നടി അമലയുടെ പേരിൽ വ്യാജ പ്രൊഫൈൽ: പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസ്

സ്വന്തം ലേഖകൻ
 
കോഴിക്കോട്: സിനിമാ താരങ്ങളുടെയും നടിമാരുടെയും ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈലുകൾ ഉണ്ടാകുന്നത് ഫെയ്‌സ്ബുക്കിൽ പതിവ് കാഴ്ചയാണ്. എന്നാൽ, ഇത്തരത്തിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുന്നവരാരും നടിയാണെന്നും അവകാശപ്പെടാറുപോലുമില്ല. എന്നാൽ, നടിയും അവതാരകയുമായ അമല റോസിന്റെ കഥ തികച്ചും വ്യത്യസ്തമാണ്. നൂറിലേറെ വ്യാജ പ്രൊഫൈലുകളാണ് അമലയുടെ പേരിൽ മാത്രം ഉണ്ടാക്കി, അമലയാണെന്ന പേരിൽ പലരോടും ചാറ്റ് ചെയ്യുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. എല്ലാ പെൺകുട്ടികളെയും പോലെ ഇവിടെ എന്നെ സഹായിക്കാൻ ഒരു നിയമമോ നീതിപീഠമോ ഇല്ലെന്നും അമല തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. തന്റെ പ്രതികരണം താൻ ഈ ഫേസ്ബുക്കിലൂടെ അറിയിക്കുക മാത്രമേ തനിക്ക് നിവൃത്തിയുള്ളു. നല്ലവരായ സുഹൃത്തുക്കൾ ഇത് ഷെയർ ചെയ്ത് പരമാവധി ആളുകളിൽ എത്തിക്കുക. ലൈക്കുകൾക്കോ റീച്ചിനോ വേണ്ടിയല്ല, ഇനി ഒരാളു പോലും വഞ്ചിക്കപ്പെടരുത് അതിനു വേണ്ടിയാണെന്നും താരം വ്യക്തമാക്കുന്നു. –
 
