പ്രണയത്തിന്റെ അനന്തതയെ ചിത്രീകരിക്കുന്ന സംഗീത വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു. ലിംഗഭേതമില്ലാത്ത തരളമായ പ്രണയമാണ് മനോഹരമായി ചിത്രീകരിച്ച ആല്‍ബത്തിലൂടെ പറയുന്നത്. ‘മായാതെ’ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ കേതകി നാരായണ്‍, റിതു കിങ്കര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
കെ.പി വൈശാഖാണ് കഥയും സംവിധാനവും. ഗായിക ഗൗരി ലക്ഷ്മിയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ചാള്‍സ് നസറേത്താണ് സംഗീതം. ഇരുവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാതൃഭൂമി കപ്പ ടിവിയാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. ജെബിന്‍ ജേക്കബാണ് ഛായാഗ്രഹണം. നിര്‍മ്മാണം ബാദുഷ.
‘സത്യസന്ധമായതും ആത്മാര്‍ത്ഥതയുള്ളതുമായ കാര്യങ്ങള്‍ എപ്പോഴും അനശ്വരമായി നിലനില്‍ക്കണമെന്നാഗ്രഹമുള്ളവരാണ് നാമെല്ലാം. യഥാര്‍ത്ഥ സ്നേഹവും അങ്ങനെ തന്നെയാണ്. അത് അതിരുകളില്ലാതെ തുടരണം. സന്തോഷത്തിലും ദു:ഖത്തിലും ഒന്നിച്ച് നില്‍ക്കുമെന്ന് നമ്മള്‍ പരസ്പരം നല്‍കുന്ന വാഗ്ദാനമാണ് സ്നേഹം.
ഒന്നിച്ചിരിക്കുമ്പോള്‍ ഓരോരോ ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ കണ്ടെത്തുന്ന സന്തോഷമാണ് സ്നേഹം. അത്തരമൊരു കാലാതീതമായ പ്രണയകഥയുടെ മനോഹരമായ ചിത്രീകരണം അതാണ് ‘മായാതെ’- അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.