പ്രാവാസികളെ പറ്റിച്ച് വീണ്ടും ഫ്‌ളാറ്റ് കമ്പനികള്‍; എസ് ഐ ബില്‍ഡേഴ്‌സില്‍ പണം നിക്ഷേപിച്ചവര്‍ കുടുങ്ങി; വാഗ്ദാനം ചെയ്ത ഫ്‌ളാറ്റ് നിര്‍മ്മാണം പാതിവഴിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ഫ്‌ളാറ്റ് തട്ടിപ്പുകേസില്‍ വീണ്ടുമൊരു സ്ഥാപനം കൂടി. പ്രമുഖ ബില്‍ഡേ്‌സായ എസ് ഐയാണ് പ്രവാസികളുള്‍പ്പെടെ നൂറ് കണക്കിന് പേരെ വഞ്ചിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഏഷ്യനെറ്റ് ന്യൂസിലാണ് ഈ വാര്‍ത്ത പുറത്ത് വന്നത്.

വിദേശ മലയാളികള്‍ ഉള്‍പ്പെടെ 39 പേരില്‍ നിന്നും പണം വാങ്ങിയിട്ടും ഇതുവരെ ഫ്‌ളാറ്റുകള്‍ കൈമാറിയിട്ടില്ല. 40 ലക്ഷം രൂപയാണ് ഒരു ഫ്‌ളാറ്റിന്റെ വില. തിരുവനന്തപുരം കുടപ്പനക്കുന്നില്‍ സ്ഥിതി ചെയ്യുന്ന എസ്‌ഐ ബില്‍ഡേഴ്‌സിന്റെ ഗ്രീന്‍ വാലി എന്ന ഫ്‌ളാറ്റാണ് ഇപ്പോള്‍ കാട് പിടിച്ച അവസ്ഥയില്‍ കാണപ്പെടുന്നത്. അതായത് ഏതാണ്ട് 14 കോടിയോളം രൂപ ഈ ഫ്ലാറ്റിനായി കമ്പനി കൈപ്പറ്റിയിട്ടുണ്ടെന്നാണ് സൂചന. എന്നിട്ടും ഫ്‌ളാറ്റ് പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ എസ് ഐ ബില്‍ഡേഴ്സും സംശയ നിഴലിലാവുകയാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന ഉറപ്പിലാണ് നാല്‍പ്പത് ലക്ഷം പൂര്‍ണ്ണമായും ഇവര്‍ക്ക് കൈമാറിയത്.
കുടപ്പനക്കുന്നില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് എസ്.ഐ ഹോംസ് എന്ന കമ്പനി നിക്ഷേപകരില്‍ നിന്നും പണം വാങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശ മലയാളികളാണ് പണം നല്‍കിയവരില്‍ ഭൂരിഭാഗവും. 10 നിലയുള്ള ഫ്‌ളാറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത് 2010ല്‍ ആണ്. മൂന്നു വര്‍ഷം കൊണ്ട് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കുമെന്ന ഉറപ്പാണ് അന്ന് കമ്പനി അധികൃതര്‍ നല്‍കിയത്. കരാര്‍ ഒപ്പിടുമ്പോള്‍ 2013 സെപ്റ്റംബര്‍ 30ന് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റുകള്‍ കൈമാറുമെന്നും കമ്പനി വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോള്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.

വിദേശത്ത് നിന്നുള്ള സമ്പാദ്യം മുഴുവന്‍ നാട്ടില്‍ ഒരു വീട് എന്ന സ്വപ്നത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് കുരുക്കിലായത്. പലരും നാട്ടില്‍ ബാങ്കുകളില്‍ നിന്നും ഭവന വായ്പ്പയെടുത്ത ശേഷം വിദേശത്ത് അധ്വാനിക്കുന്ന പണം വായ്പ തിരിച്ചടയ്ക്കുന്നവരാണ്. ഫ്‌ളാറ്റ് ലഭിക്കാത്തിനാല്‍ വിദേശത്തുനിന്നും മടങ്ങിയവര്‍ വാടകവീടുകളില്‍ താമസിക്കുകയാണ്. ഈ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയെ സമീപിച്ചിരിക്കുകയാണ് നിക്ഷേപകര്‍.

ഫ്‌ളാറ്റ്‌ന്റെ മൊത്തം വിലയുടെ 90 മുതല്‍ 95 ശതമാനം വരെയുള്ള തുക എല്ലാ നിക്ഷേപകരും അടച്ചിട്ടുമുണ്ട്. ഫ്‌ളാറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതനുസരിച്ച് പണം നല്‍കണമെന്നതായിരുന്നു കരാര്‍. ഇതനുസരിച്ചാണ് നിക്ഷേപകര്‍ പണം നല്‍കിയത്. എന്നാല്‍ ഫ്‌ളാറ്റിന്റെ പുറമേയുള്ള പണി മാത്രമാണ് പൂര്‍ത്തിയാക്കിയതെന്ന് നാട്ടിലെത്തിയപ്പോഴാണ് പലര്‍ക്കും മനസ്സിലായതും. ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായ ലിഫ്റ്റ്, ടൈല്‍സ്, പ്ലംമ്പിങ്ങ് സാധനങ്ങളൊന്നും തന്നെ ഇത് വരെ വാങ്ങിയിട്ടുമില്ല. കാട് പിടിച്ച് കിടക്കുകയാണ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി ഉപയോഗിച്ച സ്ഥലം.

മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഫ്‌ളാറ്റുകള്‍ കൈമാറാതെയായപ്പോള്‍ പലരും നിര്‍മ്മാതാക്കളെ വിളിച്ച് തിരക്കിയപ്പോള്‍ കുറച്ച് കൂടി സമയമെടുക്കും എന്ന മറുപടിയാണ് ലഭിച്ചത്. സാധാരണ ഗതിയിലുണ്ടാകുന്ന കാലതാമസമായിരിക്കുമെന്ന് കരുതി പലരും ഇത് കാര്യമാക്കിയില്ല. എന്നാല്‍ നാട്ടില്‍ എത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടപ്പോഴാണ് പലര്‍ക്കും കാര്യം മനസ്സിലായത്. പലരും കാര്യം തിരക്കിയപ്പോള്‍ ഫണ്ടിന്റെ അഭാവംകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടായതെന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കിയ വിശദീകരണം. 95 ശതമാനം തുകയും ഈടാക്കിയ ശേഷം ഫണ്ടിന്റെ അഭാവം എന്ന് പറയുന്നത് എന്ത് ന്യായമാണ് എന്ന ചോദ്യമാണ് നിക്ഷേപകര്‍ ചോദിച്ചത്.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ദീപക് വിദേശ മന്ത്രാലയത്തിലും, മുഖ്യമന്ത്രി പിണറായി വിജയനും പരാതി സമര്‍പ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്ഥലത്തെ പൊലീസ് സ്റ്റേഷന്നെ ചുമതലപ്പെ ടുത്തുകയായിരുന്നു. പിന്നീട് ദീപക് നാട്ടിലെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ഇവിടെ വച്ച് പൊലീസ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കലെ വിളിച്ച് വരുത്തിയെങ്കിലും നിയമ നടപടികള്‍ സ്വീകരിച്ചില്ല. അതേ സമയം ഫ്‌ളാറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഉടനെ തന്നെ പൂര്‍ത്തിയാകുമെന്നും എസ് ഐ ബില്‍ഡേഴ്‌സ് വ്യക്തമാക്കുന്നു.

Top