ആലപ്പുഴ: സ്‌കൂള്‍ അധികൃതരുമായി രക്ഷിതാക്കള്‍ക്കുണ്ടായ തര്‍ക്കത്തില്‍ രക്ഷിതാക്കള്‍ക്ക് വേണ്ടി സംസാരിച്ച ദമ്പതികളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു ഒടുവില്‍ കള്ളകേസെടുത്ത് ജയിലിലുമടച്ചു. കേരളത്തെ ഞെട്ടിച്ച പോലീസ് ക്രൂരത നടന്നത് ആലപ്പുഴ മണ്ണഞ്ചേരിയിലാണ്.
ഭര്‍ത്താവിനെ ഭാര്യയുടെയും നാട്ടുകാരുടെ മുന്നിലിട്ട് എസ് ഐ രാജന്‍ബാബു ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്ന ഭാര്യയെ നാഭിയ്ക്ക് തൊഴിച്ചു. നാഭിക്ക് തൊഴിയേറ്റ വീട്ടമ്മയെ രക്തസ്രാവത്തെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ വീട്ടമ്മയെ വനിതാ പൊലീസിനെ വിട്ട് എസ് ഐ അറസ്റ്റ് ചെയ്യിച്ചു. കൊടും ക്രൂരനായ ഈ എസ് ഐ ഇപ്പോഴും ഇതേ സ്റ്റേഷനില്‍ ഭരണം തുടുകയാണെന്നതാണ് ഞെട്ടിയ്ക്കുന്ന വസ്തുത.
ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും രണ്ടു ജയിലുകളിലായി കഴിയുന്നു… ഒരു സ്‌കൂളിലെ കുട്ടികളുടെ വിനോദസഞ്ചാരത്തില്‍നിന്നു വികൃതികളായ നാലു കുട്ടികളെ ഒഴിവാക്കിയതിനെത്തുടര്‍ന്നുണ്ടായ വിഷയങ്ങളാണ് ഇത്തരമൊരു സാഹചര്യത്തിലേയക്ക് കാര്യങ്ങള്‍ എത്തിച്ചത്.
ആലപ്പുഴ കാട്ടൂര്‍ ഹോളി ഫാമിലി സ്‌കൂളില്‍ കുട്ടികളെ വിനോദയാത്രയ്ക്കു കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന് തുടക്കം. ടൂറിന് പോയ വിദ്യാര്‍ത്ഥികളില്‍ നാലുപേര്‍ തിരികെയെത്താന്‍ വൈകിയത് സ്‌കൂള്‍ അധികാരികളും രക്ഷകര്‍ത്താക്കളുമായി വാക്കേറ്റത്തിന് ഇടയാക്കി. രക്ഷിതാക്കളുടെ ഭാഗത്തുനിന്നും സംസാരിച്ച കാട്ടൂര്‍ ഈരേശേരിയില്‍ സെബാസ്റ്റ്യന്‍ – സെലിന്‍ ദമ്പതികള്‍ക്കാണ് പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റത്.
സ്‌കൂളില്‍നിന്നും കുട്ടികളെ ടൂറിന് കൊണ്ടുപോകുന്നതിനിടയില്‍ അദ്ധ്യാപകര്‍ നാലോളം കുട്ടികളെ മാറ്റിനിര്‍ത്തിയിരുന്നു. ഈ കുട്ടികള്‍ക്ക് വികൃതി കൂടുതലാണെന്ന പേരിലാണ് മാറ്റിനിര്‍ത്തിയത്. എന്നാല്‍ ടൂര്‍ പുറപ്പെട്ടശേഷം സന്ദര്‍ശനസ്ഥലം മനസിലാക്കിയ, ഒഴിവാക്കപ്പെട്ട കുട്ടികള്‍ ആരുമറിയാതെ അവിടേക്ക് പുറപ്പെട്ടു. ആലപ്പുഴയിലെതന്നെ പുന്നപ്രയിലുള്ള സന്ദര്‍ശനസ്ഥലത്തേക്ക് പുറപ്പെട്ട ടൂര്‍ സംഘത്തെ പിന്തുടര്‍ന്ന നാലുകുട്ടികള്‍ അവിടേയ്ക്ക് പോകാതെ വഴിയില്‍ കറങ്ങി നടക്കുകയായിരുന്നു. സ്‌കൂളില്‍നിന്നും ടൂര്‍പോയ സംഘം തിരിച്ചെത്തിയിട്ടും പിന്നാലെ പോയ നാലു വിദ്യാര്‍ത്ഥികള്‍ മടങ്ങിവരാതിരുന്നത് പരിഭ്രാന്തി പടര്‍ത്തിയിരുന്നു.
