കോഴിക്കോട്: സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ദില്‍ഷാനയുടേയും അലിന്‍ രാജിന്റേയും. വിവാഹ പന്തലില്‍ നിന്ന് കാമുകനൊപ്പം മുങ്ങിയതോടെയാണ് ഇരുവരും ശ്രദ്ധാകേന്ദ്രങ്ങളായത്. ഒടുവില്‍ ദില്‍ഷാന കാമുകനെ ഉപേക്ഷിച്ച് വീട്ടുകാര്‍ക്കൊപ്പം മടങ്ങുകയും ചെയ്തു. ഇത് ഏറെ ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചു. എന്നാല്‍ എന്ത് കൊണ്ടാണ് കാമുകി തന്നെ ഉപേക്ഷിച്ചതെന്ന് അറിയില്ലെന്ന് അലിന്‍ രാജ് പറയുന്നു. ഹൈക്കോടതിയിലെ കേസ് തീരുമാനമാകുമ്പോള്‍ ദില്‍ഷാന തിരികെയെത്തുമെന്ന് തന്നെയാണ് കൂട്ടുകാരുടെയും അലിന്റെയും പ്രതീക്ഷ.
കല്ല്യാണ ദിവസമാണ് ദില്‍ഷാനയെ അലിന്‍ രാജ് ബൈക്കില്‍ നാടകീയമായി കൊണ്ട് പോയത്. പിന്നെ ക്ഷേത്രത്തില്‍ കല്ല്യാണം. വിഷയം പൊലീസ് സ്‌റ്റേഷനിലും കൊയിലാണ്ടി കോടതിയിലുമെത്തിയപ്പോഴും ദില്‍ഷാന ഉറച്ചു നിന്നു. ഇതിനിടെയില്‍ ലൗവ് കുരുക്ഷേത്രയെന്ന വാദം സോഷ്യല്‍ മീഡയയില്‍ സജീവമായി. ഹിന്ദു പെണ്‍കുട്ടികളെ വിവാഹം ചെയ്ത് പറ്റിക്കുന്നുവെന്ന സംഘപരിവാര്‍ ആരോപണവും അതിന് പിന്നാലെ എത്തിയ ലൗവ് ജിഹാദിന്റേയും തടുര്‍ച്ചയായിരുന്നു ലൗവ് കുരുക്ഷേത്ര. ദില്‍ഷാന ലൗവ് കുരുക്ഷേത്രയുടെ ഇരയാണെന്ന വാദം സജീവമായി. എന്നാല്‍ അലിന്‍ രാജിന് സംഘപരിവാറുമായി യാതൊരു ബന്ധവുമില്ല. ക്ഷേത്രത്തിലെ താലികെട്ട് സ്വാഭാവികമായ സംഭവിച്ചതാണ്. കോളേജിലും നാട്ടിലും ഇടതുപക്ഷ അനുഭാവിയായിരുന്നു അലിന്‍ രാജ്. എസ്എഫ്‌ഐയോടായിരുന്നു കോളേജില്‍ ആഭിമുഖ്യം. എന്നിട്ടും ലൗവ് കുരുക്ഷേത്ര വിവാദം ആളികത്തി.
ദില്‍ഷാനഅലിന്‍രാജ് വിവാഹത്തെ വര്‍ഗ്ഗീയ മുതലെടുപ്പിന് ആരോ ഉപയോഗിച്ചു. ഇതിനിടെയിലാണ് ദില്‍ഷാനയുടെ അച്ഛനും അമ്മയും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. അലിന്‍രാജും അച്ഛനും അമ്മയും ആയിരുന്നു പ്രതികള്‍. അതുകൊണ്ട് തന്നെ ദില്‍ഷാനയെ ഹൈക്കോടതിയില്‍ ഹാജരാക്കേണ്ടിയും വന്നു. ഹൈക്കോടതിയില്‍ ഉമ്മയും ബാപ്പയുമായി ദില്‍ഷാന സംസാരിച്ചു. അതിന് ശേഷം കോടതിയുടെ കൗണ്‍സിലിങ്. അതിന് ശേഷം അച്ഛനും അമ്മയ്ക്കും ഒപ്പം പോകാനാണ് കോടതിയില്‍ ദില്‍ഷാന താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇത് എന്തുകൊണ്ടാണെന്ന് അലിന്‍ രാജിന് മനസ്സിലായില്ല. ഒരാഴ്ചത്തെ വീട്ടുകാര്‍ക്കൊപ്പമുള്ള താമസം കഴിഞ്ഞു വന്ന ദില്‍ഷാന കുറച്ചു ദിവസം കൂടി തന്റെ വീട്ടില്‍ നില്‍ക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചതെന്നാണ് സൂചന.
