ചെന്നൈ: ലൈംഗികച്ചുവയോടെ സംസാരിച്ച വ്യവസായിക്കെതിരെ നിയമനടപടി സ്വീകരിച്ച നടി അമലാ പോളിന് പിന്തുണയുമായി സിനിമാ താരങ്ങള്‍ രംഗത്തെത്തി. തമിഴ് സിനിമാ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തലവനും നടനുമായ വിശാല്‍ അമല നടത്തിയത് ശക്തമായ നീക്കമാണെന്ന് അഭിപ്രായപ്പെട്ടു.‘അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങള്‍. നിന്നെ സല്യൂട്ട് ചെയ്യുന്നു. ലൈംഗികാതിക്രമ കേസുകളില്‍ നിയമത്തെ സമീപിക്കാന്‍ നല്ല ധൈര്യം വേണം. കൃത്യമായ നടപടി സ്വീകരിച്ച പൊലീസിന് നന്ദി. കുറ്റക്കാരന്‍ ഇതില്‍നിന്നും പാഠമുള്‍ക്കൊള്ളും എന്നു പ്രതീക്ഷിക്കുന്നു.’ വിശാല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. ആരുടേയും പേരെടുത്തു പറയാതെ തന്നെ സംഭവത്തില്‍ പിന്തുണയുമായി നടി മഞ്ജിമ മോഹനും രംഗത്തെത്തി. പുറത്തുപോകുമ്പോള്‍ പെപ്പര്‍ സ്‌പ്രേ കൈയ്യില്‍ വയ്ക്കാന്‍ സഹോദരന്‍ പറയുമായിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇവരെ നേരിടാന്‍ അതു പോരെന്നാണ് തോന്നുന്നതെന്ന് മഞ്ജിമ പറഞ്ഞു. സ്ഥിതിഗതികള്‍ മാറുമെന്നും സ്ത്രീയെ വെറുമൊരു ലൈംഗിക വസ്തുവായി കാണാതെ ഒരല്പം ബഹുമാനത്തോടെ കാണുന്ന കാലം വരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മഞ്ജിമ വ്യക്തമാക്കി. ചെന്നൈ ടി. നഗറിലെ ശ്രീധര്‍ മാസ്റ്ററുടെ സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുന്നതിനിടെയാണ് അഴകേശന്‍ എന്ന വ്യവസായി തന്റെ അടുത്തെത്തി അശ്ലീല സംഭാഷണം നടത്തി തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് അമലാ പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഴകേശനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.‘മലേഷ്യയിലെ ഒരു പരിപാടിക്കായി നൃത്തപരിശീലനം നടത്തുകയായിരുന്നു ഞാന്‍. പരിശീലനത്തിനിടെ ഞാന്‍ തനിച്ചായിരുന്നപ്പോള്‍ ഇയാള്‍ എന്റെ അടുത്തുവന്നു. എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുമെന്ന രീതിയില്‍ സംസാരിച്ചു. സെക്ഷ്വല്‍ ഫേവേഴ്‌സ് ആവശ്യപ്പെട്ടു. ഞാന്‍ ശരിക്കും അപമാനിക്കപ്പെട്ടു. സുരക്ഷയില്‍ ഭയമുള്ളതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെട്ടത്. ശ്രീധര്‍ മാസ്റ്ററുടെ സ്റ്റുഡിയോയില്‍ വച്ചാണ് ഇത് സംഭവിച്ചത്. പക്ഷെ അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ല. പരിപാടിയുടെ നടത്തിപ്പുകാരില്‍ ആരെങ്കിലുമായിരിക്കും ഇയാള്‍ക്ക് എന്റെ പരിശീലനത്തിന്റെ സമയവിവരങ്ങള്‍ അറിയിച്ചുകൊടുത്തത് എന്നാണ് സംശയം.’ അമല പറഞ്ഞു. സ്വന്തന്ത്രമായി ജോലി ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയാണ് താനെന്നും മറ്റു ശല്യങ്ങളില്ലാതെ തന്റെ ജോലി ചെയ്യാന്‍ തനിക്ക് സാഹചര്യമുണ്ടാകണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അമല പോള്‍ വ്യക്തമാക്കി. ‘ഞാന്‍ മാത്രമല്ല, എന്നെപ്പോലെ ജോലി ചെയ്തു ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവര്‍ക്കും ഇത്തരം ശല്യങ്ങളില്‍ നിന്നും സുരക്ഷ ലഭിക്കണം. പൊലീസ് വിഷയം വേണ്ട ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യുമെന്നും ഞാന്‍ അര്‍ഹിക്കുന്ന നീതി എനിക്ക് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.’ അമല പോള്‍ പറഞ്ഞു.
https://youtu.be/Yi8_dbK7vn4