
കൊല്ലം : കോൺഗ്രസിനും യു.ഡി.എഫിനും കനത്ത മാനക്കേട് ഉണ്ടാക്കിയ ലൈംഗികാരോപണ കേസിൽ അറസ്റ്റിലായ എം വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസിലെ വനിതാ നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും. വിന്‍സെന്റിനെതിരെ ഉടന്‍ നടപടികളൊന്നും വേണ്ടെന്ന പൊതുധാരണ കോണ്‍ഗ്രസില്‍ രൂപപ്പെട്ടതിന് വിരുദ്ധമായാണ് വനിതാ നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.
പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെ വിന്‍സെന്റിന്റെ കുടുംബസുഹൃത്തായിരുന്ന സ്ത്രീ ആരോപണവുമായി രംഗത്തുവരികയായിരുന്നെന്നാണ് സംഭവത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് വിന്‍സെന്റിന്റെ വിശദീകരണത്തില്‍ പാര്‍ട്ടിക്ക് തൃപ്തിയുണ്ട്. സ്ത്രീ ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര എംഎല്‍എ സ്ഥലത്തെത്തിയതും സ്ത്രീയുടെ സഹോദരന്റെ സിപിഎം ബന്ധവും സംശയം ഉയര്‍ത്തുന്നതാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക പിഡനം ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ നിയമനടപടികളുമായി എംഎല്‍എ തന്നെ മുന്നോട്ട് പോകട്ടെയെന്നാണ് പാര്‍ട്ടി നിലപാട്. കോടതിയില്‍ കേസ് നിലനില്ക്കാന് സാധ്യതയില്ലെന്നും അതിനാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജി ആവശ്യപ്പെടുന്നതുള്‍പ്പെടെ കടുത്ത നടപടികള്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ എം വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും. വനിതാ നേതാക്കളുടെ നിലപാട് പാര്‍ട്ടിയുടെ പൊതുനിലപാടിനെ സ്വാധീനിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.