ഇതോടെ ഹേബിസ് കോര്‍പ്പസ് ഹര്‍ജിയില്‍ തീര്‍പ്പു വരും വരെ വീട്ടുകാര്‍ക്കൊപ്പം കഴിയാന്‍ ദില്‍ഷാനയോട് കോടതി നിര്‍ദ്ദേശിച്ചു. പക്ഷേ പഠിത്തം തുടരാന്‍ അനുവദിക്കണമെന്നും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്നും കോടതി ദില്‍ഷാനയുടെ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നമ്പ്രത്തുകര സംസ്‌കൃത കോളേജില്‍ ദില്‍ഷാന ഇതുവരെ എത്തിയിട്ടില്ല. സംഭവത്തിന്റെ ആഘാതത്തില്‍ അലിന്‍ രാജും വീട്ടിലാണ്. ഫോണ്‍ വരെ സ്വച്ച് ഓഫ് ചെയ്തു. ഹൈക്കോടതിയിലെ സംഭവ വികാസങ്ങള്‍ അലിന്‍ രാജിനെ തളര്‍ത്തിയതായി സുഹൃത്തുക്കള്‍ പറയുന്നു. എല്ലാം ശുഭമായി അവസാനിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ലൗവ് കുരുക്ഷേത്രയിലെ പ്രചരണങ്ങളാണ് എല്ലാം താളം തെറ്റിച്ചതെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്.
നാട്ടുകാരുടെ സഹായത്താലാണ് ദില്‍ഷാനയുടെ വിവാഹത്തിന് വേദി ഒരുങ്ങിയത്. എന്നാല്‍ എല്ലാം മനസ്സിലൊതുക്കി നവവധുവായ ദില്‍ഷാന അവസാന നിമിഷം എല്ലാവരേയും ഞെട്ടിച്ചു. വരനും കുടുംബവും വിവാഹ പന്തലില്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്ബ് വധു കാമുകനൊപ്പം സ്ഥലംവിട്ടു. എല്ലാം സിനിമ സ്‌റ്റൈലിലായിരുന്നു. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്താണ് ഈ സംഭവങ്ങള്‍ നടന്നത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ആഭരണങ്ങളും മറ്റും വാങ്ങി നല്‍കിയത് നാട്ടുകാരുടെ കൂട്ടായ്മയാണ്. വധുവിന്റെ സുഹൃത്തുക്കള്‍ എന്ന് പരിചയപ്പെടുത്തി വിവാഹത്തിന് എത്തിയ കാമുകന്റെ സുഹൃത്തുക്കളാണ് ഒളിച്ചോട്ടത്തിന് വഴിയൊരുക്കിയത്. വീട് വിടുബോള്‍ വിവാഹത്തിന് സൂക്ഷിച്ചിരുന്ന സ്വര്‍ണവും മറ്റും ഒപ്പം കൂട്ടാനും വധു മറന്നില്ല. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പലതരം ചര്‍ച്ചകളുമെത്തി. പ്രണയം അറിഞ്ഞതോടെ വീട്ടുകാര്‍ തടങ്കലിലാക്കിയത് കൊണ്ടായിരുന്നു ഈ സാഹസമെന്ന് പെണ്‍കുട്ടി തുറന്ന് പറഞ്ഞു.