ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം തുടങ്ങി.
ബന്ദ്, ഹര്‍ത്താല്‍, പ്രതിഷേധയോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങി വിവിധ രൂപത്തിലാണ് പ്രതിഷേധദിനാചരണം. സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുയാണ്.
ഇടതുപക്ഷം, കോണ്‍ഗ്രസ്, എഎപി, എസ്പി, ബിഎസ്പി, ആര്‍ജെഡി, ഡിഎംകെ, ജെഎംഎം, എന്‍സിപി തുടങ്ങിയ പാര്‍ടികള്‍ സംയുക്തമായാണ് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാജ്യത്തെ ജനകോടികള്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയസമീപനം ഏറെപ്രതിഷേധാര്‍ഹമാണ്.
സംസ്ഥാനത്ത് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്ക് തുടങ്ങിയ അവശ്യ സേവനമേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അതേ സമയം സാധാരണ നിലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താന്‍ എംഡി നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഫാക്ടറികളൊന്നും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താല്‍ സമാധാനപരമാണ്.
പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച്
നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നുള്ള കറന്‍സിക്ഷാമം ഇരുപത് ദിവസമായിട്ടും തുടരുകയാണ്. ബാങ്കുകളിലെയും എടിഎമ്മുകളിലെയും തിരക്കിന് കുറവില്ലെങ്കിലും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രധാനമന്ത്രിയും സര്‍ക്കാറും. രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ദോഷമായി ബാധിക്കുമെന്ന് ബോധ്യപ്പെട്ടിട്ടും നോട്ടുപിന്‍വലിക്കല്‍ നടപ്പാക്കിയതിലെ പാളിച്ചകള്‍ അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ജനങ്ങള്‍ക്ക് അമ്പതുദിവസം ബുദ്ധിമുട്ടുണ്ടാകുമെന്ന നിലപാട് ഞായറാഴ്ച ആകാശവാണിയിലെ മന്‍ കി ബാത് പരിപാടിയില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.