പിതാവിന്റെ വീരമൃത്യുവിനു ശേഷം ആദ്യമായി സ്‌കൂളില്‍ പോയ അഞ്ചുവയസുകാരന് പോലീസുകാരുടെ അകമ്പടി. അമേരിക്കയിലെ ഇന്ത്യാന സ്വദേശിയായ ദക്കോട്ട പിറ്റ്‌സിനാണ് പിതാവിന്റെ സഹപ്രവര്‍ത്തകരായ 70 പോലീസുകാര്‍ അകമ്പടി സേവിച്ചത്. തങ്ങളുടെ സഹപ്രവര്‍ത്തകനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായാണ് ഇവര്‍ ദക്കോട്ടക്കൊപ്പം സ്‌കൂളില്‍ പോയത്.
ഈ മാസം ആദ്യമാണ് ദക്കോട്ടയുടെ പിതാവായ റോബ് പിറ്റ്‌സ് (45) ആക്രമികളുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ഒരു കെട്ടിടത്തിനകത്ത് വെച്ച് നടന്ന വെടിവെയ്പ്പില്‍ ആക്രമികളുമായി നടത്തിയ ഏറ്റുമുട്ടലിനിടയിലായിരുന്നു ഇദ്ദേഹം കൊല്ലപ്പെട്ടത്.
പിതാവിന്റെ മരണശേഷം ആകെ തകര്‍ന്നുപോയിരുന്നു ദക്കോട്ട. അച്ഛനോടൊപ്പമായിരുന്നു ദക്കോട്ട സ്‌കൂളില്‍ പോയിരുന്നത്. അച്ഛന്റെ വേര്‍പാടിനു ശേഷം മാനസികമായി തളര്‍ന്ന കുട്ടി പിന്നീട് സ്‌കൂളില്‍ പോകുമായിരുന്നില്ല. ഈ വിവരമറിഞ്ഞ പോലീസുകാര്‍ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ട് തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന് ആദരവ് അര്‍പ്പിക്കുകയായിരുന്നു.
അച്ഛന്‍ ഒപ്പമുണ്ടെന്ന് കരുതുവാനായി പിതാവിന്റെ ബാഡ്ജുമണിഞ്ഞാണ് ദക്കോട്ട സ്‌കൂളില്‍ പോയത്. ഇന്ത്യാനയിലെ സുല്ലിവന്‍ എലമെന്ററി സ്‌കൂളിന്റെ വാതില്‍ തുറന്ന് ദക്കോട്ട അകത്ത് പ്രവേശിക്കുന്നതുവരെ പോലീസുകാര്‍ അവിടെ കാവല്‍ നിന്നു. ഈ ചിത്രങ്ങള്‍ വൈറലാവുകയാണ്.