![](https://dailyindianherald.com/wp-content/uploads/2016/05/vish-1.jpg)
സ്വന്തം ലേഖകൻ
ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒഴികെ ജില്ലയിലെ മുഴുവൻ സീറ്റിലും ഇടതു സ്ഥാനാർഥികൾ തന്നെ വിജയിക്കുമെന്നു ഇന്റലിജൻസ് റിപ്പോർട്ട്. വിമത സ്ഥാനാർഥികളും എസ്എൻഡിപി പിടിക്കുന്ന വോട്ടും ആലപ്പുഴയിൽ കോൺഗ്രസിനെ തകർത്തു കളയുമെന്നാണ് റിപ്പോർട്ട്. നാലു സീറ്റിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.
ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ഇടതു സ്ഥാനാർഥി കെ.കെ രാമചന്ദ്രൻ മാസ്റ്റർ രണ്ടായിരത്തിലധികം വോട്ടിന്റെ ലീഡിൽ വിജയിക്കുമ്പോൾ ബിജെപി സ്ഥാനാർഥി പി.എസ് ശ്രീധരൻപിള്ള രണ്ടാം സ്ഥാനത്ത് എത്തും. കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ പി.സി വിഷ്ണുനാഥ് മൂന്നാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെടും. കോൺഗ്രസ് റിബൽ സ്ഥാനാർഥിയായ ശോഭനാ ജോർജ് പിടിക്കുന്ന വോട്ടുകളാണ് ഇവിടെ വിഷ്ണുനാഥിനു തിരിച്ചടിയാകുന്നത്.
മാവേലിക്കരയിൽ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളാണ് യുഡിഎഫിനു തിരിച്ചടിയാകുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ശക്തമായ തൃകോണ മത്സരം നടക്കുന്ന മാവേലിക്കര നിയോജക മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ആർ.രാജേഷ് ഏഴായിരം വോട്ടിനു വിജയിക്കും. കോൺഗ്രസ് സ്ഥാനാർഥി ബൈജു കലാശാലയുടെ വോട്ട് വിഹിതത്തിൽ കുറവുണ്ടാകുമ്പോൾ, ബിജെപി സ്ഥാനാർഥി പി.എം വേലായുധൻ കാൽലക്ഷം വോട്ട് പിടിക്കും. കായംകുളത്ത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം സ്ഥാനാർഥിയുമായ പ്രതിഭാ ഹരി പതിനായിരത്തിലധികം വോട്ടിനു വിജയിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇവിടെ യൂത്ത് കോൺഗ്രസ് നേതാവ് എം.ലിജു മൂന്നാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെടും. ഇവിടെ എസ്എൻഡിപി യൂണിയൻ വൈസ് ചെയർമാൻ ഷാജി എം.പണിക്കർ രണ്ടാം സ്ഥാനത്ത് എത്തും.
ഹരിപ്പാട് നിയോജക മണ്ഡലത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കാര്യമായ വെല്ലുവിളി ഉയർത്താൻ ഇടതു സ്ഥാനാർഥി പി.പ്രസാദിനും, ബിജെപി സ്ഥാനാർഥി അശ്വിനി ദേവിനും സാധിക്കില്ലെന്നാണ് റിപ്പോർട്ട്. എൻഡിഎയുടെ ശക്തമായ സാന്നിധ്യമുള്ള കുട്ടനാട്ടിൽ ബിജെപി പിടിക്കുന്ന വോട്ടുകൾ ദോഷം ചെയ്യുക കോൺഗ്രസിനാകുമെന്നു റിപ്പോർട്ട്. കോൺഗ്രസിന്റെ വോട്ടിൽ ചോർച്ചയുണ്ടാക്കുന്ന എസ്എൻഡിപി നേതാവ് സുഭാഷ് വാസു രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ ഈ കൂട്ടപ്പൊരിച്ചിലിൽ ഇടതു സ്ഥാനാർഥിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി വിജയിച്ചു കയറും.
അമ്പലപ്പുഴയിൽ ജനപ്രിയ നേതാവ് ജി.സുധാകരനു വെല്ലുവിളി ഉയർത്താൻ സോഷ്യലിസറ്റ് ജനതാ നേതാവ് ഷേക്ക് പി.ഹാരിസിനു സാധിക്കില്ല. ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥി ലാലി വിൻസന്റിനെ പതിനായിരത്തിലധികം വോട്ടിനു സിറ്റിങ് എംഎൽഎ ടി.എം തോമസ് ഐസക്ക് പരാജയപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ചേർത്തലയിൽ കോൺഗ്രസിന്റെ യുവനേതാവ് എസ്.ശരത്തിനെ സിറ്റിങ് എംഎൽഎ പി.തിലോത്തമൻ പരാജയപ്പെടുത്തുമ്പോൾ, ആരൂരിൽ സിറ്റിങ് എംഎൽഎ എ.എം ആരിഫ് വിജയിക്കും.