സ്വന്തം ലേഖകൻ
വാഷിങ്ടൺ: ഉത്തരകൊറിയയുടെ ഭീഷണികൾ വീണ്ടും ശക്തമാകുന്നതിനിടെ അമേരിക്കൻ വിമാനവാഹിനി യുദ്ധക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗൻ ഉത്തരകൊറിയൻ തീരംലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. ഇതിനിടെ ഉത്തരകൊറിയയ്ക്കു നേരെ ആക്രമണമുണ്ടായാൽ പിൻതുണതേടിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും സംഘവും സൗദി സന്ദർശനം നടത്തുന്നത് എന്ന രീതിയിൽ വാർത്തകളും പ്രചരിച്ചു തുടങ്ങി.
അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിൽ ഒന്നായ യുഎസ്എസ് റൊണാൾഡ് റീഗൻ കഴിഞ്ഞ ദിവസമാണ് കൊറിയൻ തീരം ലക്ഷ്യമാക്കി യാത്ര തിരിച്ചത്. ജപ്പാനിലെ യോക്കോഹാമയിലെ അമേരിക്കൻ സൈനിക താവളത്തിലായിരുന്ന റൊണാൾഡ് റീഗൻ കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നു യാത്ര തിരിച്ചത്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ പരീക്ഷണത്തിൽ കൊറിയൻ മിസൈൻ ജപ്പാൻ തീരത്തെ കടലിലാണ് പതിച്ചത്.
ഇതേ തുടർന്നാണ് അമേരിക്കൻ വിമാനവാഹിനി കപ്പൽ റൊണാൾഡ് റീഗൻ കൊറിയൻ തീരം ലക്ഷ്യമാക്കി നീങ്ങിയത്. ദക്ഷിണ – ഉത്തരകൊറിയയുടെ കടൽ അതിർത്തിൽ റൊണാൾഡ് റീഗനു വേണ്ടി കാത്തു നിൽക്കുന്ന യുഎസ്എസ് കാൾവിൻസൻ എന്ന അമേരിക്കൻ വിമാനവാഹിനി കപ്പലിലുള്ള സൈനിക സംഘവും റൊണാൾഡ് റീഗനും കൂടിച്ചേരും. തുടർന്നു ദക്ഷിണകൊറിയൻ നാവികസേനയുടെ സഹായത്തോടെ ഈ കടലിൽ സൈനിക പരിശീലനം നടത്തുന്നതിനാണ് പദ്ധതി.
എന്നാൽ, സൈനികസംഘം എത്രനാൾ കടലിലുണ്ടാകുമെന്നോ, സൈനിക പരിശീലനവും എത്രനാൾ ഉണ്ടാകുമെന്നു ഇനിയും അമേരിക്കൻ നേവി അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ അമേരിക്കയുടെ നേവി എല്ലാവിധ തയ്യാറെടുപ്പുകളും ഇവിടെ നടത്തുന്നുണ്ടെന്നും, ആവശ്യമെങ്കിൽ ദക്ഷിണകൊറിയൻ സൈനിക ബേസ് താവളമാക്കി അമേരിക്കൻ സൈന്യം ആക്രമണം നടത്തുമെന്നും സൂചനകൾ ശക്തമായിട്ടുണ്ട്.
ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും കുടുംബവും സൗദിയിൽ സന്ദർശനം നടത്തിയത് യുദ്ധം സംബന്ധിച്ചുള്ള ഭീഷണിശക്തമാക്കി. കൊറിയയെ ആക്രമിക്കേണ്ട സാഹചര്യമുണ്ടായാൽ, സൗദിയുടെ പിൻതുണ തേടുന്നതിനു വേണ്ടിയാണ് ഇപ്പോൾ അമേരിക്കൻ പ്രസിഡന്റും സംഘവും സൗദിയിൽ സന്ദർശനം നടത്തുന്നതെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. വിദേശമാധ്യമങ്ങൾ അടക്കമുള്ളവ ഈ വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇനി കൊറിയയുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായാൽ അമേരിക്കയുടെ ആക്രമണം ഉണ്ടാകുമെന്ന സൂചനകളാണ് ശക്തമായിരിക്കുന്നത്.