കൊച്ചി: ആലുവയിൽ നിയമവിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഐ സുധീറിനെ സ്ഥലം മാറ്റി. പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടിയെന്ന് ഡിവൈഎസ്പി അറിയിച്ചു. അതേസമയം, സുധീറിനെ സ്ഥലം മാറ്റിയാൽ പോരാ, സസ്പെൻഷൻ നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഉത്ര വധക്കേസിന്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആരോപണ വിധേയനായ സുധീര്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉത്ര കേസില്‍ ഇയാളുടെ വീഴ്ചയെപ്പറ്റിയുള്ള ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂര്‍ത്തിയായത്. അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് ഇതിനു മുന്‍പും സുധീര്‍ വിവാദം ഉണ്ടാക്കിയിട്ടുണ്ട്.