![](https://dailyindianherald.com/wp-content/uploads/2016/09/ma.jpg)
കോഴിക്കോട്: മൂന്നു ദിവസത്തെ ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കോഴിക്കോട് എത്തി. രാവിലെ 11.30യോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ അമിത്ഷായെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളെത്തി സ്വീകരിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടി അധ്യക്ഷനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് അഖിലേന്ത്യാ ഭാരവാഹി യോഗം നടക്കുന്ന കടവ് റിസോര്‍ട്ടിലേക്ക് ഷായെ ആനയിച്ചു.വെള്ളി, ശനി ദിവസങ്ങളിലായി ദേശീയ എക്സിക്യൂട്ടീവ് യോഗവും, ഞായറാഴ്ച ദേശീയ കൗണ്‍സില്‍ യോഗവുമാണ് ചേരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസടക്കം മൂന്ന് ദിവസം കോഴിക്കോടാകും പ്രവര്‍ത്തിക്കുക.സംഘടനാ ചരിത്രത്തിലെ നിര്‍ണ്ണായക സമ്മേളനത്തിനാകും വെള്ളിയാഴ്ച മുതല്‍ കോഴിക്കോട് തുടക്കമാകുക.
കടവ് റിസോര്‍ട്ടില്‍ വച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ജയ് വിളികളോടെ എതിരേറ്റു. ഏരിമല രഘുനാഥ മാരാരുടെ നേതൃത്വത്തില്‍ 15 കലാകാരന്മാര്‍ അവതരിപ്പിച്ച പഞ്ചാരിമേളത്തോടെയായിരുന്നു സ്വീകരണം. 150 മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി. റിസോര്‍ട്ടിന് മുന്നില്‍ ഒരുക്കിയ അത്തപ്പൂക്കളം സന്ദര്‍ശിച്ച അമിത്ഷാ, ഇത് ഒരുക്കിയവരെ അഭിനന്ദിച്ചു.
രാജ്യതലസ്ഥാനം തന്നെ കോഴിക്കോടേക്ക് മാറുകയാണ്. പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രമാരും, ബിജെപിയുടെ മുഖ്യമന്ത്രിമാരുമടക്കം രണ്ടായിരത്തോളം പ്രതിനിധികളാണ് മൂന്ന് ദിനങ്ങളിലായി നടക്കുന്ന ദേശീയ കൗണ്സിലില് പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് സ്വപ്നനഗരിയിലെ പ്രധാന വേദിക്കരികിലാണ്. ഓഫീസ് സ്റ്റാഫടക്കം കോഴിക്കോടേക്ക് എത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ ഓഫീസും തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കും. കേന്ദ്രമന്ത്രിസഭാ യോഗം ഇവിടെ ചേരാനുള്ള സാധ്യതയും ഉണ്ട്.
മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ സദാനന്ദന്‍, വൈസ് പ്രസിഡന്റ് ശോഭാ രാജന്‍, സെക്രട്ടറിമാരായ സി.പി സംഗീത, സിന്ദു രാജന്‍, ബിജെപി സംസ്ഥാന സമിതി അംഗം രമണി ഭായി, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളി, ജില്ലാ ജനറല്‍ സെക്രട്ടറി മല്ലികാ ലോഹിതാക്ഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്.
അമിത്‌ഷായ്ക്കൊപ്പം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍, ആയാം പ്രഭാരി അരവിന്ദ് മേനോന്‍ തുടങ്ങിയവരും എത്തിയിട്ടുണ്ട്. നാളെ മുതലാണു യോഗം തുടങ്ങുക. സ്വപ്നനഗരിയിലെ ദീനദയാല്‍ ഉപാധ്യായ നഗറിലാണു ദേശീയ കൗണ്‍സില്‍ ചേരുന്നത്. യോഗം ചേരുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് അമിത് ഷാ ഇന്നെത്തിയത്.പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപിയുടെ മുഖ്യമന്ത്രിമാരുമടക്കം രണ്ടായിരത്തോളം പ്രതിനിധികളാണു മൂന്നു ദിനങ്ങളിലായി നടക്കുന്ന ദേശീയ കൗണ്സിലില് പങ്കെടുക്കുന്നത്.വെള്ളി, ശനി ദിവസങ്ങളിലായി ദേശീയ എക്സിക്യൂട്ടീവ് യോഗവും, ഞായറാഴ്ച ദേശീയ കൗണ്‍സില്‍ യോഗവും ചേരും. ശനിയാഴ്ച കോഴിക്കോടെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് പ്രധാനമന്ത്രി പ്രസംഗിക്കും. ഈ ദിവസം നഗരത്തില്‍ കടുത്ത ഗതാഗതനിയന്ത്രണവും ഉണ്ടാകും.