ഒന്‍പതാം തവണയും അംബാനി തന്നെ; 18.9 ദശലക്ഷം ഡോളര്‍ സമ്പാദ്യം

സിംഗപ്പൂര്‍: ഇന്ത്യയിലെ ഏറ്റവും ധനികരായ 100 വ്യക്തികളില്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി 9ാം തവണയാണ് മുകേഷ് ഒന്നാം സ്ഥാനത്തെത്തുന്നത്. 18.9 ദശലക്ഷം യു.എസ് ഡോളറാണ് അദ്ദേഹത്തിന്‍രെ ആസ്തി. ഫോര്‍ബ്‌സ് മാഗസിനാണ് പട്ടിക തയ്യാറാക്കിയത്. സണ്‍ ഫാര്‍മയുടെ ഉടമ ദിലീപ് സാങ്‌വിയാണ് ധനികരില്‍ രണ്ടാമന്‍. സമ്പാദ്യം 18 ദശലക്ഷം ഡോളര്‍. 15.9 ദശലക്ഷം ഡോളറുമായി അസിം പ്രേംജിയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പ്പനരംഗത്തെ അതികായരായ ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഉടമകളായ സച്ചിന്‍ ബന്‍സല്‍, ബിന്നി ബന്‍സല്‍ എന്നിവര്‍ ഇത്തവണ ആദ്യമായി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 1.3 ദശലക്ഷം ഡോളര്‍ ആസ്തിയുമായി 86ാം സ്ഥാനത്താണ് ഇവര്‍ (രണ്ടുപേരുടെയും പേരിന്റെ അവസാനം ബന്‍സല്‍ എന്നാണെങ്കിലും ഇവര്‍ സഹോദരന്മാരല്ല). ബജറ്റ് തുകയില്‍ വിമാനയാത്രാ സൗകര്യമൊരുക്കുന്ന ഇന്‍ഡിഗോയുടെ സഹഉടമ രാകേഷ് ഗംഗ്‌വാളും ആദ്യമായി പട്ടികയിലെത്തിയിട്ടുണ്ട്. 1.6 ദശലക്ഷം ഡോളര്‍ സമ്പാദ്യവുമായി 70ാം സ്ഥാനത്താണ് ഇദ്ദേഹം. ഗംഗ്‌വാളിന്റെ പാര്‍ട്‌നറായ രാഹുല്‍ ഭാട്ട്യ നേരത്തെ തന്നെ ലിസ്റ്റിലുണ്ട്. 38ാം സ്ഥാനത്താണ് ഇത്തവണ അദ്ദേഹം. കഴിഞ്ഞ തവണ 50ാം സ്ഥാനത്തായിരുന്നു. ഇത്തവണ ആകെ 12 പേര്‍ ആദ്യമായി ലിസ്റ്റിലുള്‍പ്പെട്ടിട്ടുണ്ട്. ഈ ധനികരുടെയെല്ലാംകൂടി സമ്പാദ്യം 345 ദശലക്ഷം ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇത് 346 ദശലക്ഷമായിരുന്നു. രൂപയുടെ മൂല്യക്കുറവും ഓഹരിവിപണിയിലുണ്ടായ ചാഞ്ചാട്ടങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ലിസ്റ്റിലെ പത്തോളം പേര്‍ക്ക് ഇക്കാരണങ്ങളാല്‍ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇടിവു തട്ടയിട്ടുണ്ട്. ഇവരില്‍ പ്രമുഖന്‍ ഉരുക്കു വ്യവസായിയായ ലക്ഷ്മി മിത്തലാണ്. കഴിഞ്ഞതവണ 5ാം സ്ഥാനത്തായിരുന്ന മിത്തല്‍ ഇത്തവണ 8ാം സ്ഥാനത്താണ്.

Top