കൊച്ചി:സാങ്കേതിക ലോകത്തെ ‘അദൃശ്യ യുദ്ധ’ത്തെയാണ് മിക്ക രാജ്യങ്ങളും ഇപ്പോൾ ഭയക്കുന്നത്. തന്ത്രപ്രധാന ഡേറ്റകളെല്ലാം ചോർത്തി ഒരു രാജ്യത്തെ ഇരുട്ടിലാക്കാൻ വരെ ഓൺലൈനിൽ നിശബ്ദ യുദ്ധം നയിക്കുന്നവർക്ക് സാധിക്കും. അത്തരമൊരു ഭീതിയിലാണ് അമേരിക്കയും ബ്രിട്ടനും. ഇന്റര്‍നെറ്റിന്റെ പോക്കുവരവു നടക്കുന്ന ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനായി റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി അമേരിക്കയും ബ്രിട്ടനും സംയുക്തമായി മുന്നറിയപ്പു നല്‍കി.
ഇതിനോടകം എത്ര ഉപകരണങ്ങളെ ഹാക്കര്‍മാര്‍ വരുതിയിലാക്കിയെന്നോ അവരുടെ ലക്ഷ്യമെന്തെന്നോ തങ്ങള്‍ക്ക് അറിയില്ലെങ്കിലും ലോകം മുഴുവനായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ഇതു ബാധിക്കുന്നുവെന്നാണ് അമേരിക്കയും ബ്രിട്ടനും മുന്നറിയിപ്പ് നൽകുന്നത്
ഇന്റര്‍നെറ്റ് റൗട്ടറുകളെ കീഴ്‌പ്പെടുത്തലാണ് ഒരു രീതിയെന്നു തോന്നുന്നു. റൗട്ടറുകളെ നിയന്ത്രണത്തില്‍ കൊണ്ടുവരിക വഴി അതിലൂടെയുള്ള ഇന്റര്‍നെറ്റിന്റെ പോക്കുവരവിനെയും വരുതിയിലാക്കാം. ഇതു വ്യാപകമാണ്. ഒരു പരിണതഫലമാണോ ലക്ഷ്യമെന്നും അറിയില്ലെന്നാണ് അമേരിക്കയും ബ്രിട്ടനും പറയുന്നത്. ഇതാകട്ടെ ശത്രുവിന്റെ കൈയ്യില്‍ വളരെ ശക്തായ ആയുധവുമാകാം. ഇന്നു ലോകത്തെ മിക്കവാറും ഇന്റര്‍നെറ്റ് പോക്കുവരവെല്ലാം നടക്കുന്നത് 2015നു ശേഷം നിര്‍മിച്ച റൗട്ടറുകളിലൂടെയാണ്. ഈ റൗട്ടറുകളെയാണ് റഷ്യൻ ഹാക്കര്‍മാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
റഷ്യന്‍ സര്‍ക്കാരാണ് ഇതിനു പിന്നിലെന്നു പറയാന്‍ തങ്ങള്‍ക്ക് ‘അമിതമായ ആത്മവിശ്വാസം’ ഉണ്ടെന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്. ഈ മുന്നറിയിപ്പിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സർക്കാരും ഹാക്കര്‍മാരുടെ നീക്കത്തില്‍ ഉത്കണ്ഠ അറിയിച്ചു. ലോകമെമ്പാടുമുള്ള റൗട്ടറുകളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് അവരും പറഞ്ഞു. ഓസ്‌ട്രേലിയയുടെ ബിസിനസ് സ്ഥാപനങ്ങളെയും വ്യക്തികളെയും ഈ ആക്രമണകാരികള്‍ ലക്ഷ്യം വയ്ക്കുന്നതായി സൈബര്‍ സുരക്ഷാ മന്ത്രി ആങ്ഗസ് ടെയ്‌ലര്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ നാനൂറോളം ബിസിനസ് സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം നടന്നിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍.
