ന്യൂയോര്‍ക്ക്: സച്ചിന്റെയും ഷെയ്ന്‍ വോണിന്റെയും നേതൃത്വത്തില്‍ നടക്കുന്ന വിരമിച്ച ക്രിക്കറ്റ് കളിക്കാരുടെ ഓള്‍ സ്റ്റാഴ്‌സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ സച്ചിന് മേല്‍ വോണിന് ജയം. ഷെയ്ന്‍ വോണിന്റെ വോണ്‍ വാരിയേഴ്‌സ് സച്ചിന്റെ, സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ആറ് വിക്കറ്റിനാണ് തറ പറ്റിച്ചത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തു തുടങ്ങിയ സച്ചിനെ 26 റണ്‍സില്‍ പിടിച്ചു കെട്ടാനും ഷെയ്ന്‍ വോണിനായി. വോണ്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നേടിയ വോണ്‍ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ സിറ്റി ഫീല്‍ഡിലെ ബേസ് ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സച്ചിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത വീരേന്ദര്‍ സെവാഗ് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. തനിക്ക് വിരമിക്കാന്‍ പ്രായമായിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു വീരുവിന്റെ ഇന്നിംഗ്‌സ്. സെവാഗ് 250 സ്‌ട്രൈക്ക് റേറ്റില്‍ 22 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു.
അതേസമയം സച്ചിന്റെ ടീമിലായതില്‍ പാക് ഫാസ്റ്റ് ബൗളര്‍ അക്തറിനു സന്തോഷം .ലോകകപ്പിലടക്കം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിന്റെ പ്രഹരശേഷി പലതവണ അറിഞ്ഞയാളാണ് പാകിസ്ഥാന്‍ പേസ് ബൗളര്‍ അക്തര്‍. അതുകൊണ്ടുതന്നെ വിരമിച്ച ശേഷം നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സച്ചിനു വേണ്ടി പന്തെറിയാനായിരുന്നു അക്തറിന്റെ ആഗ്രഹം. ആഗ്രഹം പോലെതന്നെ സച്ചിനു വേണ്ടിതന്നെ പന്തെറിയാനും അക്തറിന് സാധിച്ചു. സച്ചിനെതിരെ പന്തെറിയേണ്ടി വന്നില്ലല്ലോ, അതിന് ദൈവത്തിന് നന്ദിയെന്നാണ് അക്തര്‍ പറയുന്നത്.
എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരമാണ് സച്ചിന്‍. കഴിഞ്ഞ 15 വര്‍ഷത്തോളം അദ്ദേഹത്തിനെതിരെ പന്തെറിഞ്ഞിട്ടുണ്ട്. ഇനി അതിന് ആഗ്രഹമില്ല. അദ്ദേഹത്തിനു വേണ്ടി പന്തെറിയാനാണ് ആഗ്രഹം. അതിന് അവസരം ലഭിച്ചതിന് ദൈവത്തിനു നന്ദി പറയുന്നു – അക്തര്‍ പറഞ്ഞു.സച്ചിന്‍സ് ബ്ലാസ്റ്റേഴ്‍സിനു വേണ്ടി അക്തര്‍ രണ്ടു വിക്കറ്റെടുത്തു.