തിരുവനന്തപുരം:ഇന്ത്യയിലെ 10 തൊഴിലാളി യൂണിയനുകള്‍ നേതൃത്വം നല്‍കുന്ന 24 മണിക്കൂര്‍ അഖിലേന്ത്യാ പൊതു പണിമുടക്ക് തുടങ്ങി. ഇന്നു രാത്രി പന്ത്രണ്ടു വരെയാണ് പണിമുടക്ക്. കേന്ദ്ര സര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കും. എന്നാല്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധ്യതയില്ല.അവശ്യ സര്‍വിസുകളായ ആശുപത്രി, പത്രംപാല്‍ വിതരണം തുടങ്ങിയവയെയും സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് തീര്‍ഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്–ഇന്‍ഷുറന്‍സ്–തപാല്‍–ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിനു ഡയസ്നോണ്‍ ബാധകമാക്കിയ സംസ്ഥാന സര്‍ക്കാര്‍, സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ കലക്ടര്‍മാരും വകുപ്പു തലവന്മാരും നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരുടെ ഈ ദിവസത്തെ വേതനം ഒക്ടോബര്‍ ശമ്പളത്തില്‍ നിന്നു തടഞ്ഞുവയ്ക്കും. മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്കു ഹാജരാകാതിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടാനും നിര്‍ദേശമുണ്ട്.
പണിമുടക്കില്‍നിന്നു പിന്‍മാറിയതായി ഭാരതീയ മസ്‌ദൂര്‍ സംഘിന്റെ ദേശീയ നേതൃത്വം വ്യക്‌തമാക്കിയെങ്കിലും ചില സംസ്‌ഥാന ഘടകങ്ങള്‍ അതിനോടു യോജിക്കുന്നില്ലെന്നാണു സൂചന.അടുത്ത ബന്ധുക്കളുടെ മരണം, പരീക്ഷ, ഗര്‍ഭസംബന്ധമായ കാര്യങ്ങള്‍ എന്നിവക്കൊഴികെ ജീവനക്കാര്‍ക്ക് അവധി നല്‍കേണ്ടതില്ളെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അവധിയില്‍ പോയവരുടെ കണക്ക് നല്‍കാനും വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു. ജോലിക്ക് ഹാജരാകുന്നവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ കലക്ടര്‍മാരോടും വകുപ്പ് തലവന്മാരോടും നിര്‍ദേശിച്ചു. വിവിധ സര്‍വകലാശാലകളും മറ്റും പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു.
ആര്‍.എസ്.എസ് അനുകൂല ട്രേഡ് യൂനിയനായ ബി.എം.എസ് സമരത്തില്‍ പങ്കെടുക്കുന്നില്ല. റെയില്‍വേയെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ഗതാഗതം, വ്യവസായം, ഖനി തുടങ്ങിയ മേഖലകളിലും അസംഘടിത മേഖലയിലുമായി രാജ്യത്തെ 15 കോടി തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.
തൊഴിലുടമക്ക് അനുകൂലമായ തൊഴില്‍ നിയമ പരിഷ്കരണ നീക്കം അവസാനിപ്പിക്കുക, കുറഞ്ഞകൂലി പ്രതിമാസം 15,000 രൂപയാക്കി നിജപ്പെടുത്തുക, എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും 3000 രൂപയില്‍ കുറയാത്ത ബോണസ് ഉറപ്പാക്കുക, ദീര്‍ഘകാലത്തേക്ക് കരാര്‍ നിയമനം അവസാനിപ്പിക്കുകയും കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികള്‍ക്കുള്ള വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കുക, വിലക്കയറ്റം തടയാന്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുള്ള നിയമങ്ങള്‍ കണിശമായി നടപ്പാക്കുക, തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതി ഏര്‍പ്പെടുത്തുക, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ നയം അവസാനിപ്പിക്കുക, റെയില്‍വേ, ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം നിര്‍ത്തലാക്കുക എന്നിവയാണ് യൂനിയനുകള്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.
ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സി.ഐ.ടി.യു, എ.ഐ.യു.ടി.സി, ടി.യു.സി.സി, എസ്. ഇ.ഡബ്ള്യു, എ.ഐ.സി.സി.ടി.യു, യു.ടി.യു.സി, എല്‍.പി.എഫ് എന്നീ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.