വാഷിങ്ടണ്‍: എട്ട് മുസ്ലിം രാജ്യങ്ങളില്‍നിന്ന് അമരിക്കയിലേക്കു സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളെര്‍പ്പെടുത്തി അമേരിക്കന്‍ ഭരണകൂടത്തിന്റെ മുസ്ലിം സമുദായത്തോടുള്ള കടുത്ത അസഹിഷ്ണുതാ നിലപാട്.ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടക്കം പത്തു വിമാനത്താവളങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ബാധകമാകുക.
വിമാനത്തിനകത്തുകൊണ്ടുപോകാവുന്ന ക്യാബിന്‍ ബാഗേജില്‍ ലാപ്ടോപ്, ടാബ്ലെറ്റ്, ക്യാമറ, ഡിവിഡി പ്ലെയര്‍ തുടങ്ങിയ വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവ ചെക്ക്ഡ് ബാഗേജില്‍ കൊണ്ടുപോകാം. മൊബൈല്‍ ഫോണുകളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ യാത്രക്കാര്‍ക്ക് കൈയില്‍ കരുതാം.
പ്രതിദിനം അമ്പതോളം വിമാന സര്‍വീസുകളെ നിയന്ത്രണം ബാധിക്കും. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 10 വിമാനത്താവളങ്ങളാണ് വിലക്കിന്റെ പരിധിയില്‍ വരിക. യുഎഇ, സൗദി, കുവൈറ്റ്, ഖത്തര്‍, ഈജിപ്റ്റ്, തുര്‍ക്കി, ജോര്‍ദാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ കാരണങ്ങളാലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് അമേരിക്കന്‍ സുരക്ഷാ വകുപ്പ് അറിയിച്ചു. ബോംബ് ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കള്‍ ഒളിപ്പിക്കാം എന്നതിനാലാണ് വലിയ ഉപകരണങ്ങള്‍ വിലക്കിയിരിക്കുന്നത്. അതേസമയം വിലക്കിനെതിരെ പ്രതിഷേധവുമായി തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയന്ത്രണം പിന്‍വലിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു.
സൗദി ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍, റിയാദിലെ കിങ് ഖാലിദ് ഇന്റര്‍നാഷണല്‍, യുഎഇയിലെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഖത്തറിലെ ഹമാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ അത്താത്തുര്‍ക്ക് എയര്‍പോര്‍ട്ട്, ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ജോര്‍ദാനിലെ അമ്മാനിലെ ക്വീന്‍ ആലിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മൊറോക്കോയിലെ മുഹമ്മദ് വി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ വിമാനത്താവളങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ബാധകമാകുക.
ഒമ്പത് വിമാനക്കമ്പനികളാണ് നിയന്ത്രണമേര്‍പ്പെടുത്തിയ എയര്‍പോര്‍ട്ടുകളില്‍ നിന്ന് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്നത്. എമിറേറ്റ്സ്, എത്തിഹാദ് എയര്‍വേയ്സ്, കുവൈറ്റ് എയര്‍വേയ്സ്, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേയ്സ്, ഈജിപ്ത് എയര്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, റോയല്‍ എയര്‍ മറോക്ക്, റോയല്‍ ജോര്‍ദാനിയന്‍ എന്നീ കമ്പനികളുടെ വിമാനക്കമ്പനികളുടെ ഫ്ളൈറ്റുകളെയാകും നിയന്ത്രണം ബാധിക്കുക