ദുബായിലേക്ക് ഹോളിഡേക്ക് പോകുന്നത് ബ്രിട്ടീഷുകാരുടെ പതിവ് ശീലങ്ങളിലൊന്നാണ്. എന്നാല്‍ അത്തരം യാത്രകളില്‍ ബ്രിട്ടനില്‍ നിന്നും വിമാനത്തില്‍ മദ്യം കൂടെക്കൊണ്ട് പോകരുതെന്ന കടുത്ത താക്കീതുമായി ബ്രിട്ടീഷ് അധികൃതര് രംഗത്തെത്തി. ഇത്തരക്കാര്‍ ദുബായിലിറങ്ങുമ്പോള്‍ കൈയില്‍ മദ്യമുണ്ടെന്ന് കണ്ടെത്തിയാല്‍ തല്‍സമയം അറസ്റ്റിലാകാനും തടവിലടക്കപ്പെടാനും ഇടയാകുമെന്നും ബ്രിട്ടീഷ് അധികൃതര്‍ ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ക്ക് കടുത്ത മുന്നറിയിപ്പേകുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ബ്രിട്ടീഷ് കോണ്‍സുലാര്‍ ഒഫീഷ്യലുകളാണ് ഈ കടുത്ത മുന്നറിയിപ്പേകുന്നത്. യുകെയില്‍ നിന്നും ദുബായിലേക്കുള്ള വിമാനത്തില്‍ വച്ച് ഒരു ഗ്ലാസ് വൈന്‍ കുടിച്ചതിനെ തുടര്‍ന്ന് കെന്റിലെ ഒരു യുവതി കഴിഞ്ഞ ദിവസം ദുബായിലെ ജയിലില്‍ ആയ സംഭവത്തിന്റെ വെളിച്ചത്തിലാണ് ഒഫീഷ്യലുകള്‍ കടുത്ത മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഡോ. എല്ലി ഹോല്‍മാനാണ് വൈന്‍ കുടിച്ച കുറ്റത്തിന് മൂന്ന് ദിവസം തടവിലും പിന്നീട് ഒരു മാസത്തിലധികം ഹൗസ് അറസ്റ്റിലും കഴിയാന്‍ വിധിക്കപ്പെട്ടിരുന്നത് എന്നും യുകെയിൽ ഒരു ഓൺലൈൻ പത്രം റിപ്പോർട് ചെയ്യുന്നു
തുടര്‍ന്ന് അറബ് രാജ്യത്തിന്റെ ഭരണാധികാരി ഇടപെട്ടതിനെ തുടര്‍ന്നാണ് ഭാഗ്യവശാല്‍ ഡോ. എല്ലി മോചിപ്പിക്കപ്പെട്ടിരിക്കുന്നത്. യുകെയില്‍ നിന്നുള്ള വിമാനത്തില്‍ വച്ച് ഏതെങ്കിലും ആല്‍ക്കഹോള്‍ കഴിച്ചിരുന്നുവോ എന്ന് ചോദിച്ചാണ് തന്നെ അറസ്റ്റ് ചെയ്തിരുന്നതെന്ന് എല്ലി വെളിപ്പെടുത്തുന്നു. ഈ ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്ന മകള്‍ ബിബിയെന്ന നാല് വയസുകാരിയും തടവില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരുന്നു. ദുബായില്‍ ഹോളിഡേക്ക് പോയപ്പോഴാണ് അവര്‍ക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്.
എല്ലി മോചിതയായി ഒരു മാസത്തിന് ശേഷംമാണ് യുഎഇ സ്‌റ്റേറ്റുകളിലെ ബ്രിട്ടീഷ് കോണ്‍സുലുകള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സംഭവം ഉയര്‍ത്തിക്കാട്ടി ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ക്ക് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. പതിനായിരക്കണക്കിന് ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ ദുബായില്‍ വര്‍ഷം തോറും സന്ദര്‍ശനത്തിനെത്തുന്നുണ്ടെന്നും അവരില്‍ പലരും വിമാനത്തില്‍ വച്ച് മദ്യപിക്കുന്നവരാണെന്നും അതിനാല്‍ ഇവര്‍ തനിക്കും മകള്‍ക്കുമുണ്ടായ ദുരനുഭവവും അധികൃതരുടെ മുന്നറിയിപ്പും ഗൗരവമായെടുക്കണമെന്നും എല്ലി ഓര്‍മിപ്പിക്കുന്നു. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് പ്രവാസികളും ടൂറിസ്റ്റുകളും ഒരു പോലെ മുന്‍കരുതലെടുക്കേണ്ടിയിരിക്കുന്നുവെന്നാണ് ഫോറിന്‍ ഓഫീസ് പുറത്തിറക്കിയിരിക്കുന്ന ഇത് സംബന്ധിച്ച മുന്നറിയിപ്പില്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നത്.