ന്യൂഡല്‍ഹി: കോടികളുടെ സ്വത്തുക്കള്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് നഷ്ട്‌പ്പെട്ട സംഭവത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന വിലയിരുത്തലില്‍ സുപ്രീം കോടതി. 776 കിലോ സ്വര്‍ണമുള്‍പ്പെടെയുള്ള കോടികളുടെ സ്വത്തുക്കളാണ് ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഈ തട്ടിപ്പുകള്‍ സിബിഐ ഡയറക്ടര്‍ അധ്യക്ഷനായുള്ള പ്രത്യേക സംഘത്തെക്കൊണ്ട് (എസ്‌ഐടി) അന്വേഷിപ്പിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ബി നിലവറ തുറക്കുന്നതിനെ ഒരു കൂട്ടര്‍ സുപ്രീംകോടതിയില്‍ എതിര്‍ക്കാന്‍ കാരണം കള്ളക്കളികള്‍ പുറത്തുവരുമെന്ന ഭയം മൂലമാണെന്ന വാദവും ഇതോടെ സജീവമാവുകയാണ്.
776 കിലോ തൂക്കംവരുന്ന 769 സ്വര്‍ണക്കുടങ്ങള്‍ ക്ഷേത്രത്തില്‍നിന്നു കാണാതായിട്ടുണ്ട്. ഇവയുടെ ഏകദേശ മൂല്യം 186 കോടി രൂപയാണെന്നും വിലയിരുത്തുന്നു. മൊത്തം 887 കിലോ സ്വര്‍ണം ഉരുക്കിയിട്ടുണ്ട്. അതില്‍നിന്നു ലഭിച്ചത് 624 കിലോ. നഷ്ടം 263 കിലോ. അതായത് വമ്പന്‍ കള്ളക്കളിയാണ് സ്വര്‍ണം ഉരുക്കലെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ സൂക്ഷിച്ചിട്ടില്ല. 200102 മുതല്‍ 200809 വരെയുള്ള ആദായ നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഒരുകാലത്തും ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കെടുത്തിട്ടില്ല. ഇക്കാര്യം ഇന്റേണല്‍ ഓഡിറ്ററും സമ്മതിക്കുന്നു. കാണിക്കയായി ലഭിച്ച സ്വര്‍ണ്ണത്തേയും വെള്ളിയേയും കുറിച്ച് ആര്‍ക്കും അറിയില്ല. ഇതെല്ലാം എങ്ങോട്ട് പോയെന്ന സംശയമാണ് ഉയരുന്നത്.
ക്ഷേത്രത്തിലെ ചെലവുകള്‍ സംബന്ധിച്ച കൃത്യമായ കണക്കുകളില്ല. സ്ഥാവര വസ്തുക്കളുടെ തോതുമറിയില്ലെന്നും ക്ഷേത്രത്തിന്റെ ശ്രീകാര്യം ഓഫിസില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണലോക്കറ്റുകളുടെ കണക്കുമില്ലെന്നും വിലയിരുത്തലുണ്ട്. ബി നിലവറ 1990 ജൂലൈ മുതല്‍ 2002 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ഏഴു തവണയെങ്കിലും തുറന്നിട്ടുണ്ട്. നിലവറ തുറക്കുന്നതിനു തന്ത്രിമാരുടെയും കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും അഭിപ്രായം ചോദിക്കാവുന്നതാണെന്നും വിശദീകരിക്കുന്നു. ക്ഷേത്രത്തിന്റേതായി രേഖകളിലുള്ളത് 5.72 ഏക്കര്‍ സ്ഥലമാണ്. കൈവശമുള്ളത് അതിലും വളരെ കുറവാണ്. പാഞ്ചജന്യം കല്യാണ മണ്ഡപത്തിനായി വകയിരുത്തിയത് 1.82 ഏക്കറാണ്. കൈവശമുള്ളത് 0.67 ഏക്കര്‍. ഇതെല്ലാം എവിടെ പോയെന്നാണ് ഉയരുന്ന ചോദ്യം. ക്ഷേത്ര അധികാരം കൈയാളിയിരുന്ന രാജകുടുംബത്തിന് ഇതില്‍ പങ്കില്ലേയെന്ന സംശയമാണ് സജീവമാകുന്നത്.
അതിനിടെ ബി നിലവറ തുറക്കുന്നതു തല്‍ക്കാലം പരിഗണനയിലില്ലെന്ന നിലപാടു സുപ്രീം കോടതി ആവര്‍ത്തിച്ചു. പത്മതീര്‍ത്ഥം, മിത്രാനന്ദകുളം എന്നിവയുടെയും ശ്രീകോവിലിന്റെയും അറ്റകുറ്റപ്പണികള്‍ക്കുള്ള വിദഗ്ധ സംഘത്തിന്റെ പട്ടിക തയാറാക്കാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അധ്യക്ഷനായ ബെഞ്ച് അഭിഭാഷകരോടു നിര്‍ദ്ദേശിച്ചു. ഈ വിഷയം വീണ്ടും ഈ മാസം എട്ടിനു പരിഗണിക്കും. കുളങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നീന്തല്‍കുളങ്ങള്‍ പോലെയല്ല, പരമ്പരാഗതരീതികള്‍ കണക്കിലെടുത്തുവേണം നവീകരിക്കാനെന്നു കോടതി പറഞ്ഞു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ക.എന്‍.സതീഷിനെ മാറ്റണമെന്നു രാജകുടുംബവും ക്ഷേത്ര ട്രസ്റ്റും ആവശ്യപ്പെട്ടെങ്കിലും കോടതി ഒന്നും പറഞ്ഞില്ല. ഇത് രാജകുടുംബത്തിന് കനത്ത തിരിച്ചടിയായി. സതീഷിനെതിരെ ഗുരുതര ആരോപണമാണ് രാജകുടുംബം ഉന്നയിച്ചിരുന്നത്.
ക്ഷേത്രത്തിനായി രാജകുടുംബം ചെയ്ത സേവനങ്ങളുടെ ചരിത്രം അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ വിശദീകരിച്ചു. എന്നാല്‍, കാലം മാറിയെന്നും ക്ഷേത്രത്തെ സ്വകാര്യ സ്വത്തായി കണക്കാക്കാനാവില്ലെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. കോടതി കരുതുന്നതുപോലെയല്ല, അധികാരത്തിനായുള്ള പോരാണു നടക്കുന്നതെന്നും കാര്യങ്ങള്‍ സങ്കീര്‍ണമാണെന്നും അദ്ദേഹം വിശദീകരിച്ചു. സ്വര്‍ണവും വെള്ളിയും ആഭരണങ്ങളുമുള്‍പ്പെടെ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതിനെക്കുറിച്ച് എസ്‌ഐടി അന്വേഷണം എന്നതിനൊപ്പം, ക്ഷേത്രത്തിന്റെ സ്ഥലം അന്യാധീനപ്പെട്ടതിനെക്കുറിച്ചു സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തില്‍ പരിശോധന വേണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ പിന്നീടു പരിശോധിക്കാമെന്നു കോടതി പറഞ്ഞു. ഇന്നലെ കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തിന്റെയും കോടതി നിയോഗിച്ച സ്‌പെഷല്‍ ഓഡിറ്ററായ വിനോദ് റായിയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളവയാണ്.