ഒപ്പമുള്ള യാത്രികരെല്ലാം കൊല്ലപ്പെട്ട വിമാന ദുരന്തത്തില്‍ അദ്ഭുതകരമായി രക്ഷപ്പെട്ട 3 വയസ്സുകാരി  

 

 

റഷ്യ: വിമാനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട 3 വയസ്സുകാരി ആശുപത്രി വിട്ടു. ഷസ്മിന ലിയോന്റേവയാണ് കഴിഞ്ഞ മാസം റഷ്യയിലുണ്ടായ വിമാനാപകടത്തില്‍ നിന്ന് പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. 6 യാത്രക്കാരുള്‍പ്പെടെ വിമാനത്തിലുള്ളവരെല്ലാം കൊല്ലപ്പെട്ടപ്പോള്‍ ഷസ്മിനയ്ക്ക് മാത്രമാണ് ജീവന്‍ തിരികെ കിട്ടിയത്. എല്‍ 410 വിമാനം ലാന്‍ഡ് ചെയ്യാനൊരുങ്ങവെ 300 അടി ഉയരത്തില്‍ നിന്ന് വനപ്രദേശത്ത് തകര്‍ന്നുവീഴുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട രക്ഷാപ്രവര്‍ത്തകന്‍ അവശിഷ്ടങ്ങളില്‍ നിന്ന് ഷസ്മിനയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ ഇരുകാലുകളും ഒടിഞ്ഞിരുന്നു. മറ്റു പരിക്കുകളൊന്നും ഏല്‍ക്കാതെ കുട്ടി ദുരന്തത്തെ അതിജീവിച്ചത് ഡോക്ടര്‍മാരുള്‍പ്പെടെ ഏവര്‍ക്കും അദ്ഭുതമായി. ഒടുവില്‍ ചികിത്സയ്ക്ക് ശേഷം ഷസ്മിന കഴിഞ്ഞ ദിവസം ആശുപത്രി വിടുകയായിരുന്നു.വീല്‍ചെയറില്‍ വീട്ടിലേയ്ക്ക് മടങ്ങിയ ഷസ്മിനയ്ക്ക് കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാം. വിമാനത്തിന്റെ വലത് എഞ്ചിന്‍ പൊടുന്നനെ പ്രവര്‍ത്തനം നിര്‍ത്തിയതാണ് അപകടകാരണമായത്.  ജീവന്‍ കാത്തതിന് ദൈവത്തോടും അവളുടെ അധ്യാപിക ഓള്‍ഗ ലപോണിക്കോവയോടും കടപ്പെട്ടിരിക്കുന്നതായി രക്ഷാപ്രര്‍ത്തകര്‍ വ്യക്തമാക്കുന്നു. വിമാനം കൂപ്പുകുത്തുമ്പോള്‍ ഓള്‍ഗ കുട്ടിയെ നെഞ്ചോടടുക്കി പിടിച്ചിരുന്നു. അതിനാല്‍ ഇടിച്ചുതകരവെ മൂന്നുവയസ്സുകാരിക്ക് ഗുരുതരമായ പരിക്കുകളേറ്റില്ല.

Top