെയ്തു. അതേസസമയം എന്തിനാണ് ഇങ്ങനെ വിരല്‍ചൂണ്ടി പെരുമാറിയതെന്ന കാര്യത്തില്‍ അലന്‍സിയറിനും കൃത്യമായ ഉത്തരമില്ല. തന്റെ പ്രവൃത്തി പ്രതിഷേധമായി കാണേണ്ടതില്ലെന്നാണ് അലന്‍സിയര്‍ പറഞ്ഞു.
നേരത്തെ പുരസ്‌കാര പ്രഖ്യാപന വേളയില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരത്തെ അലന്‍സിയര്‍ വിമര്‍ശിച്ചിരുന്നു. തനിക്കു സ്വഭാവ നടനുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ നായകന്മാരൊക്കെ ചെയ്യുന്നത് എന്തു വേഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സൂപ്പര്‍താരങ്ങളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ഒട്ടും പിശിക്കുകാട്ടാത്ത വ്യക്തി കൂടിയാണ് അലന്‍സിയര്‍. തെരുവ് നാടകത്തിന്റെ രൂപത്തില്‍ അടക്കം പ്രതിഷേധങ്ങള്‍ പതിവാക്കിയ നടനാണ് അദ്ദേഹം.
അതേസമയം പുരസ്‌ക്കാര വേദിയില്‍ താന്‍ എത്തുന്നത് തടയാന്‍ ശ്രമിച്ചവര്‍ക്ക് മറുപടി പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ ഇന്നലെ പ്രസംഗിച്ചത്. ജനങ്ങള്‍ക്കിടയിലേക്കു വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ചടങ്ങിലേക്കു വന്നത് വിശിഷ്ടാതിഥിയായല്ലെന്നും സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടു മോഹന്‍ലാല്‍ പറഞ്ഞു. പുരസ്‌കാര വിതരണച്ചടങ്ങില്‍ മോഹന്‍ലാലിന്റെ പങ്കാളിത്തം സംബന്ധിച്ച വിവാദങ്ങള്‍ക്കുള്ള മറുപടിയാണ് നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സാക്ഷിയാക്കി മോഹന്‍ലാല്‍ പറഞ്ഞത്.
സിനിമാ പ്രവര്‍ത്തകര്‍ക്ക് പരമമായ ചടങ്ങാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്ന വേദി. അവരുടെ പ്രയത്‌നത്തിനു ലഭിക്കുന്ന ആദരവാണിത്. തന്റെ സ്വന്തം സ്ഥലമാണ് തിരുവനന്തപുരം. നിരവധി ഓര്‍മ്മകള്‍ ഈ നഗരത്തിനു മാത്രം സ്വന്തമാണ്. തന്റെ മുഖത്ത് ആദ്യമായി ക്ലാപ്പടിക്കുന്നതും ചായം തേക്കുന്നതും ഇവിടെവച്ചാണ്. കഴിഞ്ഞ 40 വര്‍ഷമായി അതു തുടരുന്നു. എവിടെ വരെയാണ്, എന്നുവരെയാണ് എന്നൊന്നും തനിക്കറിയില്ല. ഒരു ആനന്ദയാത്രയിലാണ് എന്നു മാത്രമേ അറിയൂ. മറ്റു നടന്മാര്‍ക്ക് അവാര്‍ഡു ലഭിക്കുന്നതില്‍ അസൂയയില്ല. അതൊരു ആത്മവിമര്‍ശനമായി മാത്രമേ കാണാറുള്ളൂ. സാക്ഷാത്കാരത്തിനു വേണ്ടിയുള്ള അഭിനിവേശമാണ് അവയെല്ലാം.- അദ്ദേഹം പറഞ്ഞു.
താന്‍ വര്‍ഷങ്ങളായി ഇവിടെയുണ്ട്. നിങ്ങളെ വിട്ട് മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടി പോയിട്ടുമില്ല. പ്രിയപ്പെട്ടവര്‍ ആദരിക്കപ്പെടുന്ന ചടങ്ങില്‍ വരേണ്ടത് തന്റെ കടമയാണ്, അവകാശമാണ്. അഭിനയജീവിതത്തിന് തിരശീല വീഴുന്നതുവരെ താനിവിടെ തന്നെയുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് ആരാധകര്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ടിരുന്നത്. ഇതിനിടെയാണ് നടന്‍ അലന്‍സിയര്‍ ലാലിന്റെ പ്രസംഗവേദിയിലേക്ക് എത്തി എന്തോ പറയാന്‍ ശ്രമിച്ചത്.