അമിതാബച്ചനും ഐശ്വര്യ റായിയും കള്ളപ്പണപ്പട്ടികയിൽ: ചോർന്നത് ഇന്ത്യയിലെ പ്രമുഖരുടെ പേരുകളുള്ള പട്ടിക

ക്രൈം ഡെസ്‌ക്

ന്യൂഡൽഹി: അമിതാബ് ബച്ചന്റെയും മരുമകൾ ഐശ്വര്യറായി ബച്ചന്റെയും പേരുകൾ അടക്കമുള്ള വൻ തോക്കുകൾ ഉൾപ്പെട്ട കള്ളപ്പണപ്പട്ടിക പുറത്തായി.
വിദേശബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുള്ള 500 ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ കൂടിയാണ് പുറത്തു വന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊൻസെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസിൽ നിന്നാണ് നിർണായക രേഖകൾ ചോർന്നത്. ബോളിവുഡ് താരം അമിതാഭ് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് എന്നിവരടക്കം 500 ഇന്ത്യാക്കാരുടെ പേരു വിവരങ്ങളടങ്ങിയ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, കോർപ്പറേറ്റ് ഭീമനും ഡി.എൽ.എഫ് ഉടമ കെ.പി.സിംഗ്, അദ്ദേഹത്തിന്റെ ഒൻപത് കുടുംബാംഗങ്ങൾ, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടർമാർ തുടങ്ങിയവരുടെ പേരും പട്ടികയിലുണ്ട്.
കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകർക്ക് ആനുകൂല്യങ്ങൾ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊൻസെകയുടെ രീതി. ഫോൻസെക്കയുടെ കൈവശമുള്ള ഒരു കോടിയിലധികം വരുന്ന രഹസ്യ രേഖകളാണ് പുറത്തായത്. ഇന്ത്യയുൾപ്പെടെ വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള കള്ളപ്പണ നിക്ഷപകരുടെ വിശദാംശങ്ങളാണ് പുറത്തായ രേഖകളിലുള്ളത്.
വിദേശരാജ്യങ്ങളിൽ കടലാസ് കമ്പനികൾ സ്ഥാപിച്ചാണ് പ്രമുഖർ കള്ളപ്പണം നിക്ഷേപിച്ചത്. 500 ഇന്ത്യക്കാരാണ് വ്യാജ കമ്പനികളുടെ പേരിൽ വിദേശരാജ്യങ്ങളിൽ കള്ളപ്പണം നിക്ഷേപിച്ചതായി രേഖകളിലുള്ളത്. അമിതാഭ് ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിർജിന് ഐലൻഡിലും നിക്ഷേപമുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ലോകത്തെ പല കമ്പനി ഉടമകൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഇവിടെ നേരിട്ടോ ബിനാമി പേരിലോ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ജനീവയിലെ എച്ച്എസ്ബിസി ബാങ്കിൽ കള്ളപ്പണ നിക്ഷേപമുള്ള 1100 ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ പുറത്തു വന്നിരുന്നു. കള്ളപ്പണ നിക്ഷപകരായ ഇന്ത്യക്കാരെ കണ്ടെത്താനായി കേന്ദ്ര സർക്കാർ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല. കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇതുവരെ പാലിക്കാൻ കഴിയാത്തതിൽ കടുത്ത വിമർശനവും നിലനിൽക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top