ന്യൂയോര്‍ക്ക്: അന്യഗ്രഹജീവികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആന്റിന ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി അവകാശപ്പെട്ടുകൊണ്ട് വിഷയത്തില്‍ പഠനം നടത്തുന്ന മാര്‍ക്ക് സവാല്‍ഹ രംഗത്ത്. നാസ പുറത്തുവിട്ട ചിത്രങ്ങള്‍ അപഗ്രഥനം ചെയ്താണ് സവാല്‍ഹ ഈ നിഗമനത്തിലെത്തിയത്. 3.64 മൈല്‍ (5.8 കിലോമീറ്റര്‍) ഉയരമുള്ള ആന്റിനയാണ് കണ്ടെത്തിയതെന്ന് ഫിന്‍ലാന്‍ഡുകാരനായ മാര്‍ക്ക് പറയുന്നു.
1967 ല്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങളിലാണ് ആന്റിന കണ്ടെത്തിയത് എന്നാണ് യുഎഫ്ഒ സൈറ്റിംഗ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇതൊരു ആന്റിനയല്ല, മറിച്ച് ഭൂമിയെ നിരീക്ഷിക്കാനായി അന്യഗ്രഹജീവികള്‍ ചന്ദ്രനില്‍ സ്ഥാപിച്ച വാച്ച് ടവറാണെന്ന് സംശയിക്കുന്നവരുമുണ്ട്.നേരത്തെ 2004ല്‍ സാന്‍ ഡീഗോയില്‍ യുഎസ് യുദ്ധവിമാനത്തിലുള്ളവര്‍ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടെന്ന് പ്രസ്താവിച്ച് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ ലൂയിസ് എലിസോന്‍ഡോയും രംഗത്തെത്തിയിരുന്നു. കണ്ടെത്തിയ അജ്ഞാതവസ്തുവിന്റെ സഞ്ചാരം ആകാശപ്പറക്കലുകളുടെ ശാസ്ത്രനിയമങ്ങളെല്ലാം ലംഘിക്കുന്നതായിരുന്നുവെന്ന് എലിസോന്‍ഡോ പറയുന്നു. ചിറകില്ലാത്ത അജ്ഞാത പേടകം ‘ഭിത്തിയില്‍ തട്ടിത്തെറിച്ച പന്തുപോലെ’ സഞ്ചരിക്കുന്നതു കണ്ടതായാണു യുഎസ് വിമാനത്തിലെ പൈലറ്റ് പറഞ്ഞത്.
ഭൂമിയില്‍ മാത്രമല്ല ജീവനുള്ളതെന്നും വിദൂരഗ്രഹങ്ങളില്‍ ആള്‍ താമസമുണ്ടാകാമെന്നുള്ള സിദ്ധാന്തങ്ങള്‍ ഏറെയുണ്ട്. ലോക പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ഇപ്പോളും അന്യഗ്രഹ ജീവികള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നയാളാണ്.എന്നാല്‍ ബാഹ്യപ്രപഞ്ചത്തില്‍നിന്നു പറന്നെത്തുന്ന തളികകളെയും ബഹിരാകാശ ജീവികളെയും കണ്ടിട്ടുള്ളതായി കഥകളുണ്ടെങ്കിലും അവയൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അന്യഗ്രഹ ജീവികള്‍ വരും, ആക്രമിക്കുന്നതിനുപകരം മനുഷ്യരെ സഹായിക്കും
അതേസമയം അന്യഗ്രഹ ജീവികള്‍ മനുഷ്യന്‍ ഭയക്കുന്നതുപോലെ അത്ര ഭീകരരാവില്ല എന്നാണ് ആദ്യ ചാന്ദ്ര യാത്രകളില്‍ ഭാഗഭാക്കായ അലന്‍ ബീന്‍ അഭിപ്രായപ്പെടുന്നു.ഒരു ഓസ്‌ട്രേലിയന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അന്യഗ്രഹജീനവികളെ സംബന്ധിച്ച തന്റെ അഭിപ്രായം അലന്‍ തുറന്നുപറഞ്ഞത്. അന്യഗ്രഹ ജീവികളുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇതുവരെ ഭൂമിയിലെത്തിയില്ലെങ്കിലും അവ എത്തിപ്പെടുകതന്നെ ചെയ്യും. പക്ഷേ അവര്‍ സഹായ മനസ്ഥിതി ഉള്ളവരായിരിക്കും എന്നാണ് അലന്‍ ബീന്‍ പറയുന്നത്.
“സൂര്യനേപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങളാണ് പ്രപഞ്ചത്തിലുള്ളത്. അവയില്‍ ജീവനും നാഗരികതയും കണ്ടേക്കാം. പക്ഷേ അവര്‍ എത്രത്തോളം അക്രമകാരിയാണെന്നാണ് പറയാനാവില്ല. ചിലപ്പോള്‍ 10000 വര്‍ഷം മുമ്പ് എങ്ങനെയാണ് മനുഷ്യര്‍ അതുപോലെയാവാം അവരും. അല്ലങ്കില്‍ 10000 വര്‍ഷം കഴിഞ്ഞ് നാം എങ്ങനെയാവും അതേപോലെയുള്ളവരും. ചിലപ്പോള്‍ നമ്മെപ്പോലെതന്നെ. എന്തായാലും ഇത്ര അകലെനിന്ന് എത്താന്‍ അതുപോലുള്ള സാങ്കേതിക മികവ് കൂടിയേതീരൂ. അത് അവരുടെ ചിന്തയിലും സ്വഭാവത്തിലും പ്രതിഫലിക്കും” അലന്‍ പറയുന്നു.
സഹായ മനസ്ഥിതി അവര്‍ പ്രകടിപ്പിക്കും. ഉദാഹരണത്തിന് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളുടെ മരുന്ന് അവര്‍ വികസിപ്പിച്ചിട്ടുണ്ടാകും. അവര്‍ അത് തരുന്നതുപോലെ നമ്മുടെ കയ്യിലെ സാങ്കേതിക വിദ്യകള്‍ അവര്‍ക്കും നല്‍കാം. 1000 വര്‍ഷം കൊണ്ടുതന്നെ ഇത് സാധ്യമാകുമെന്നും അലന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
നാസയുടെ ചാന്ദ്ര ദൗത്യങ്ങളായ അപ്പോളോ 12ലാണ് അലന്‍ പങ്കെടുത്തത്. ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റ് ആയിരുന്നു അദ്ദേഹം. നാസയുടെ സാങ്കേതിക തികവാര്‍ന്ന ചാന്ദ്ര പദ്ധതിയായിരുന്നു അപ്പോളോ 12. പില്‍ക്കാലത്ത് നാസയില്‍ നിന്ന് ജോലി രാജിവച്ച അലന്‍ ചിത്രരചനയ്ക്കായി ജിവിതം മാറ്റിവച്ചിരിക്കുകയാണ്.