മുംബൈ: ചെറു കാര്‍ വിപണിയില്‍ ചരിത്രം സൃഷ്ടിച്ച കമ്പനിയാണ് മാരുതി സുസുക്കി. ഇപ്പോള്‍ മാരുതിയുടെ ആള്‍ട്ടോയ്ക്ക് ഒരു പുതിയ റെക്കോര്‍ഡ് കൂടി സ്വന്തമായിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന ബഹുമതിയാണ് ഇപ്പോള്‍ ആള്‍ട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. മാരുതിയുടെ തന്നെ 800ന്റെ റെക്കോര്‍ഡാണ് ആള്‍ട്ടൊ മറികടന്നത്.
പതിനഞ്ചു വര്‍ഷം കൊണ്ട് 29 ലക്ഷത്തിലേറെ ഓള്‍ട്ടോ കാറുകളാണ് മാരുതി വിറ്റഴിച്ചത്. 2000 സെപ്റ്റംബറിലാണ് ഓള്‍ട്ടോ വിപണിയില്‍ എത്തിയത്. ഈ വര്‍ഷം ഒകേ്ടാബര്‍ വരെയുള്ള കണക്കനുസരിച്ച് 29,19,819 കാറുകള്‍ വിറ്റഴിക്കാനായി.
29 വര്‍ഷം കൊണ്ട് മാരുതി 800 ഉണ്ടാക്കിയ നേട്ടമാണ് ഇതിന്റെ പകുതിയോളം കാലയളവുകൊണ്ട് ഓള്‍ട്ടോ പിന്നിട്ടത്.
800 സി.സി എഞ്ചിനിലായിരുന്നു ആദ്യം ആള്‍ട്ടൊ എത്തിയത്. പിന്നീട് 1,000 സി.സിയില്‍ ആള്‍ട്ടൊ കെ.10 എന്ന മോഡല്‍ കമ്പനി പുറത്തിറക്കി. പിന്നീട് വീണ്ടും ആള്‍ട്ടൊ 800 എന്ന പരിഷ്‌ക്കരിച്ച മോഡല്‍ കമ്പനി വിപണിയിലെത്തിച്ചു. ഇതിനിടെ 800ന്റെ ഉത്പാദനം നിര്‍ത്തുകയാണെന്ന് മാരുതി പ്രഖ്യാപിച്ചിരുന്നു. 1983 ഡിസംബറില്‍ ലോഞ്ച് ചെയ്തതു മുതല്‍ 2014 ജനുവരിയില്‍ ഉത്പാദനം നിര്‍ത്തുന്നതു വരെ 28 ലക്ഷത്തിലേറെ കാറുകളാണ് 800 വിറ്റുപോയത്.