ദില്ലി:എന്നും തന്ത്രപരമായ നീക്കത്തിലൂടെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന മോദിയും അമിതയും കേരളത്തെ ഓണസമ്മാനം നൽകി ഞെട്ടിച്ചു ! കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിനും പങ്കാളിത്തം . മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്ദ്യോഗസ്ഥന്‍ കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും.കേരളത്തില്‍ നിന്ന് ഇക്കുറിയും കേന്ദ്ര മന്ത്രിയുണ്ടാകില്ലെന്നായിരുന്നു സൂചന. പിന്നീടാണ് ബി.ജെ.പിയുടെ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗമായ അല്‍ഫോണ്‍സ് കണ്ണന്താനം ഇടം നേടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇടതുപക്ഷ പിന്തുണയോടെ കേരളത്തില്‍ എം.എല്‍.എയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. പിന്നീട് ദില്ലി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
ഐഎഎസ് ഉദ്യോഗസ്‌ഥനെന്ന നിലയിൽ അഴിമതിക്കെതിരെ നടത്തിയ സമരങ്ങളുടെ പേരിൽ ഇടത്തരക്കാരുടെ ആരാധനാപാത്രമായ വ്യക്തിയാണ് 1979ലെ ഐഎഎസ് ബാച്ചുകാരനായ ഈ അറുപത്തിനാലുകാരൻ. കാഞ്ഞിരപ്പള്ളിക്കടുത്ത് മണിമലയാണ് സ്വദേശം. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ചർച്ചയായ അവസരത്തിലൊന്നും കണ്ണന്താനത്തിന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നില്ല. എന്നിട്ടും, അഴിമതി വിരുദ്ധത മുഖമുദ്രയാക്കി മൂന്നുവർഷം പൂർത്തിയാക്കിയ മോദി സർക്കാരിലേക്ക് കേരളത്തിന്റെ പ്രതിനിധിയായി എത്തിപ്പെടാനുള്ള നിയോഗം അഴിമതിവിരുദ്ധനെന്ന് പേരുകേട്ട കണ്ണന്താനത്തിന് ലഭിച്ചു.
ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മനോഹർ പരീക്കർ രാജിവച്ച രാജ്യസഭാ സീറ്റിൽനിന്ന് അൽഫോൻസ് കണ്ണന്താനത്തെ എംപിയാക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു പരീക്കർ. ഗോവയിലേക്ക് തിരിച്ചുപോയ അദ്ദേഹം ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഈ അദ്ദേഹം ഒഴിച്ചിടുന്ന സീറ്റിലേക്ക് പാർട്ടി കണ്ണന്താനത്തെ പരിഗണിക്കുന്നത്.
സിവിൽ സർവീസിൽനിന്ന് വിരമിക്കാൻ ഏഴു വർഷം അവശേഷിക്കെയാണ് സ്ഥാനമാനങ്ങളെല്ലാം രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയത്. ലാൻഡ് റവന്യൂ കമ്മിഷണർ ആയിരിക്കെ ഇടതു രാഷ്ട്രീയം ലക്ഷ്യമിട്ടായിരുന്നു രാജി. തുടർന്ന് 2006ൽ സിപിഎം സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽനിന്ന് നിയമസഭയിലെത്തി. 2011ൽ ബിജെപിയിലേക്ക് ചേക്കേറിയ കണ്ണന്താനം പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ അംഗമായി. അതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.
നേരത്തെ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിന്റെ ലഫ്.ഗവർണർ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ കണ്ണന്താനത്തെ പരിഗണിച്ചിരുന്നു. എന്നാൽ, ഇവിടെ ലഫ്.ഗവർണറായി പഞ്ചാബ് സ്വദേശി മതിയെന്ന അകാലിദളിന്റെ കടുംപിടുത്തത്തെ തുടർന്ന് സർക്കാർ ഈ നീക്കത്തിൽനിന്ന് പിൻമാറുകയായിരുന്നു. അതെന്തായാലും കണ്ണന്താനത്തെ സംബന്ധിച്ച് ഗുണമായി മാറുന്ന കാഴ്ചയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയോടെ കാണുന്നത്.
ഐഎഎസുകാരനായിരിക്കെ ഭരണ നടപടികളുടെ പേരിൽ കണ്ണന്താനം ഡൽഹിയിലും കേരളത്തിലും വിവാദ നായകനായിട്ടുണ്ട്. ഡൽഹിയിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചു നിരത്തി ശ്രദ്ധപിടിച്ചുപറ്റി. ഫയലുകൾക്കപ്പുറത്തെ മനുഷ്യജീവിതത്തെ അറിയാനാണ് ഐഎഎസ് ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതെന്നായിരുന്നു രാജിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ടൈം മാഗസിന്റെ മികച്ച 100 രാജ്യാന്തര യുവ നേതാക്കളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലാ കലക്ടറായിരിക്കെ കോട്ടയം ജില്ലയ്ക്ക് 100 ശതമാനം സാക്ഷരത സമ്മാനിക്കാനുള്ള നടപടികളിലൂടെ ശ്രദ്ധേയനായി
ഇപ്പോള്‍ സഹമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ കാബിനറ്റ് മന്ത്രിയാകാനാണ് സാധ്യത. സത്യപാല്‍ സിംഗ്, ഗജേന്ദ്ര ഷെഖാവത്ത്, അനന്ത് കുമാര്‍ ഹെഗ്ഡെ, മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ് എന്നിവരും മന്ത്രിമാരാവും. ശിവ് പ്രസാദ് ശുക്ല, ശങ്കര്‍ ഭായ് ബാഗെഡ്, അശ്വനി കുമാര്‍ ചൗബെ എന്നിവര്‍ സഹമന്ത്രിമാരാകും. ആകെ ഒന്‍പത് മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.