വാഷിങ്ടണ്‍: അമേരിക്കയില്‍ എയര്‍പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരുന്ന യാത്രാവിമാനം വിമാനത്തിന്റെ മെക്കാനിക് റാഞ്ചി. അമേരിക്കയിലെ സീടാക് രാജ്യാന്തര വിമാനത്താവളത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച് മെക്കാനിക് വിമാനവുമായി കടന്നു കളഞ്ഞത്. യാതൊരു അനുമതിയും വാങ്ങാതെ വിമാനം ഉയര്‍ന്നതോടെ അധികൃതര്‍ പരിഭ്രാന്തരാകുകയും ചെയ്തു. പക്ഷേ പറന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളില്‍ തന്നെ വിമാനം തകര്‍ന്നു വീണു. വിമാനം പറപ്പിക്കുന്നതിനെക്കുറിച്ച് കൃത്യമായ അറിവൊന്നും ഇല്ലാതെയാണ് മെക്കാനിക് വിമാനം നിയന്ത്രിച്ചത്. അതാണ് വിമാനം തകര്‍ന്നു വീഴാന്‍ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
സംഭവം ഭീകരാക്രമണമാണെന്നതിനു തെളിവുകളില്ലെന്നും ആത്മഹത്യയാണെന്നും അധികൃതര്‍ അറിയിച്ചു. മെക്കാനിക് തനിച്ചാണു വിമാനം തട്ടിയെടുത്തതെന്നും ഇയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും പിയേര്‍സ് കണ്‍ട്രി ഷെരീഫ് പോള്‍ പാസ്റ്റര്‍ പറഞ്ഞു. വിമാനത്തെ രണ്ടു എഫ്-15 എസ് സൈനിക വിമാനങ്ങള്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ അവയ്ക്ക് അപകടത്തില്‍ പങ്കില്ലെന്നു സിയാറ്റിലിലെ കിറോ 7 ന്യൂസ് സ്റ്റേഷന്‍ അറിയിച്ചു. അലാസ്‌ക എയര്‍ലൈന്‍സിന്റെ ഹൊറൈസണ്‍ എയര്‍ ക്യു400 എന്ന വിമാനം ആണ് തകര്‍ന്നു വീണത്. യുഎസിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കു സര്‍വീസ് നടത്തുന്ന വിമാനമാണിത്.