ഇതേ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ അന്വേഷണം ആരംഭിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നില്ല. ഇതിനിടെ ടൂര്‍ സംഘത്തിലുണ്ടായിരുന്ന സെബാസ്റ്റ്യന്റെ മകനെ സ്‌കൂളില്‍നിന്നും ഹെഡ്മാസ്റ്റര്‍ വിളിച്ച് കാണാതായ കുട്ടികളെ കുറിച്ച് അറിവുണ്ടോയെന്ന് ചോദിച്ചിരുന്നു. തനിക്ക് അവരെ കുറിച്ച് അറിയില്ലെന്ന് സെബാസ്റ്റ്യന്റെ മകന്‍ പ്രിന്‍സ് പറഞ്ഞെങ്കിലും സ്‌കൂള്‍ അധികൃതര്‍ അത് അംഗീകരിച്ചില്ല. ഇക്കാര്യം തിരക്കാനാണ് സെബാസ്റ്റ്യനും ഭാര്യ സെലിനും സ്‌കൂളിലെത്തിയത്.
ഈ സമയം സ്‌കൂളില്‍ കാണാതായ കുട്ടികളുടെ മാതാപിതാക്കള്‍ ബഹളം വെക്കുന്നുണ്ടായിരുന്നു. സ്‌കൂളിലെത്തിയ സെബാസ്റ്റ്യന്‍ തന്റെ സുഹൃത്ത് വഴി പൊലീസിനെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസ് സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചശേഷം സെബാസ്റ്റ്യനുനേരെ തട്ടിക്കയറുകയായിരുന്നു. മുന്‍ പി ടി എ അംഗം കൂടിയായ സെബാസ്റ്റ്യന്‍ നാട്ടുകാര്‍ക്കൊപ്പം നിന്ന് സംസാരിച്ചതാണ് സ്‌കൂള്‍ അധികൃതരെയും പൊലീസിനെയും ചൊടിപ്പിച്ചത്.
സെബാസ്റ്റ്യനുമായി തര്‍ക്കമുണ്ടാക്കിയ പൊലീസ് ഇയാളെ പെട്ടെന്ന് മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതിനിടെ കാണാതായ കുട്ടികള്‍ വീട്ടിലെത്തിയിരുന്നു. കുട്ടികള്‍ വീട്ടിലെത്തിയതറിഞ്ഞ് ബഹളം വച്ച രക്ഷിതാക്കള്‍ പിരിഞ്ഞു പോകുകയും ചെയ്തു. സെബാസ്റ്റ്യനെ പൊലീസ് നന്നായി പെരുമാറി. ഭര്‍ത്താവിന്റെ നിലവിളി കേട്ടാണ് സെലിന്‍ പൊലീസിനെ തടസം പിടിക്കാനെത്തിയത്. തലയ്ക്ക് മാരകമായ അസുഖമുള്ള സെലിനെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചെറിഞ്ഞുവത്രേ. സെബാസ്റ്റ്യനെ പൊലീസ് കൊണ്ടുപോയതറിഞ്ഞ് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ബന്ധുക്കള്‍ എത്തിയതറിഞ്ഞ് ഇയ്യാളെ പൊലീസ് ജീപ്പില്‍ കയറ്റി പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് വഴിയിലായിരുന്നു മര്‍ദ്ദനം.
രാത്രിമുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന ബന്ധുക്കള്‍ക്ക് സെബാസ്റ്റ്യനെ ഉറക്കത്തില്‍നിന്നും വിളിച്ചുണര്‍ത്തി മര്‍ദ്ദിക്കുന്നത് കാണാമായിരുന്നു. രംഗം വഷളാകുന്നതു മനസിലാക്കിയ പൊലീസ് പിന്നീട് കൃത്യനിര്‍വ്വഹണത്തിന് തടസം നിന്നുവെന്ന കാരണത്താല്‍ ഇപ്പോള്‍ കേസ് തിരിച്ച് ദമ്പതികളെ ജയിലലടക്കാന്‍ വഴി ഉണ്ടാക്കി. ഇപ്പോള്‍ സെലിന്‍ മാവേലിക്കര കോടതിയിലും സെബാസ്റ്റ്യന്‍ ആലപ്പുഴ സബ് ജയിലിലുമാണ്. തന്റെ മാതാപിതാക്കളെ അകാരണമായി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ സെബസ്റ്റ്യന്റെ മകള്‍ ഫ്രസ്റ്റീന മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ഡി ജി പി, പൊലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മണ്ണഞ്ചേരി എസ് ഐ രാജന്‍ബാബുവിനെതിരെയാണ് ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും എസ് പി സി അംഗവുമായ ഫ്രിസ്റ്റീന പരാതി നല്‍കിയിട്ടുള്ളത്.