ഇന്റര്‍നെറ്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ഉപകരണങ്ങള്‍ക്ക് വീടുകളില്‍ വ്യക്തികള്‍ ഉപയോഗിക്കുന്ന തരം റൗട്ടറുകള്‍ക്കുള്ള സുരക്ഷ പോലും ഇല്ലെന്ന രീതിയിലുള്ള വാര്‍ത്തകളും വരുന്നുണ്ട്. ഇവയെയാണ് ഹാക്കര്‍മാര്‍ പിടിച്ചെയുക്കാന്‍ ശ്രമിക്കുന്നതെന്നും പറയുന്നു.ഹാക്കര്‍മാര്‍ ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ബന്ധിത റൗട്ടറുകളെ സ്‌കാന്‍ ചെയ്യുന്നു. അവയെ കബളിപ്പിച്ച് പാസ്‌വേഡുകള്‍ തട്ടിയെടുക്കുന്നുവെന്ന് അമേരിക്കയും ബ്രിട്ടനും പറയുന്നു. വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുന്ന ഈ ആക്രമണം റഷ്യയുടെ സ്വഭാവദൂഷ്യത്തിനു നേരെ വിരല്‍ ചൂണ്ടുന്നതായി ഇരു രാജ്യങ്ങളും പറയുന്നു. ഇതേപ്പറ്റിയുള്ള ഉത്കണ്ഠ അറിയിക്കുന്നതും ചെറുത്തുനില്‍പ്പിനുള്ള ശ്രമങ്ങളും തങ്ങളുടെ പ്രതിരോധപ്രവര്‍ത്തനമാണെന്നാണ് അവര്‍ പറയുന്നത്.
ഒളിഞ്ഞു നോട്ടത്തിനും പണം മോഷ്ടിക്കാനായുമൊക്കെ ആയിരിക്കണം ഈ നീക്കമെന്നാണ് അമേരിക്കയും ബ്രിട്ടനും കരുതുന്നത്. റഷ്യയ്‌ക്കെതിരെ ഇതുവരെ വിലക്കുകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എങ്കിലും അടുത്ത ദിവസങ്ങളില്‍ അതു പ്രതീക്ഷിക്കാമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
സ്കഡ് മിസൈലും പാട്രിയറ്റും
ഒന്നാം ഗൾഫ് യുദ്ധകാലത്താണ് സ്കഡ് മിസൈലും പാട്രിയറ്റും കേൾക്കാൻ തുടങ്ങിയത്. യുദ്ധത്തിനു അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന റഷ്യയും അമേരിക്കയും തന്നെയാണ് ഈ രണ്ടു ആയുധങ്ങളും ഗൾഫ് രാജ്യങ്ങളിലും എത്തിച്ചത്. സ്കഡ് ആക്രമിക്കാനുള്ളതാണെങ്കിൽ പാട്രിയറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ളതാണ്. സ്കഡ് റഷ്യൻ ടെക്നോളജിയാണ്, പാട്രിയറ്റ് അമേരിക്കയുടെ ഉൽപന്നവും. 1990 ലാണ് അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിക്കാൻ തുടങ്ങിയത്. വ്യോമ– കരയാക്രമണം ശക്തമാക്കിയ സദ്ദാമിന്റെ പ്രധാന ആയുധം സ്കഡ് മിസൈലുകളായിരുന്നു. റഷ്യൻ നിർമിത സ്കഡ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ‘അൽ ഹുസൈൻ’ മിസൈൽ അന്ന് ഗൾഫ് മേഖലയ്ക്ക് വൻ ഭീഷണിയായിരുന്നു. മിക്ക ഗൾഫ് രാജ്യങ്ങളുടെയും കൈവശം അത്യാധുനിക മിസൈലുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു. ഇതോടെയാണ് കുവൈത്തിനെ സഹായിക്കാൻ അമേരിക്ക എത്തുന്നത്. അമേരിക്ക വന്നത് ഒരുകൂട്ടം അത്യാധുനിക ആയുധങ്ങളുമായിരുന്നു. ഇതിലൊന്നായിരുന്നു മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ്.
‘ഓപ്പറേഷന്‍ ഡെസര്‍ട്ട് സ്റ്റോം’ എന്ന പേരിൽ ഇറാഖിനെതിരെ നടന്ന അമേരിക്കൻ ആക്രമണത്തിൽ പാട്രിയറ്റ് വൻ ശക്തിയായി പ്രവർത്തിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, സൗദി അറേബ്യ, കുവൈത്ത്, ഓസ്‌ട്രേലിയ തുടങ്ങി 32 രാജ്യങ്ങളിലെ സൈനികരെ ഏകോപിപ്പിച്ചാണ് ആക്രമണം നടത്തിയത്. ഇതോടെയാണ് അമേരിക്കയുടെ കൂടെ നിന്ന രാജ്യങ്ങളിലെല്ലാം മിസൈൽ പ്രതിരോധ സംവിധാനം പാട്രിയറ്റ് സജ്ജീകരിച്ചത്. അന്നും സൗദി അറേബ്യക്കു നേരെ സ്കഡ് മിസൈല്‍ ആക്രമണമുണ്ടായി. എന്നാൽ യുഎസ് ടെക്നോളജി പാട്രിയറ്റ് മിസൈല്‍ ഉപയോഗിച്ച് അമേരിക്കൻ പട്ടാളക്കാര്‍ മിസൈൽ തകർത്തു.
