കൊച്ചി: സൂപ്പര്‍താരം ദിലീപിനെതിരെ അമേരിക്കന്‍ മലയാളികള്‍. ദിലീപ് അമേരിക്കയില്‍ നടത്താനിരുന്ന ഷോ ഒരുകൂട്ടം മലയാളികള്‍ ബഹിഷ്‌കരിച്ചു. ദിലീപിന് നേരെ ഉയര്‍ന്ന നിരവധി ആരോപണങ്ങളാണ് അമേരിക്കന്‍ മലയാളികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണം. നാദിര്‍ഷ അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ഷോയിലാണ് ദിലീപ് പങ്കെടുക്കുന്നത്. ഇതിനു പുറമേ ദിലീപിന്റെ സിനിമ അടക്കം എല്ലാം ബഹിഷ്‌കരിക്കുകയാണെന്നാണ് അമേരിക്കന്‍ മലയാളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. അതേസമയം വീഡിയോയില്‍ ദിലീപിന്റെ പേരെടുത്തു പറയുന്നില്ല.
അമേരിക്കന്‍ മലയാളിയായ സാബു കട്ടപ്പന ഫേസ്ബുക്ക് വീഡിയോയിലാണ് ദിലീപിന്റെ ഷോ ബഹിഷ്‌കരിക്കുന്നതായി പറഞ്ഞത്. പ്രമുഖ നടന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സാബു ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്‌കരിച്ചതായി അറിയിച്ചത്. ഫേസ്ബുക്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്ത് വൈറലാകുകയാണ്. തന്റെ ഫോണ്‍ നമ്പര്‍ സഹിതമാണ് സാബു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
പ്രമുഖ നടിയെ വിവാഹം കഴിക്കുകയും പിന്നീട് ഇതേ നടിയുടെ സുഹൃത്തിനെ വിവാഹം ചെയ്യുകയും ചെയ്തു. മറ്റൊരു പ്രമുഖ നടിയെ ഗുണ്ടകളെ വച്ച് ആക്രമിക്കുകയും ചെയ്തു എന്നാണ് സാബു കട്ടപ്പന ആരോപിക്കുന്നത്.
ഈ നടന്‍ ചെയ്ത പ്രവൃത്തി ചെയ്യുന്നത് ഒരു സാധാരണക്കാരനാണെങ്കില്‍ അയാള്‍ ഇന്ന് അറസ്റ്റിലായേനെ. പ്രമുഖ നടനെ പ്രമുഖനാക്കിയത് നമ്മള്‍ പ്രേക്ഷകരാണെന്നും അതിനാല്‍ ഇതിനോട് പ്രതികരിക്കേണ്ടത് നമ്മളാണെന്നും സാബു പറയുന്നു.
ഈ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും മറ്റ് സോഷ്യല്‍ മീഡിയയും വഴി വൈറലാകുകയാണ്. അടുത്തമാസം നാദിര്‍ഷയുടെ നേതൃത്വത്തിലാണ് അമേരിക്കയില്‍ ഷോ നടക്കുന്നത് എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍. വീഡിയോ സംബന്ധിച്ച് എല്ലാ ഉത്തരവാദിത്വവും സാബു കട്ടപ്പന ഏറ്റെടുക്കുന്നതായി അദ്ദേഹം തന്നെ പറയുന്നു.
അതേ സമയം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടില്ല. ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഫലമായിട്ടാണ് തന്നെ ആക്രമിക്കുന്നത് എന്നാണ് ദിലീപ് സംഭവത്തോട് പ്രതികരിച്ചത്.