 
അമലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഒന്നിനു പുറകെ മറ്റൊന്നായി സൈബർ കുറ്റകൃത്യത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇവിടെ ഓരോ പെൺകുട്ടികളും. കഴിഞ്ഞ ജനുവരിയിൽ ഞാൻ അറിഞ്ഞു എന്റെ ഫോട്ടോകൾ ഉപയോഗിച്ച് മറ്റൊരു പേരിൽ ഒരു പെൺകുട്ടി കേരള മാട്രിമോണിയിൽ റജിസ്റ്റർ ചെയ്യുകയും പല പേരിൽ എന്റെ ഫോട്ടോകൾ വച്ച് വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും ഐഎംഒയിലും എല്ലാം അക്കൗണ്ട് എടുത്ത് പ്രണയ വിവാഹ അഭ്യർഥനകൾ നടത്തുകയും ചെയ്യുന്നു. വിവാഹത്തിന്റെ വക്കിൽ എത്തിയിട്ട് വഴിമുട്ടുന്ന അവസ്ഥ, ഇതേ തുടർന്ന് ഒരുപാടു യുവാക്കളും അവരുടെ കുടുംബാംഗങ്ങളും വഞ്ചിക്കപ്പെടുന്നു. ഈ പ്രശ്നത്തെ തുടർന്ന് ഞാൻ സൈബർ സെല്ലിൽ സമീപിച്ചിരുന്നു, കേസും ഫയൽ ചെയ്തു. പരാതി എഴുതി നൽകിയിട്ടും അവർ ആദ്യം എന്നോടു പറഞ്ഞു വാട്സ്ആപ്പ് നമ്പർ ട്രേസ് ചെയ്തപ്പോൾ കോയമ്പത്തൂർ ഭാഗത്തു നിന്നുള്ള അവിടുത്തെ രണ്ട് നഴ്സിങ് വിദ്യാർഥികൾ ആണ് ഇതിനു പിന്നിലെന്ന്. അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഞാൻ ആവശ്യപ്പെട്ടു. പിന്നീട് അവരുടെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായില്ല. പൊലീസ് സ്റ്റേഷനിൽ പലതവണ എനിക്ക് ഇതേ തുടർന്ന് സമീപിക്കേണ്ടി വന്നിട്ടുണ്ട്. അവർ പറയുന്ന ന്യായം മറ്റൊന്നാണ്. വാട്സ്ആപ്പും ഫെയ്സ്ബുക്കും ഐഎംഒയുമെല്ലാം വിദേശ കമ്പനികൾ ആണെന്ന്. മാത്രവുമല്ല ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാൻ അവർക്കു താൽപര്യവും ഇല്ല. ഇവിടെ എവിടെയാണ് ഒരു പെൺകുട്ടിക്കു നീതി ലഭിക്കുക. ഈ പറയുന്ന സാറുമ്മാരുടെയെല്ലാം വീട്ടിലെ പെൺകുട്ടികൾക്കാണ് ഇങ്ങനെ അവസ്ഥ എങ്കിൽ അവർ പ്രതികരിക്കില്ലേ. ഞാൻ വീണ്ടും സൈബർ സെല്ലിനെ സമീപിച്ചു. ഞാൻ കേസ് ഫയൽ ചെയ്ത തീയതി ഉൾപ്പെടെ പറഞ്ഞു. എത്ര ഫയൽ ചെയ്താലും ഇതുവരെ സംഭവിച്ചതു തന്നെയല്ലേ ഇനിയും സംഭവിക്കുക എന്നു ഞാൻ തിരിച്ചു ചോദിച്ചു. ഒരുപാടു കോളുകൾ വരുന്നതാണ്, സംസാരിക്കാൻ സമയം ഇല്ല, വേണമെങ്കിൽ വന്നു റിട്ടൺ കംപ്ലയിന്റ് കൊടുക്കൂ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയാണുണ്ടായത്. എനിക്ക് ഒന്നു മാത്രമേ പറയാനുള്ളു, നിഖിത, നിമ്മി. തുമ്പി (ഇതൊക്കെ ആയിരുന്നു ഫേക് ഐഡികളിലെ പേരുകൾ) എന്നൊക്കെയോ അങ്ങനെ വേറെ..ഏതൊക്കെ പേരിലോ അഡ്രസിലോ എന്റെ ഫോട്ടോ എന്തെങ്കിലും തരത്തിലുളള സോഷ്യൽ മീഡിയയിലോ മറ്റോ ഇതുപോലെ ഉളള അനുഭവങ്ങൾ ഉണ്ടായാൽ അത് ഫേക്ക് ആണെന്ന് മനസ്സിലാക്കുക. 1. എനിക്ക് ഈ എഫ്ബി അക്കൗണ്ട് ആണ് നിലവിൽ ഉളളത് 2. വാട്സ്ആപ്പ് നമ്പർ എന്റെ അടുത്ത ഫ്രണ്ട്സിന്റെ കയ്യിലുണ്ട്. ഞാൻ ഒരു വാട്സ്ആപ്പ് അക്കൗണ്ട് മാത്രമേ ഉപയോഗിക്കുന്നുളളൂ 3. എനിക്ക് ഐ.എം.ഒ ഇല്ല 4. ഞാൻ ഒരു വിവാഹ മാട്രിമോണിയലിലും റജിസ്റ്റർ ചെയ്തിട്ടില്ല 5. തൽക്കാലം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല.
 
 
ഏതെങ്കിലും അക്കൗണ്ടിൽ നിന്നും എന്റെ പ്രൊഫൈൽ വച്ചിട്ടോ മറ്റു പ്രൊഫൈലുകളിൽ എന്റെ ഫോട്ടോകൾ വച്ചോ ഞാൻ എന്ന വ്യാജേന വന്നാൽ അത് ഫേക്ക് എന്നു മനസിലാക്കുക. ഇതിന്റെ പിന്നിൽ ആരാണ് എന്ന് എനിക്കറിയില്ല, പക്ഷേ മനപ്പൂർവം എന്നെ കരിവാരിതേക്കാൻ ചെയ്യുന്നതാണ്. ഇതുകൊണ്ട് അവർ നേടുന്ന നേട്ടം എന്താണെന്ന് എനിക്കറിയില്ല.
 
‘നിങ്ങളുടെ കർമം നിങ്ങളെ പിന്തുടരട്ടെ’
 
എല്ലാ പെൺകുട്ടികളെയും പോലെ ഇവിടെ എന്നെ സഹായിക്കാൻ ഒരു നിയമമോ നീതിപീഠമോ ഇല്ല. എന്റെ പ്രതികരണം ഞാൻ ഈ ഫേസ്ബുക്കിൽ അറിയിക്കുക മാത്രമേ നിവൃത്തിയുള്ളു. നല്ലവരായ സുഹൃത്തുക്കൾ ഇത് ഷെയർ ചെയ്ത് പരമാവധി ആളുകളിൽ എത്തിക്കുക. ലൈക്കുകൾക്കോ റീച്ചിനോ വേണ്ടിയല്ല, ഇനി ഒരാളു പോലും വഞ്ചിക്കപ്പെടരുത് അതിനു വേണ്ടിയാണ്.
 
 
 
 
Top