വളരെ ചുറുചുറുക്കോടെയാണ് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം മണ്ഡലത്തിലറങ്ങി സജീവ പ്രചാരണം നടത്തുന്നത്. 65-ാം വയസ്സിലും അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ഭാര്യ ഷീല. അല്‍ഫോണ്‍സിന്റെ അച്ഛനും വലിയ അധ്വാനി ആയിരുന്നു. ഒന്നാം മണി അടിക്കുന്നതു കേള്‍ക്കുമ്പോള്‍ പറമ്പില്‍ നിന്ന് ഓടിക്കയറി വന്ന് കുളിച്ച് സ്‌കൂളില്‍ പോകുന്ന മാഷായിരുന്നു അല്‍ഫോന്‍സിന്റെ പപ്പ.
അതുകൊണ്ടു തന്നെ മക്കളും അദ്ദേഹത്തെ പോലെ നല്ല ആരോഗ്യവാന്മാരാണ്. പപ്പയെ പോലെ തന്നെ അധികം വണ്ണംവയ്ക്കാത്ത ശരീരമാണ് അവരുടേതും. വളരെക്കുറച്ചുമാത്രം ഭക്ഷണം. മുടക്കാതെ വ്യായാമവും പ്രാര്‍ഥനയും. തിരഞ്ഞെടുപ്പു പ്രചാരണച്ചൂടിലും അല്‍ഫോണ്‍സ് കണ്ണന്താനം ഇക്കാര്യം തെറ്റിക്കാറില്ലെന്ന് ഷീല പറയുന്നു. ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് എത്തിയതെങ്കിലും ഭര്‍ത്താവിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ് ഷീലയും.
ഫ്‌ളാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് വോട്ടു ചോദിക്കുന്നുണ്ട്. നേരത്തേ എറണാകുളത്ത് ആയിരുന്നതിനാല്‍ ഇവിടെയുള്ള സുഹൃത്തുക്കളും ഒപ്പം കൂടും-ഷീല പറഞ്ഞു. രാത്രി 2 മണിയാകുമ്പോഴാണ് പ്രചാരണപരിപാടികള്‍ കഴിഞ്ഞ് അല്‍ഫോന്‍സ് ഫ്‌ളാറ്റിലെത്തുന്നത്. എന്നാലും പുലര്‍ച്ചെ 5 മണിക്കു മുന്‍പേ ഉണരും. നടത്തത്തിനായി അല്‍പനേരം മാറ്റിവയ്ക്കും.
കുളിച്ചു റെഡിയായി ഇറങ്ങുന്നതിനു മുന്‍പ് ഷീല ഒരു കപ്പ് കാപ്പിയും രണ്ടു ഗോതമ്പ് റെസ്‌കും കൊടുക്കും പ്രചാരണ വേളകളില്‍ മൈക്കിലൂടെ ഉറക്കെ സംസാരിച്ച് തൊണ്ടവേദന വരാനുള്ള സാധ്യത കൂടുതലായതിനാല്‍ കുരുമുളകും ചുക്കും ചേര്‍ത്തു തിളപ്പിച്ച വെള്ളം ഫ്‌ലാസ്‌കിലാക്കി കൊടുത്തുവിടും. എന്നാലും മൈക്കിലൂടെ ഉറക്കെ സംസാരിക്കുന്ന ശീലം അദ്ദേഹം ഉപേക്ഷിക്കില്ല. ആവേശം കൂടുമ്പോള്‍ ശബ്ദം തനിയെ ഉയരുന്നതാണെന്നു ഷീല പറയുന്നു രാവിലെ ഇട്ടിട്ടു പോകുന്ന വസ്ത്രം തന്നെയാണ് രാത്രി പ്രചാരണം അവസാനിക്കുന്നതുവരെ ധരിക്കുന്നത്.
എന്നാല്‍ കൃത്യനിഷ്ടയുടെ കാര്യത്തില്‍ കേന്ദ്രമന്ത്രി കര്‍ക്കശക്കരനാണെന്നും ഓരോ പരിപാടിക്കും കൃത്യസമയത്ത് എത്തണമെന്നുള്ളത് നിര്‍ബന്ധമാമെന്നും ഷീല പറയുന്നു. കേള്‍ക്കാനെത്തുന്നവരെ ബഹുമാനിക്കണമെന്നാണു അദ്ദേഹത്തിന്റെ പോളിസി. പ്രധാനമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ചു ചികിത്സാസഹായങ്ങളും മറ്റു സഹായങ്ങളും ചെയ്തുകൊടുത്ത ഒട്ടേറെപ്പേര്‍ മണ്ഡലത്തിലുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം അവരും അല്‍ഫോന്‍സിന്റെ കരുത്താണെന്നെന്നും പലരും കുടുംബക്കാര്‍ക്കൊപ്പം പ്രചാരണപരിപാടികള്‍ക്കു വരാറുണ്ടെന്നും ഷീല പറഞ്ഞു.