എന്താണ് പാട്രിയറ്റ്?
പാട്രിയറ്റ് എന്നാൽ കരയിൽ നിന്നു വായുവിലേക്ക് തൊടുക്കാവുന്ന പ്രതിരോധ ബാലസ്റ്റിക് മിസൈലാണ്. അമേരിക്കയാണ് ഈ മിസൈൽ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് അമേരിക്കയുടെ സഖ്യത്തിലെ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം കൊണ്ടുവന്നു. 1981 ലാണ് പാട്രിയറ്റ് പുറത്തുവരുന്നത്. 20 മുതൽ 30 ലക്ഷം ഡോളർ വരെയാണ് ഇതിന്റെ നിർമാണ ചെലവ്.
നിലവിൽ അമേരിക്കയുടെ കൈവശം മാത്രം 1,106 പാട്രിയറ്റ് ലോഞ്ചറുകളുണ്ട്. മറ്റു രാജ്യങ്ങളിലായി 172 ലോഞ്ചറുകളും സർവീസിലുണ്ട്. ഇതിൽ പ്രയോഗിക്കാനായി ഏകദേശം പതിനായിരം മിസൈലുകൾ നിർമിച്ചിട്ടുണ്ട്. എംഐഎം–104 പാട്രിയറ്റ് എന്നാണ് ഈ ടെക്നോളജിയുടെ ഔദ്യോഗിക പേര്. കുവൈത്ത്, യുഎഇ, സൗദിഅറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിൽ പാട്രിയറ്റിന്റെ സേവനം ലഭ്യമാമാണ്.
കൊച്ചി:കഴിഞ്ഞ നാലു വർഷത്തിനിടെ യെമനിൽ നിന്നും സൗദിയിലേക്ക് എത്തിയത് 119 മിസൈലുകൾ. എല്ലാ മിസൈലുകളും അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ സഹായത്തോടെ തകർത്തു. മെക്ക, നജ്റാൻ, മദീന, റിയാദ്, അബഹ വിമാനതാവളങ്ങൾ തുടങ്ങി തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാനിന്റെ സഹായത്തോടെ ഹൂതികൾ മിസൈൽ ആക്രമണം നടത്തുന്നത്. എന്നാൽ ഒരു മിസൈൽ പോലും സൗദി മണ്ണിൽ വീണിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഇറാനിന്റെ ആളില്ലാ വിമാനത്തിന്റെ ചിത്രങ്ങളും സൗദി അധികൃതർ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. ഇറാനിന്റെ സഹായത്തോടെ അബഹ എയർപോർട്ട് തകര്‍ക്കുകയാണ് ഹൂതി ഭീകരരുടെ ലക്ഷ്യമെന്നും സൗദി അറേബ്യന്‍ വക്താവ് പറഞ്ഞു. നിലവിൽ ഹൂതികളുടെ 737 കേന്ദ്രങ്ങൾ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തിട്ടുണ്ട്.
യെമനിലെ അംറാൻ പ്രവിശ്യയിൽ നിന്നാണ് ഹൂതികൾ മിസൈൽ ആക്രമണം നടത്തുന്നത്. ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ തകർത്തതായി സഖ്യ സേനാ വക്താവ് കേണല്‍ തുർക്കി അൽ മാലിക്കി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് അബഹ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറാനിന്റെ ആളില്ലാ വിമാനം (ഡ്രോൺ) പ്രത്യക്ഷപ്പെട്ടത്. സൗദി സേന വെടിവെച്ച് തകര്‍ത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഹൂതികളുടെ കീഴിലുള്ള സൻആ എയർപോർട്ടിൽ നിന്നാണ് ഡ്രോൺ നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.