കൊച്ചി: മുന്‍ എസ്.പി. സുനില്‍ ജേക്കബിന്റെ കൊച്ചിയിലെ സമാന്തര കുറ്റാന്വേഷണ ഏജന്‍സി അനുവദിക്കാനാകില്ലെന്നു ഡി.ജി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. സുനില്‍ ജേക്കബിന് കൊച്ചിയിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥരുടെ സഹായം കിട്ടുന്നുണ്ടെന്നും ഐ.ജി: എം.ആര്. അജിത്കുമാര്‍ വേട്ടയാടുകയാണെന്ന സുനില്‍ ജേക്കബിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഡി.ജി.പി. വ്യക്തമാക്കി. മുന്‍ പോലീസ് ഉദ്യോഗസ്ഥന് പോലീസ് സേനയിലെ സ്വന്തം സ്വാധീനം സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയുടെ പ്രവര്‍ത്തനത്തിനുപയോഗിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. ഒന്പതുവര്ഷം കൊച്ചിയില്‍ പ്രവര്‍ത്തിച്ച സുനില്‍ ജേക്കബ് വിവിധ ഉദ്യോഗസ്ഥരുമായുള്ള അടുപ്പം പ്രയോജനപ്പെടുത്തുന്നുണ്ട്. മൂന്നു സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ സഹായം നല്കിയിട്ടുള്ളതായും കണ്ടെത്തി. മാത്രമല്ല പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ പോലീസ് കേസുകള്‍ സമാന്തര പോലീസ് സംവിധാനത്തിലൂടെ ഒത്തുതീര്‍പ്പാക്കുന്നത് പൊതുതാല്പര്യത്തിന് വിരുദ്ധമാണ്. സുനില്‍ ജേക്കബിനെതിരേ ഒരാരോപണം ഉണ്ടായപ്പോള്‍തന്നെ കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വഷണം നടത്തി. ആരോപണങ്ങള്‍ ശരിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് നടപടിക്കെതിരേ സുനില്‍ ജേക്കബ് നല്കിയ ഹര്‍ജിയില്‍ ഐ.ജി: എം.ആര്. അജിത്കുമാര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും തന്റെ സൈ്വര്യജീവിതം തടസപ്പെടുത്തുകയാണെന്നും ആക്ഷേപിച്ചിട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡി.ജി.പി വിശദീകരിച്ചു.
സുനില്‍ ജേക്കബ് സര്‍വീസിലിരിക്കെ നേരിട്ട അച്ചടക്ക നടപടികളുടെ വിശദാംശങ്ങളും ഡി.ജി.പിയുടെ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷണം നടത്തിയതായും പത്രികയില്‍ വ്യക്തമാക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി. ആസഫ് അലി കോടതിക്ക് കൈമാറി.